X

ഗുജറാത്തില്‍ പള്ളി പൊളിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം; ഒരു മരണം

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ മുസ്‌ലിം പള്ളിയും ദര്‍ഗയും പൊളിക്കാനുള്ള മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രമം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ജനക്കൂട്ടം നടത്തിയ കല്ലേറില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വാഹനം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മജേവാദി ദര്‍വാസയില്‍ സ്ഥി തി ചെയ്യുന്ന പള്ളിയും ദര്‍ഗയും അനധികൃതമായി നിര്‍മിച്ചതാണെന്നും ഇത് പൊളിക്കാനാണ് ശ്രമിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മസ്ജിദും ദര്‍ഗയും പൊളിച്ചു മാറ്റാനുള്ള മുനിസിപ്പല്‍ അധികൃതരുടെ ശ്രമമാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിഷേധിച്ച ജനക്കൂട്ടത്തെ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജ്ജും നടത്തിയാണ് പിരിച്ചു വിട്ടത്. ഈമാസം 14ന് ജുനഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ദര്‍ഗയുടെ ഉടമകളായ മസ്ജിദ് കമ്മിറ്റിക്ക് ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 500-600 പേരടങ്ങുന്ന ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി റോഡ് ഉപരോധിച്ചിരുന്നതായി പൊലീസ് സൂപ്രണ്ട് രവി തേജ പറഞ്ഞു. രാത്രി 10.15ഓടെ ജനക്കൂട്ടം കല്ലേറ് ആരംഭിക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിലാണ് ഒരു സിവിലിയന്‍ കൊല്ലപ്പെട്ടത്. മരണ കാരണം എന്താണെന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

webdesk11: