X
    Categories: CultureViews

‘യേശുവിന്റെ ജന്മനാട്ടി’ലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ഇസ്രാഈല്‍

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, യേശു പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനിലെ ബെത്ത്‌ലഹേമില്‍ ജനങ്ങള്‍ ഇസ്രാഈലിന്റെ അതിക്രമങ്ങളാല്‍ പൊറുതി മുട്ടുകയാണ്. ബെത്ത്‌ലഹേമിലെ വിഖ്യാതമായ നാറ്റിവിറ്റി ചര്‍ച്ച് അടക്കം ഫലസ്തീന്റെ വിവിധ ഭാഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിലും ജെറൂസലമിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ എവിടെയും പ്രകടമാണ്. ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ ഞായറാഴ്ച ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

വെസ്റ്റ്ബാങ്കിലെ ജറൂസലം നഗരത്തിന്റെ തെക്കുഭാഗത്താണ് യേശുക്രിസ്തു ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ബെത്ത്‌ലഹേം നഗരം സ്ഥിതി ചെയ്യുന്നത്. ക്രിസ്ത്യന്‍, മുസ്‌ലിം, ജൂത വിഭാഗങ്ങള്‍ ഒരേപോലെ വിശുദ്ധമായാണ് ജറൂസലമിനെയും ബെത്ത്‌ലഹേമിനെയും കാണുന്നത്. ഫലസ്തീന്റെ ഭാഗമെന്ന് ലോകം അംഗീകരിച്ച ജറൂസലത്തെ ഇസ്രയേല്‍ തലസ്ഥാനമാക്കി മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കെടുത്തുന്നത്.

ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള ട്രംപിന്റെ നീക്കത്തെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയടക്കുള്ള ലോകരാഷ്ട്രങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും ജറൂസലമില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറിയിട്ടില്ല. ലോകജനത എന്ന പോലെ ബെത്ത്‌ലഹേമിലെയും ജറൂസലമിലെയും ക്രിസ്ത്യന്‍ ജനതയും ജറൂസലം ഫലസ്തീന്റെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ബെത്ത്‌ലഹേമിലെ മേയറും ക്രിസ്തുമത വിശ്വാസിയുമായ ആന്റോണ്‍ സല്‍മാന്‍ പറയുന്നത്, ഇസ്രയേലില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുമ്പെന്നത്തേക്കാളും വലിയ രീതിയിലാണ് നഗരം ക്രിസ്മസ് ആഘോഷിക്കുന്നത് എന്നാണ്. തലസ്ഥാനമായ ജറൂസലമും ജനങ്ങളുടെ ജീവിതവും തിരിച്ചു ലഭിക്കണമെന്നും ലോകജനത ബെത്ത്‌ലഹേം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

ജറൂസലമിലെ ക്രിസ്മസ് മാര്‍ച്ചിനു നേരെ ഞായറാഴ്ച ഇസ്രയേല്‍ സൈന്യം റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ക്രിസ്മസ് അപ്പൂപ്പന്‍ വേഷമണിഞ്ഞ് ഫലസ്തീന്‍ പതാകയേന്തിയുള്ള മാര്‍ച്ചില്‍ ജറൂസലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഏന്തിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: