ബീജിങ്: ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ചൈനീസ് മാധ്യമം മോദിക്ക് നന്ദി പറഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2017 ലെ ആദ്യ പാദത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ഇതോടെ ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന ബഹുമതി ഇന്ത്യയില്‍ നിന്നും ചൈന തിരിച്ചു പിടിക്കുകയും ചെയ്തു.
ഇതേക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുമ്പോഴാണ് മോദിയെ ചൈനീസ് പത്രം പരിഹസിച്ചത്. നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പോലെയുള്ള നയങ്ങളും തീരുമാനങ്ങളും കാരണമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞതെന്ന് പത്രം കുറ്റപ്പെടുത്തുന്നു.
മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ സെല്‍ഫ് ഗോളായാണ് പത്രം കുറ്റപ്പെടുത്തുന്നത്. ആനയും വ്യാളിയും (ഇന്ത്യയും ചൈനയും)തമ്മിലുള്ള പോരാട്ടത്തില്‍ ആനയ്ക്ക് കാലിടറിയെന്നാണ് തോന്നുന്നത്, ഗ്ലോബല്‍ ടൈംസിന്റെ ലേഖകന്‍ സിയാവോ സിന്‍ നിരീക്ഷിക്കുന്നു. ഇത്ര വൈവിധ്യവും വലിപ്പവുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് ശ്രദ്ധയോടെയാവണമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
നോട്ട് അസാധുവാക്കലിന് മുന്‍പുള്ള ജൂലൈ-സെപ്തംബര്‍ പാദത്തില്‍ 7.5 ശതമാനം വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. കണക്ക് പ്രകാരം ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യ അന്ന് സ്വന്തമാക്കി. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷമുള്ള മൂന്ന് മാസത്തില്‍ (ഒക്ടോബര്‍, ഡിസംബര്‍) അത് ഇന്ത്യയുടെ വളര്‍ച്ച 7 ശതമാനമായി കുറഞ്ഞു.
ചൈനയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുറവ് കാരണം ഈ ഘട്ടത്തിലും ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികവ്യവസ്ഥ എന്ന ബഹുമതി ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ 2017യിലെ ആദ്യ പാദം പിന്നിടുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നെയും ഇടിഞ്ഞ് 6.1ല്‍ എത്തിയിരിക്കുകയാണ്. രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്ന 85 ശതമാനത്തോളം ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയത് സാമ്പത്തിക വളര്‍ച്ചയെ പിന്നാക്കം വലിച്ചതായി ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്
നോട്ട് അസാധുവാക്കല്‍ മാത്രമല്ല, സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയാന്‍ ആഗോള കാരണങ്ങളാണെന്നാണ്. അതേ സമയം ചൈന ലക്ഷ്യം വെച്ചിരുന്ന 6.5 ശതമാനം വളര്‍ച്ച പിന്നിട്ട് 2017ലെ ആദ്യ പാദ വളര്‍ച്ച 6.9 ശതമാനമായാണ് രേഖപ്പെടുത്തിയത്.