കോഴിക്കോട്: ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ‘ക്യാപ്റ്റന്‍’ കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന് വിനീത് പറഞ്ഞു. ‘അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിറുത്തി നിങ്ങള്‍ എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാന്‍ അര്‍ഹിക്കുന്നതല്ല. നിങ്ങള്‍ ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങള്‍ അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിറുത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അര്‍ഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ആവട്ടെ ഈ സിനിമ’ ഫേസ്ബുക്ക് പോസ്റ്റില്‍ വിനീത് കുറിച്ചു. നവാഗതനായ ജി.പ്രജീഷ്‌സെന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
I sa-lu-te C-ap-ta-in!!!
വി.പി സത്യന്‍ എന്ന കാല്പന്തുകളിക്കാരന്‍ ഒരു ദേശത്തിന്റെ ആവേശത്തെയും പ്രതീക്ഷയേയും ഒന്നാകെ തന്റെ ബൂട്ടിലൂടെ ആവിഷ്‌കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 19 വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തില്‍ എത്തിയത് ആ മനുഷ്യന്റെ തോളിലേറിയാണ്. ഇന്ത്യ ലോകകായികഭൂപടത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട ചില ഉജ്ജ്വല നിമിഷങ്ങള്‍ പോലും അദ്ദേഹത്തിന്റെ നായകത്വത്തിലാണ് സാധ്യമായത്. 91ലെ വേള്‍ഡ് കപ്പ് ക്വാളിഫികേഷന്‍ ഗെയിംസ്, 92ലെ സന്തോഷ് ട്രോഫി, 95ലെ സാഫ് ഗെയിംസിലെ സുവര്‍ണ നേട്ടം, മശളള ുഹമ്യലൃ ീള വേല ്യലമൃ പുരസ്‌കാരലബ്ധി, നീണ്ട കാലയളവിലെ ക്യാപ്റ്റന്‍ പദവി.. അസൂയാവഹമായ, തിളക്കമാര്‍ന്ന കരിയറിനൊടുവില്‍, എണ്ണമറ്റ നേട്ടങ്ങള്‍ക്കൊടുവില്‍ സത്യേട്ടന്‍ എന്ന മനുഷ്യനെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്? മരണാനന്തരം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ ഔദാര്യപൂര്‍വം അക്കമിട്ടു രേഖപ്പെടുത്തിയത് നിങ്ങള്‍ക്ക് എവിടെയും വായിക്കാം. എന്നാല്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കളിജീവിതത്തിലെ പിഴവുകളോട് നാം അത്രകണ്ട് ക്ഷമയും ദയവും പുലര്‍ത്തിയിരുന്നോ? ഓരോ പിഴവും കാണിയില്‍ ഏല്‍പ്പിക്കുന്ന വൈകാരിക ക്ഷോഭത്തിലും എത്രയോ ഇരട്ടിയായാവും കളിക്കാരനെ അത് ബാധിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ഒരു കാല്പന്തു കളിക്കാരന്റെ 90 മിനിറ്റ് നേരത്തെ നിലയ്ക്കാത്ത ഓട്ടം അവന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി കൂടെയാണ് എന്ന ബോധ്യം ഒരു ജനതയെന്ന നിലയില്‍ നമ്മള്‍ ഇനിയും ആര്‍ജിച്ചിട്ടില്ല. അതുകൊണ്ടാണ് സ്‌പോര്‍ട്ട്‌സ് ക്വാട്ടകള്‍ ഔദാര്യമായി പരിഗണിക്കപ്പെടുന്നതും, കളിയെ സ്‌നേഹിക്കുന്നവര്‍ക്ക് കളിയോ ജീവിതമോ എന്ന നിര്‍ബന്ധിതമായ തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതും. സത്യേട്ടനെപ്പോലുള്ള പ്രതിഭ അത്തരത്തില്‍ തളച്ചിടപ്പെടാന്‍ തയാറാകാതെ കളി തിരഞ്ഞെടുത്തതിന്റെ പരിണതിയാണ് ആ ജീവിതം ഇല്ലാതാക്കിയത്. ബൂട്ടഴിച്ച നിമിഷം മുതല്‍ ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷയില്‍ നിന്നും അദ്ദേഹം വിസ്മൃതിയിലായത് എത്രയെളുപ്പമായിരുന്നു! ഒരുപക്ഷേ ഏത് കാല്പന്ത് കളിക്കാരനേയും കാത്തിരിക്കുന്ന അനിവാര്യമായ വിധി. ഈ ബോധ്യം കൊണ്ട് കൂടെയാവാം, സത്യേട്ടന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമ എനിക്ക് അത്യന്തം വൈകാരികമായ അനുഭവമായിരുന്നു.
90 മിനിറ്റുകള്‍ക്ക് ശേഷമുള്ള ഒരു കളിക്കാരന്റെ ജീവിതമാണ് ‘ക്യാപ്റ്റന്‍’. കളിക്കാരന്‍ തിളങ്ങി നില്‍ക്കുന്ന 90 മിനിറ്റുകള്‍ക്ക് മാത്രമാണ് കാണികള്‍. ആ ചുരുങ്ങിയ സമയത്തിന് മുന്‍പും ശേഷവുമുള്ള അവരുടെ ജീവിതത്തില്‍ ആളും ആരവവും ഉണ്ടാവില്ല. അവന്റെ ഓരോ പിഴവുകളും കര്‍ശനമായി ചോദ്യം ചെയ്യപ്പെടുമെങ്കിലും അവന്റെ വേദനകള്‍ക്ക് കാഴ്ചക്കാരോ കേള്‍വിക്കാരോ ഉണ്ടാകാറില്ല. കളിക്കളത്തിന് പുറത്ത് കളിക്കാരന്‍ കടന്നുപോകുന്ന നിസഹായതയും ഏകാന്തതയുമാണ് ക്യാപ്റ്റന്‍ എന്ന ചിത്രം. എന്നെ സംബന്ധിച്ചിടത്തോളം, ബൂട്ടഴിക്കുന്ന നിമിഷം മറവിയിലേക്ക് പിന്തള്ളപ്പെടുന്ന, പിന്തള്ളപ്പെട്ട അനേകമനേകം കളിക്കാരെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്. വി.പി സത്യന്‍ എന്ന പ്രതിഭ അര്‍ഹിച്ചിരുന്ന സ്മരണാഞ്ജലി ഈ സിനിമയിലൂടെ സാക്ഷാത്കരിക്കാന്‍ പ്രജീഷേട്ടനും ജോബിച്ചേട്ടനും ജയേട്ടനും അനു സിതാരയും ഈ ചിത്രത്തിന്റെ മുഴുവന്‍ പിന്നണി പ്രവര്‍ത്തകരുംചെയ്ത പ്രയത്‌നം അങ്ങേയറ്റം ബഹുമാനം അര്‍ഹിക്കുന്നു. അതോടൊപ്പം തന്നെ പറയട്ടെ, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിറുത്തി നിങ്ങള്‍ എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാന്‍ അര്‍ഹിക്കുന്നതല്ല. നിങ്ങള്‍ ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങള്‍ അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിറുത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അര്‍ഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ആവട്ടെ ഈ സിനിമ. !!