ചെന്നൈ: സ്പിന്നര്‍മാര്‍ കളംവാണ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടി ഫീല്‍ഡീങ് തെരഞ്ഞെടുത്ത ചെന്നൈ ഹര്‍ഭജന്‍ സിങ്ങിന്റെയും (3/20) ഇംറാന്‍ താഹിറിന്റെയും (3/9) രവീന്ദ്ര ജഡേജയുടെയും ബൗളിങ് മികവില്‍ എതിരാളികളെ 70 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം കണ്ട് ചെന്നൈ സീസണില്‍ വിജയത്തുടക്കം നേടുകയും ചെയ്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ബംഗളുരു ഹര്‍ഭജന്‍ സിങ്ങിന്റെ ഓഫ് സ്പിന്നിനു മുന്നില്‍ മൂക്കുകുത്തി വീഴുകയായിരുന്നു. ദീപക് ചഹാറിനൊപ്പം ഓപണിങ് സ്‌പെല്‍ എറിയാന്‍ നിയുക്തനായ ഹര്‍ഭജന്‍ തന്റെ രണ്ടാം ഓവര്‍ മുതല്‍ക്കാണ് നാശം വിതച്ചുതുടങ്ങിയത്. ദേശീയ കുപ്പായത്തില്‍ നിന്ന് ഏറെ മുമ്പേ പുറത്തായ ‘ടര്‍ബനേറ്റര്‍’ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയെയാണ് ആദ്യം മടക്കിയത്.
സമീപകാലത്ത് മിന്നും ഫോമിലുള്ള ബാംഗ്ലൂര്‍ നായകന്‍ (6) ഡീപ് മിഡ് വിക്കറ്റില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് 16. തന്റെ അടുത്ത ഓവറില്‍ ഹര്‍ഭജന്‍ അടുത്ത അടിയുമേല്‍പ്പിച്ചു. തന്നെ സിക്‌സറിനു പറത്തിയ ഇംഗ്ലീഷ് താരം മോയിന്‍ അലിയെ (9) സ്വന്തം പന്തില്‍ പിടികൂടിയാണ് ഭാജി ഇത്തവണ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ആദ്യ സ്‌പെല്ലില്‍ തന്നെ നാല് ഓവറും തീര്‍ത്ത ഹര്‍ഭജന്‍ തന്റെ അവസാന ഓവറില്‍ എ.ബി ഡിവില്ലിയേഴ്‌സിനെയും (9) മടക്കിയതോടെ കളി ചെന്നൈയുടെ വരുതിയിലായി.
എട്ടാം ഓവറിലെ ആദ്യപന്തില്‍ ഇംറാന്‍ താഹിറിന്റെ കൈകളില്‍ നിന്നു രക്ഷപ്പെട്ട ഡിവില്ലിയേഴ്‌സിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പന്ത് സ്വീപ് ചെയ്യാനുള്ള എ.ബിയുടെ ശ്രമം പിഴച്ചതോടെ മിഡ്‌വിക്കറ്റില്‍ ജഡേജ ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. കൂനിന്മേല്‍ കുരു എന്ന പോലെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ എട്ട് ഓവറില്‍ ബാംഗ്ലൂര്‍ നാലു വിക്കറ്റിന് 39 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഓപണര്‍ പാര്‍ത്ഥിവ് പട്ടേല്‍ (29) ഒരറ്റത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയാണ് ചെന്നൈ ആധിപത്യം സ്ഥാപിച്ചത്. ഹര്‍ഭജന്‍ നിറുത്തിയേടത്ത് തുടങ്ങിയതും സ്പിന്നര്‍മാരാണ്. ശിവം ഡൂബെയെ (2) ഇംറാന്‍ താഹിര്‍ വാട്‌സന്റെ കൈകളിലെത്തിച്ചപ്പോള്‍ കോളിന്‍ ഡി ഗ്രാന്റ്‌ഹോം (4) ജഡേജയുടെ പന്തില്‍ ധോണിക്ക് പിടികൊടുത്ത് മടങ്ങി. നവ്ദീപ് സൈനി (2), ചഹാല്‍ (4) എന്നിവരെ ഇംറാന്‍ താഹിര്‍ മടക്കിയതിനു പിന്നാലെ ഉമേഷ് യാദവിനെ ജഡേജയും പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുന്നതിനു മൂകസാക്ഷിയായി നിന്ന പാര്‍ത്ഥിവ് പട്ടേലിനെ ഡ്വെയ്ന്‍ ബ്രാവോയും മടക്കിയതോടെ ബാംഗ്ലൂരിന്റെ പതനം പൂര്‍ത്തിയായി.