Connect with us

kerala

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്

Published

on

തിരുവനന്തപുരം : അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസിനുള്ളിലും,15 വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.

നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

0-5 വയസിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ :

സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523.

കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442.

kerala

സംഘപരിവാര്‍ കൊലപ്പെടുത്തിയ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍

Published

on

മംഗലാപുരത്തെ സംഘ പരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന വയനാട് പുൽപള്ളിയിലെ അഷ്റഫിന്റെ വസതി മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. അഷ്റഫിന്റെ പിതാവ് കുഞ്ഞീതു, മാതാവ് റൂഖിയ്യ, സഹോദരൻ ഹമീദ് എന്നിവരുമായി സംസാരിച്ച നേതാക്കൾ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുംവരെയുള്ള നിയമപോരാട്ടത്തിന് കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി. മാനസിക അസ്വസ്തത നേരിടുന്ന അഷ്റഫിനെ വർഗീയത തലക്ക് പിടിച്ചവർ സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി കള്ളം പ്രചരിപ്പിക്കുകയും ചെയ്തതാണ്. സാക്ഷി മൊഴികളും പോലീസ് റിപ്പോർട്ടും സംഘി ഭീകരരുടേത് കള്ളപ്രചാരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. സത്യ സന്ധമായ അന്വേഷണത്തിലൂടെ ഇരുപതോളം പ്രതികളെ അറസ്റ്റ് ചെയ്ത കർണാടക സർക്കാർ അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതും പ്രശംസനീയമാണെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, യൂത്ത് ലീഗ് ദേശീയ നേതാക്കളായ അഡ്വ ഫൈസൽ ബാബു, ടിപി അഷ്റഫലി, സികെ ശാക്കിർ, മുഫീദ തസ്നി, സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, വയനാട് ജില്ല പ്രസിഡന്റ് എംപി നവാസ്, സെക്രട്ടറി സി.എച്ച് ഫസൽ എന്നിവരാണ് യൂത്ത് ലീഗ് നേതൃസംഘതിലുണ്ടായിരുന്നത്. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി അയൂബ്, മണ്ഡലം ലീഗ് പ്രസിഡന്റ് എം എ അസൈനാർ, പുൽപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ദിലീപ് കുമാർ, ഷബീർ അഹമ്മദ്, സമദ് കണ്ണിയൻ, സി.കെ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂബക്കർ മക്തൂമി, ബീരാൻ പുൽപള്ളി, റിയാസ് കല്ലുവയൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുമ ബിനീഷ്, സജിൻലാൽ തുടങ്ങിയവരും യൂത്ത് ലീഗ് ദേശീയ നേതാക്കൾക്കൊപ്പം അഷ്റഫിന്റെ വസതിയിലെത്തിയിരുന്നു.

Continue Reading

kerala

കൈക്കൂലി കേസ്; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു

Published

on

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്‌പെൻഡ് ചെയ്തു. കൊച്ചി മേയറാണ് സ്വപ്നയെ സസ്‌പെൻഡ് ചെയ്‌ത്‌ കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. നിലവിൽ സ്വപ്ന 14 ദിവസത്തേക്ക് റിമാൻഡിലാണ്. ഇന്നലെ തൃശൂരിലുള്ള വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലിന് മുന്നിൽ ഇവരെ ഹാജരാക്കിയിരുന്നു.

ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് വിജിലൻസ് അന്വേഷിക്കും. വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തിരുന്നു. മുൻപ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന നാടകീയമായി വിജിലൻസിന്റെ പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

Continue Reading

kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നൂറോളം ഗസ്റ്റ് ലക്ചറര്‍ ഒഴിവുകള്‍

അവസാന തീയതി മെയ് 12

Published

on

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ നൂറോളം ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 11 മാസത്തേക്കായിരിക്കും. 2018ലെ യു ജി സി റഗുലേഷന്‍ പ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

ബി. എഡ്. യോഗ്യത അഭിലഷണീയമാണ്. കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകള്‍. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായിക പഠനം, സംസ്‌കൃതം ജനറല്‍, സംസ്‌കൃതം ന്യായം, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, തീയറ്റര്‍, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ആയുര്‍വേദം, മ്യൂസിയോളജി എന്നീ പഠനവകുപ്പുകളിലാണ് ഒഴിവുകള്‍.

യു.ജി.സി യോഗ്യതയുളള ഗസ്റ്റ് അധ്യാപകര്‍ക്ക് 35000 രൂപ പ്രതിമാസ വേതനം ലഭിക്കും. യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെയും നിയമനത്തിന് പരിഗണിക്കും. അവര്‍ക്ക് പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചര്‍മാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരായിട്ടായിരിക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി മെയ് 12 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 15. എസ്.സി./ എസ്.ടി. വിഭാഗങ്ങള്‍ക്ക് അപേക്ഷ ഫീസ് 500 രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ssus.ac.in സന്ദര്‍ശിക്കുക.

Continue Reading

Trending