താമരശ്ശേരി: കോഴിക്കോട് -കൊല്ലഗല്‍ ദേശീയപാത 766ന്റെ ഭാഗമായ താമരശ്ശേരി ചുരം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തുന്ന അനിശ്ചിതകാല ജനകീയ സത്യഗ്രഹ സമരത്തിന് പ്രൗഡോജ്ജ്വല തുടക്കം. രാവിലെ പത്തരയോടെ അടിവാരത്ത് നിന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെയും യു.ഡി.എഫ് നേതാക്കളുളുടെയും നേതൃത്വത്തില്‍ മോയിന്‍കുട്ടിയെ സമരപ്പന്തലിലേക്ക് സ്വീകരിച്ചാനയിച്ചു. ചുരം റോഡ് ആരംഭിക്കുന്ന ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ സമരപ്പന്തലിലാണ് സത്യഗ്രഹ സമരം ആരംഭിച്ചത്. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഒരുജനതയുടെ ജീവിതത്തിനും സാമ്പത്തികവും കാര്‍ഷികവുമായ വളര്‍ച്ചക്കും ഇടപെടലിനും വിഘാതമാകുന്ന തരത്തില്‍ ചുരം റോഡ് തകര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിലമര്‍ന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. മാസങ്ങളായി തകര്‍ന്ന് തരിപ്പണമായ ചുരം റോഡ് ഇന്റര്‍ലോക്ക് ചെയ്താല്‍തന്നെ പ്രശ്‌നം തീര്‍ക്കാമെന്നിരിക്കെ കിട്ടാത്ത വനഭൂമിയുടെ കണക്ക് പറഞ്ഞ് നിലവിലെ കുഴികള്‍ പോലും അടക്കാതിരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍വര്‍ഷങ്ങളില്‍ ചുരത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പോയത് യു.ഡി.എഫ് സര്‍ക്കാരിന്റെ യഥാസമയമുള്ള ഇടപെടല്‍ കൊണ്ടാണ്. നിലവിലുള്ള റോഡ് നന്നാക്കുന്നതോടൊപ്പം ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.കെ.ഹുസൈന്‍കുട്ടി സ്വാഗതം പറഞ്ഞു.
ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ്, സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, എന്‍.സി അബൂബക്കര്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, സി.പി ചെറിയമുഹമ്മദ്, അഹമ്മദ് പുന്നക്കല്‍, സി.കെ.കാസിം, അന്നമ്മ മാത്യു, ബെന്നി ജോസ്, ഏലിയാമ്മ ജോര്‍ജ്ജ്, കെ.കെ നന്ദകുമാര്‍, ഹാരിസ് വയനാട്, ഫിലിപ്പ് പാമ്പാറ, ശാഫി ചാലിയം, സി.എ മുഹമ്മദ്, ബേബി സ്‌കറിയ, ബിജു താന്നിക്കാകുഴി, കെ.പി സുനീര്‍, പി.കെ സുകുമാരന്‍, എ.അരവിന്ദന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.