X

നരേന്ദ്ര മോദിയെ അഭിനന്ദിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. 5 വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ടാം തവണയും അധികാരമേറ്റതിന് അഭിനന്ദിച്ച ആദ്യ ലോക നേതാക്കളില്‍ ഒരാളായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. എന്നാല്‍ ഇപ്രാവശ്യം അദ്ദേഹം മോദിക്ക് അഭിനന്ദന സന്ദേശമൊന്നും അയച്ചിട്ടില്ല. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് മോദിക്ക് അഭിനന്ദന സന്ദേശം അയച്ചിട്ടുണ്ട്. ചൈനീസ് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ചൈന-ഇന്ത്യ ബന്ധത്തിന്റെ സുസ്ഥിരമായ വികസനം രണ്ട് രാജ്യങ്ങളുടെയും ക്ഷേമത്തിന് മാത്രമല്ല, ലോകത്തിനും പോസിറ്റീവ് എനര്‍ജി പകരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ചൈനീസ് അംബാസഡറുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ മോദിയെ അഭിസംബോധന ചെയ്ത ഷി ജിന്‍പിങിന്റെ അഭിനന്ദന കത്ത് പോസ്റ്റ് ചെയ്തിരുന്നു .

‘ചൈന-ഇന്ത്യ ബന്ധത്തിന് ഞാന്‍ വലിയ പ്രാധാന്യം നല്‍കുന്നു, ഉഭയകക്ഷി ബന്ധങ്ങളുടെ വികസന ദിശകള്‍ നയിക്കുന്നതിനും പരസ്പര രാഷ്ട്രീയ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും പ്രായോഗിക സഹകരണം വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു അന്നത്തെ ഷിയുടെ പോസ്റ്റ്.

എന്നാല്‍ ഇത്തവണ, ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും ചൈനീസ് പ്രസിഡന്റ് ഇതുവരെ അഭിനന്ദന സന്ദേശങ്ങളൊന്നും അയച്ചിട്ടില്ല. അതേസമയം, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് മോദിക്ക് അഭിനന്ദന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ആരോഗ്യകരവും സുസ്ഥിരവുമായ ചൈന-ഇന്ത്യ ബന്ധത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു,’ എന്നായിരുന്നു ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) ജൂണ്‍ 9 ന് അധികാരമേറ്റു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 543 അംഗ പാര്‍ലെമെന്റില്‍ 240 സീറ്റാണ് നേടിയത്. ഭൂരിപക്ഷം കടക്കാനുള്ള സീറ്റില്ലാത്തതിനാല്‍ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റേയും പിന്‍ബലത്തോടെയാണ് മോദി സര്‍ക്കാറുണ്ടാക്കുന്നത്.

മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ എന്നിവരും എന്‍.ഡി.എ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിയുടെ പുതിയ ടീമില്‍ മറ്റ് 30 ക്യാബിനറ്റ് മന്ത്രിമാരും 36 സഹമന്ത്രിമാരും 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും ഉള്‍പ്പെടുന്നുണ്ട്.

webdesk13: