അഡ്വ. ചാര്‍ളി പോള്‍
‘ഏത്കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്’ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വെറുതെ വിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങ ളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോമി അലി എന്ന ചലച്ചിത്ര നടി ഫെസ്ബുക്കില്‍ കുറിച്ച വരികളാണിത്. 15 വയസ്സുള്ളപ്പോള്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും പിന്നീട് സിനിമയുടെ ചിത്രീകരണത്തി നിടെ ഉപയോഗിച്ചിട്ടുണ്ടെന്നും അതില്‍ ഒരു കുറ്റബോധവുമില്ലെന്നും അവര്‍ എഴുതിയിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് മയക്കുമരുന്ന് ഉപയോഗത്തെ ചിലര്‍ കാണുന്നത്. എന്നാല്‍ കൗതുകത്തിനായി ലഹരി ഉപയോഗിച്ചുതുടങ്ങുകയും പിന്നീട് അതിനടിമയാകുകയും ചെയ്യുന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഈ തെറ്റിന്റെയും കുറ്റത്തിന്റെയും ഗൗരവവും ശിക്ഷയുടെ കാഠിന്യവും അറിയില്ലെന്നതാണ് വാസ്തവം.
ഒരു തവണത്തെ ഉപയോഗം കൊണ്ട് പോലും ലഹരിക്കടിമയാകാം. ലഹരിയുടെ വലയില്‍വീണുപോയാല്‍ രക്ഷപ്പെടുക ഏറെ പ്രയാസകരമാണെന്നോര്‍ക്കുക. മദ്യ-മയക്കുമരുന്ന് ഉപയോഗം വ്യക്തിയിലും ആ വ്യക്തിയെ ആശ്രയിച്ചുജീവിക്കുന്നവരിലുംശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ലഹരിയുടെ ഉപയോഗത്തെ പലരും സാമൂഹിക-ധാര്‍മിക പ്രശ്‌നമായാണ് കാണുക. എന്നാല്‍അത് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന, ചിന്തയിലും കാഴ്ചപ്പാടിലും സ്വഭാവത്തിലുംമാറ്റം വരുത്തുന്ന രോഗമാണ്. ഒരു വ്യക്തിയുടെലഹരി ഉപയോഗം അവന്റെയോ അവന്റെ കുടുംബത്തെയോ അവന്‍ ജീവിക്കുന്ന സമൂഹത്തെയോ ബാധിക്കുന്നുവെങ്കില്‍ ആ വ്യക്തി ആസക്തി ഉള്ളയാളാണ്. മദ്യ-മയക്കുമരുന്ന് ഉപയോഗം ഒരു ആസക്തി രോഗമാണ്. അതിന് ചികിത്സ ആവശ്യമാണ്. സുഹൃത്തുക്കളുടെ പ്രലോഭനം, കൗതുകം, അനുകരണവാസന, അവഗണന, അംഗീകാരത്തിനുള്ള മോഹം, മാധ്യമങ്ങളുടെ സ്വാധീനം, അറിവില്ലായ്മ, ജനിതക ഘടന, ജീവിത സാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി കാരണങ്ങള്‍ ലഹരിയിലേക്ക് നയിക്കാം. ബുദ്ധിപരമായി പിന്നില്‍ നില്‍ക്കുന്നവര്‍, കുടുംബത്തില്‍ മാനസിക രോഗമുള്ളവര്‍, പഠന വൈകല്യമുള്ളവര്‍, വ്യക്തിത്വ വൈകല്യമുള്ളവര്‍, കുട്ടിക്കാല-കൗമാര പ്രശ്‌നമുള്ളവര്‍, തകര്‍ന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍, താളപ്പിഴയുള്ള മാതാപിതാക്കളുള്ളവര്‍, അപകര്‍ഷബോധമുള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ ലഹരിക്ക് അടിമപ്പെടാന്‍ സാധ്യതയുള്ളവരാണ്.
എന്റെ മക്കള്‍ ലഹരിയുടെ വഴി തേടില്ല എന്ന് ്‌വിചാരിക്കുന്നവരാണധികവും. ആ വിശ്വാസത്തോടൊപ്പം ചില മുന്‍കരുതലുകള്‍ നല്ലതാണ്. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയെന്നറിയുക. അവധി ദിവസങ്ങളില്‍ സമയം ചെലവഴിക്കുന്നത് എവിടെയെന്നറിയുക. സ്വഭാവത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുക. പഠനത്തില്‍ പിന്നാക്കം പോകുക, അകാരണമായ ദേഷ്യം, ആക്രമണോത്സുകത, വിഷാദം, എതിര്‍പ്പ്, വര്‍ധിച്ച പണം ഉപയോഗം, ദീര്‍ഘനേരം കതക് അടച്ചിരിക്കല്‍, നുണ പറച്ചില്‍, വൈകി വീട്ടില്‍ വരിക, വിശപ്പില്ലായ്മ, ഛര്‍ദി, അവ്യക്തമായി സംസാരിക്കുക, വസ്ത്രധാരണത്തിലും ശരീര ശുദ്ധിയിലും ശ്രദ്ധിക്കാതെയിരിക്കല്‍, കുത്തിക്കുത്തിയുള്ള രൂക്ഷഗന്ധം, ഒറ്റപ്പെട്ട പ്രകൃതം, ഏകാഗ്രത, ചുമ, കണ്ണുകളുടെ നിറവ്യത്യാസം, ക്ഷീണം, അസ്വസ്ഥതകള്‍, പരസ്യപ്പെടുത്താത്ത കൂട്ടുകാര്‍, ഓര്‍മക്കുറവ്, കയ്യില്‍ കറ, സിറിഞ്ച് ഉപയോഗിച്ച പാട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം. ലഹരി ഉപയോഗിക്കുന്നുവെന്ന് മനസ്സിലായാല്‍ വളരെ ശാന്തതയോടെ പ്രശ്‌നത്തെ സമീപിക്കണം. കുട്ടിയെ ചികിത്സക്ക് വിധേയനാക്കണം. ചിലര്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവരും. തലച്ചോറിനെ ബാധിക്കുന്ന രോഗമായതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സമയമെടുക്കും. പെട്ടെന്ന് റിസള്‍ട്ടുണ്ടാകില്ല.
സന്തോഷം തേടിയാണ് മക്കള്‍ ലഹരി വഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്‌കര്‍ വൈല്‍ഡ് എന്ന ഐറിഷ്‌കവി പറയുന്നു ‘കുട്ടികളെ നല്ലവരാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവരെ സന്തുഷ്ടരാക്കുകയാണ്.’ ആത്മവിശ്വാസത്തിന്റെ, ആത്മധൈര്യത്തിന്റെ, സന്തോഷത്തിന്റെ, സ്വയം മതിപ്പിന്റെയും വഴികളിലൂടെയാണ് മക്കളെ രൂപപ്പെടുത്തേണ്ടത്. പരിഹസിച്ചും അവഗണിച്ചും ഒറ്റപ്പെടുത്തിയും കളിപ്പേരുകള്‍ വിളിച്ചും വേദനിപ്പിച്ചും മക്കളെ നല്ലവരാക്കാനാകില്ല. വേദനിപ്പിച്ചുകൊണ്ട് ഒരാളുടെ പോലും സ്വഭാവത്തില്‍ മാറ്റംവരുത്താനാകില്ല. കുടുംബത്തെ ചെറിയൊരുസ്വര്‍ഗമാക്കുക. സ്വയം മാതൃകകളാകുക. ലക്ഷ്യബോധവും ജീവിത വീക്ഷണവും അവര്‍ക്ക് പകര്‍ന്നുനല്‍കുക. ജീവിതത്തെ അവര്‍ലഹരിയായി കണട്ടെ. പ്രശസ്ത മന:ശാസ്ത്രജ്ഞനായയൂങ് പറയുന്നു: ‘സൗഹൃദാന്തരീക്ഷവുംഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചക്ക് അനുപേക്ഷണീയമായിവേണ്ടത്’. അത് മറക്കാതിരിക്കുക.