കൊല്ലം ചിതറയിൽ സി.പി എം ബ്രാഞ്ച് കമ്മിറ്റിയംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിൽ. കൊലക്ക് പിന്നീൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട ബഷീറിന്‍റെ കുടുംബം രംഗത്ത് എത്തിയതിന് പിന്നാലെ വ്യക്തിവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസും വ്യക്തമാക്കി. കൊലപാതകം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവക്കാൻ ശ്രമിച്ച സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
കൊല്ലം ചിതറയിൽ സി.പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായ ബഷീർ കൊല്ലപ്പെട്ടതിന് പിന്നാലെ കോൺഗ്രസിനെതിരെ ആരോപണവുമായി സി. പി എം പ്രാദേശിക നേതാക്കൾ രംഗത്ത് എത്തിയിരുന്നു. കൊലയാളിയായ ഷാജഹാൻ കോൺഗ്രസ് കാരനാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു സി.പി എം നേതാക്കളുടെ ആരോപണം. ഇത് ഏറ്റ് പിടിച്ച് സി. പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തി.
എന്നാൽ സി. പി എമ്മിന്‍റെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ബഷീറിന്റെ ബന്ധുക്കൾ തന്നെ രംഗത്ത് എത്തുകയായിരുന്നു. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്നും മരച്ചീനി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരിയുടെ മകളും ബന്ധുവും വെളിപ്പെടുത്തി.
ഷാജഹാൻ കോൺഗ്രസുകാരനല്ലെന്നും സിപിഎം അനുഭാവിയാണെന്ന വെളിപ്പെടുത്തലുമായി ഷാജഹാന്റെ സഹോദരൻ സുലൈമാനും രംഗത്തുവന്നതോടെ സിപി എം ശരിക്കും വെട്ടിലായി. വ്യക്തിവിരോധത്തിന്റെ പേരിലാണു ബഷീറിനെ കുത്തിക്കൊലപ്പെടുത്തിയതെന്നു തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഷാജഹാനും പൊലീസിനോടു സമ്മതിച്ചു.
ഷാജഹാനെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകം എന്നാണ് പറഞ്ഞിരിക്കുന്നത്. ആരോപണങ്ങൾ ഒന്നൊന്നായി പോളിയുമ്പോൾ പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥായിലാണ് സി.പി.എം. പ്രതിരോധം ശക്തമായതോടെ ഇപ്പോൾ ഈ വിഷയത്തിൽ സി.പി എം നേതാക്കളാരും പ്രതികരിക്കുന്നുമില്ല.
കഴിഞ്ഞ ഞായറാഴ്ചയാണു വീടിനു മുന്നിൽവച്ചു ബഷീർ കുത്തേറ്റു മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിന്റെ വൈരാഗ്യത്തിനു ഷാജഹാൻ ബഷീറിനെ കുത്തിക്കൊന്നുവെന്നാണ് ആദ്യം മുതൽ പൊലീസ് നിലപാട്. രാഷ്ട്രീയ കൊലപാതകം എന്ന തരത്തിൽ പൊലീസ് അന്വേഷണം ഇതുവരെ ഉണ്ടായിട്ടുമില്ല. പെരിയ ഇരട്ട കൊലപാതകത്തിന്റെ പേരിൽ സി.പി എം ശക്തമായ വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിനെതിരെ ആരോപണവുമായി സി.പി.എം നേതാക്കൾ രംഗത്ത് എത്തിയത്. എന്നാൽ എല്ലാ ആരോപണങ്ങളും ഇപ്പോൾ സി. പി എമ്മിനെ തിരിഞ്ഞ് കുത്തുകയാണ്.