സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കുറ്റകരമായ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതേക്കുറിച്ച് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും അന്വേഷണത്തിന് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നുമാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. എഴുതിത്തന്നാല്‍ അന്വേഷിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തു. കുറ്റകരമായ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അതുകൊണ്ട് തന്നെ ഒന്നാം പ്രതിയുടെ കയ്യിലേക്ക് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. സി.ബി.ഐ അന്വേഷണം നടന്നില്ലെങ്കില്‍ നിയമപരമായ നടപടികളുമായി പോകാനാണ് തീരുമാനം അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയ ഒരു കേസ് നിലവില്‍ കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുണ്ട്. സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ആ കേസിനെ ശക്തിപ്പെടുത്തണമോ അതോ മറ്റേതെങ്കിലും കോടതിയെ സമീപിക്കണമോയെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. അന്വേഷണം വേണമെന്ന് തന്നെയാണ് കെ.പി.സി.സിയും യു.ഡി.എഫും തീരുമാനിച്ചിരിക്കുന്നത്. പക്ഷെ മുഖ്യമന്ത്രിയുടെ അന്വേഷണം വേണ്ട. സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ജൂണ്‍ 19-ന് സര്‍ക്കാര്‍ പ്ലീഡര്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. എന്നിട്ടും കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്.
സി.ബി.ഐ കണ്ടെത്തിയ ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കേണ്ടത് സി.ബി.ഐ തന്നെയാണ്. അവര്‍ അന്വേഷിക്കാന്‍ തയാറായില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടും. ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന കണ്ടെത്തില്‍ സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. അതേക്കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ട. മുഖ്യമന്ത്രി ഗൂഡാലോചനയില്‍ ഒന്നാം പ്രതിയായിരിക്കെ പൊലീസ് എങ്ങനെ അന്വേഷിക്കും? അധികാരമേറ്റ് മൂന്നാം ദിവസം പരാതിക്കാരിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും ദല്ലാള്‍ നന്ദകുമാറായിരുന്നു ഇടനിലക്കാരനെന്നുമാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. പിന്നീട് പരാതി എഴുതി വാങ്ങി അന്വേഷണം നടത്തി. നിയമോപദേശം വന്നതോടെ അത് നിര്‍ത്തിവച്ചു. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അതിനൊപ്പം കൂട്ടിച്ചേര്‍ത്ത പരാതിക്കാരിയുടെ കത്തിന് മേല്‍ അന്വേഷണം നടത്തി. ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചതോടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമല്ലാതായി. എന്നിട്ടും അന്വേഷണം തുടര്‍ന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പരാതിക്കാരിയെ വിളിച്ച് വരുത്തി സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. ഇതിനിടിയില്‍ കത്തില്‍ നടത്തിയ മാനിപുലേഷനെ കുറിച്ചാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. പണം നല്‍കിയാണ് ഓരോരുത്തരുടെയും പേരുകള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏതെങ്കിലും ഒരു യു.ഡി.എഫ് നേതാക്കളെ കുറിച്ച് സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഒരു പരാമര്‍ശം പോലുമില്ല. അതുകൊണ്ടു തന്നെ അത്തരം ഒരു റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുന്നതിനെ ഭയക്കേണ്ട കാര്യവുമില്ല. കോടതി അംഗീകരിച്ച സി.ബി.ഐയുടെ റിപ്പോര്‍ട്ടിലാണ് ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് പറയുന്നത്. ഇതേ സര്‍ക്കാര്‍ തന്നെയാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. അതേ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന് പറയുന്നതും.
ദല്ലാള്‍ നന്ദകുമാറിനെ മുഖ്യമന്ത്രി കണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടിലാണ് പറയുന്നത്. ഇത് തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.ബി.ഐ റിപ്പോര്‍ട്ടിന് എതിരായാണ് നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത്.
യു.ഡി.എഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാര്‍ക്ക് പങ്കുണ്ടന്ന് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത് എങ്ങനെ മുഖവിലയ്ക്കെടുക്കും? ദല്ലാള്‍ നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ നന്ദകുമാര്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. ദല്ലാള്‍ ഇപ്പോഴും ഇവരുടെ ആളാണ്. സി.ബി.ഐക്ക് കൊടുക്കാത്ത മൊഴി പത്രസമ്മേളനത്തില്‍ പറഞ്ഞാല്‍ ആര് മുഖവിലയ്ക്കെടുക്കും? മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. അതില്‍ അച്യുതാനന്ദനൊന്നുമില്ല. ഇന്നലെ പിണറായി വിജയനെ രക്ഷിക്കാനാണ് അച്യുതാനന്ദന്റെ പേര് കയറ്റിയത്. അച്യുതാനന്ദന്റെയോ കോണ്‍ഗ്രസ് നേതാക്കളുടെയോ പേരൊന്നും സി.ബി.ഐ റിപ്പോര്‍ട്ടിലില്ല. വെറുതെ പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം പറഞ്ഞു.
സോളര്‍ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണവും ലൈംഗിക ആരോപണങ്ങളെ കുറിച്ചുള്ള ആരോപണങ്ങളും ഒന്നാക്കാനാണ് സര്‍ക്കാര്‍ നിയമസഭയിലും ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് മല്ലേലില്‍ ശ്രീധരന്‍ നായര്‍ കെ.പി.സി.സി.സി അംഗമല്ലേയെന്ന് ചോദിച്ചത്. മല്ലേലില്‍ ശ്രീധരന്‍ നായരെ കമ്പനി പറ്റിച്ചെന്ന് കാട്ടിയാണ് കേസ് നല്‍കിയത്. 33 കേസുകളിലാണ് പ്രതികളെ ശിക്ഷിച്ചത്. 2016-ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇടനിലക്കാരെ ഉപയോഗിച്ച് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നതാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇ.പി ജയരാജന്‍ പത്ത് കോടി വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. എം.വി ഗോവിന്ദന്റെ പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന പരിപാടിക്കാണ് പോയത്. ജയരാജന് ദല്ലാള്‍ നന്ദകുമാറുമായി എന്താണ് ബന്ധം? കേരളഹൗസില്‍ ഞാന്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ മുറിയിലേക്ക് വന്ന ദല്ലാള്‍ നന്ദകുമാറിനെ ഗെറ്റൗട്ട് അടിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയുള്ള ആളിന്റെ വീട്ടിലേക്ക് ഇ.പി ജയരാജന്‍ പോയത് എന്തിനാണ്? ആ നന്ദകുമാറിനൊപ്പമാണ് മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായ ഇ.പി ജയരാജന്‍ പോയത്.
കേരള പൊലീസ് അന്വേഷിക്കേണ്ട. സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പിന്നീട് എഴുതിക്കൊടുക്കേണ്ട ആവശ്യമില്ല.
ഗൂഡാലോചനക്കാര്‍ നല്‍കിയ കുറിപ്പനുസരിച്ചാണ് ഓരോരുത്തരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തത്. യഥാര്‍ത്ഥ കത്തില്‍ ഇതൊന്നുമില്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉണ്ടായിരുന്ന ഒരാളുടെ പേര് മാറ്റാന്‍ വേണ്ടിയായിരിക്കും അദ്ദേഹത്തിന്റെ പി.എ ജയിലില്‍ പോയി കത്ത് വാങ്ങിയത്. ഉമ്മന്‍ ചാണ്ടിയോട് വിരോധം ഉണ്ടായിരുന്നവരും ഇടതു മുന്നണിയിലേക്ക് പ്രവേശനം വേണ്ടവരും സ്വീകരിക്കാന്‍ നിന്നവരുമൊക്കെ ചേര്‍ന്ന് നന്ദകുമാറിനെ രംഗത്തിറക്കി 50 ലക്ഷം രൂപ നല്‍കി കത്ത് വാങ്ങി. പിന്നീട് ഓരോരുത്തരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തു. എന്നിട്ട് അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിരോധത്തിലാണ്. 75 വയസുള്ള കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയെ ലൈംഗിക അപവാദ കേസില്‍ കുടുക്കാന്‍ ഇടനിലക്കാരെ വച്ച് ഗൂഡാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇ.പി ജയരാജന്‍, സജി ചെറിയാന്‍ ഉള്‍പ്പെടെ എത്ര നേതാക്കളുടെ പേര് വന്നു. പക്ഷെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ സി.പി.എം നേതാക്കളെന്നു മാത്രമെയുള്ളൂ. ഇനിയും എത്ര പേരുകള്‍ പുറത്ത് വരാനുണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.