ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു. ഇത് കേരളത്തിലെ പരാജയപ്പെട്ട ബി.ജെ.പി മുന്നണിയുടെ വിജയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം.
എ.പി അബ്ദുല്ലക്കുട്ടി.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ്
(2021 മെയ് 21)
എവിടെയൊക്കെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശനങ്ങള്‍ പറയാറുണ്ടോ അവിടെയൊക്കെ ഇരട്ട കുപ്രചാരണങ്ങളായ ‘ദേശവിരുദ്ധര്‍’ ‘പ്രീണിപ്പിക്കപ്പെടുന്നവര്‍’ എന്നിങ്ങനെ മുദ്രകുത്താറുണ്ട്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു വാചകമാണിത്. ഇതേ റിപ്പോര്‍ട്ടില്‍ പേരെടുത്ത് അനുമോദിച്ച ഒരേയൊരു നേതാവാണ് ഖാഇദെമില്ലത്ത് മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്. മുസ്്‌ലിംകളുടെ സ്വത്വ സംരക്ഷണത്തിനും പുരോഗതിക്കുമുള്ള മാര്‍ഗത്തിനുള്ള പരോക്ഷമായൊരു വഴിയടയാളമാണ് ആ പരാമര്‍ശം. മുസ്‌ലിംലീഗ് കൊണ്ട് സമുദായം എന്തു നേടിയെന്ന് മുസ്‌ലിംകള്‍ക്കിടയിലും ലീഗിലൂടെ മുസ്‌ലിംകള്‍ അര്‍ഹിച്ചതിലേറെ പിടിച്ചുപറിച്ചെന്ന് ഇതര വിഭാഗങ്ങള്‍ക്കിടയിലും വിഷത്തിലൂട്ടിയ ക്യാപ്‌സ്യൂളുകള്‍ വിതരണം ചെയ്യുന്നത് സംഘ്പരിവാര്‍ മാത്രമല്ല. വിദ്യാഭ്യാസ വകുപ്പോ ന്യൂനപക്ഷ വകുപ്പോ പോലും ഭരിക്കാനുള്ള യോഗ്യത ഒരു മുസ്‌ലിം പേരുകൊണ്ട് റദ്ദാക്കപ്പെടുന്ന അവസ്ഥ കേരളത്തിലും എത്തിയിരിക്കുന്നു.
ഇതിന്റെ തുടര്‍ച്ചയിലെ ഒരേടാണ്, ന്യൂനപക്ഷ പദ്ധതി നിര്‍വഹണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത്. ഇക്കാര്യത്തില്‍ സത്യം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ലെങ്കിലും ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കുന്നതിലൊന്നും പിശുക്ക് കാണിച്ചിട്ടില്ല. എല്ലാ മാധ്യമങ്ങളും 2015ല്‍ യു.ഡി.എഫ് നടപ്പാക്കിയ 80:20 റദ്ദാക്കി എന്നു പറയുക മാത്രമല്ല, ചരിത്ര സത്യമായ രേഖകളെ പോലും മറച്ചുപിടിച്ച് പാലോളി മുഹമ്മദ്കുട്ടിയെ മുന്നില്‍നിര്‍ത്തി തുടര്‍ന്നും നടത്തുന്ന നുണകളുടെ ഘോഷയാത്രയുമാണ്. 2015 ലെ യു.ഡി.ഫ് ഭരണകാലത്തെ 3427/2015 ജി.എ.ഡി നമ്പര്‍ ഓര്‍ഡര്‍ പ്രകാരം 852015ല്‍ സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ് കോഴ്‌സുകളിലേക്ക് പുതുതായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിക്കുകയും അതില്‍മേല്‍ അനുപാതം ചൂണ്ടിക്കാണിക്കുകയും ചെയ്താണ് ഹൈക്കോടതിയെപോലും കബളിപ്പിച്ചത്.
കാലം 2004; ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു. മുസ്‌ലിംലീഗിന് ആദ്യമായി കേന്ദ്ര സര്‍ക്കാറില്‍ ഭരണം ലഭിക്കുന്നു. രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പഠിക്കാനും പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി 2005 മാര്‍ച്ച് ഒമ്പതിന് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ ഏഴംഗ കമ്മിറ്റിയെ നിയോഗിക്കുന്നു. 20 മാസത്തിനുശേഷം 2006 നവംബര്‍ 30 ന് ലോക്‌സഭയുടെ മേശപ്പുറത്ത്‌വെച്ച 403 പുറങ്ങളുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ 2007 ജൂലൈ 17ന് അംഗീകരിച്ചു. പട്ടിക വര്‍ഗ വിഭാഗക്കാരേക്കാള്‍ ദയനീയമാണ് മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയെന്ന് വിളിച്ചുപറഞ്ഞു. സമഗ്ര രാജ്യ പുരോഗതിക്ക് എല്ലാ വിഭാഗങ്ങളും ഉയര്‍ന്നു വരല്‍ അനിവാര്യമാണെന്നു ചൂണ്ടിക്കാണിച്ച സച്ചാര്‍ കമ്മീഷന്‍, മുസ്‌ലിംകളെ മുഖ്യധാരയിലെത്തിക്കാന്‍ മുന്നോട്ടുവെച്ച 72 നിര്‍ദ്ദേശങ്ങളും അംഗീകരിക്കുന്നു. കേന്ദ്രം 15 ഇന പ്രത്യേക പദ്ധതികളും പരിപാടികളും പ്രഖ്യാപിച്ചതിനു പുറമെ റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നു.
പല സംസ്ഥാനങ്ങളും അവ അപ്പടിയോ ഭാഗികമായോ നടപ്പാക്കാന്‍ മുന്നോട്ടുവന്നപ്പോള്‍ കേരളത്തിലെ അന്നത്തെ ഇടതു സര്‍ക്കാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയെന്ന രീതിയില്‍ 2007 സെപ്തംബര്‍ 24ന് പാലോളി മുഹമ്മദ്കുട്ടി ചെയര്‍മാനായ കെ.ടി ജലീല്‍ ഉള്‍പ്പെടെ 11 കമ്മിറ്റിയെ നിയമിച്ചു. കേരളത്തിലെ വിഷയങ്ങള്‍ സമഗ്രമായി പഠിച്ച സച്ചാര്‍ കമ്മീഷന്‍ താരതമ്യേന ചില മേഖലയില്‍ രാജ്യത്തെ മറ്റു മേഖലയില്‍നിന്ന് കേരളം മുന്നിട്ടുനില്‍ക്കുമ്പോഴും സ്ഥിതി ദയനീയമാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിലെ 57 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളില്‍ 22 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ദരിദ്രരില്‍ 24 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെന്നും മറ്റ് ന്യൂനപക്ഷങ്ങള്‍ ദരിദ്രരില്‍ ഒമ്പതു മാത്രമാണെന്നും 24.6 ശതമാനമുണ്ടായിട്ടും സര്‍ക്കാര്‍ സര്‍വീസില്‍ 10.4 ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളൂവെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ള ആളുകളില്‍ 30.8 ശതമാനം മുസ്‌ലിംകളാണെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ അഞ്ച് മുതല്‍ 16 ശതമാനം വരെ പ്രയോജനം മാത്രമേ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു.
പാലോളി കമ്മിറ്റിയുടെ പഠനവും സച്ചാര്‍ കമ്മീഷനിലെ കേരളത്തിലെ റിപ്പോര്‍ട്ട് ശരിവെച്ചെങ്കിലും പുതിയ നിര്‍ദേശങ്ങളാണ് മുന്നോട്ടു വെച്ചത്. ഒരു ന്യൂനപക്ഷ സെല്ലും പിന്നീട് ന്യൂനപക്ഷ ക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റും രൂപീകരിക്കണമെന്ന പ്രത്യക്ഷത്തില്‍ നല്ലതും പരോക്ഷമായി അപകടകരമായതുമായ നിര്‍ദേശം വൈകാതെ നടപ്പാക്കി. മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയാണ് സച്ചാറും പാലോളിയും പഠിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. പക്ഷേ, രൂപീകരിച്ചത് മുസ്‌ലിം ക്ഷേമ സെല്ലല്ല, ന്യൂനപക്ഷ സെല്ലാണ്. അങ്ങനെയാണ് 2008 ആഗസ്ത് 16ന് ന്യൂനപക്ഷ സെല്‍ രൂപീകരിച്ചത്. 2011 ജനുവരി ഒന്നിന് ന്യൂനപക്ഷ ക്ഷേമ വകുപ്പായി അതിനെ മാറ്റുകയും ചെയ്തു. ഇതേ ഇടതു സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നതിനുമുമ്പ് 2011 ഫെബ്രുവരി 22ന് സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും 80:20 അനുപാതത്തിന്‍ മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും കൊടുക്കണമെന്നും ഉത്തരവിറക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയായി 2011 മെയ് 18ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മേല്‍ ഉത്തരവിന്റെ തുടര്‍ച്ചയായി 2015ല്‍ 80:20 അനുപാതം കാണിച്ചുള്ള ഉത്തരവിടുന്നത്. ഇപ്പോള്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത് മേല്‍ പറഞ്ഞ 16.08.2008 ലെയും 22.02.2011 ലെയും അതിന്റെ അടിസ്ഥാനത്തിലിറക്കിയ 2015ലെയും ഉത്തരവുകളാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിനെ കാര്യക്ഷമമാക്കുകയും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ (2013 മാര്‍ച്ച് 22) രൂപീകരിച്ച് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലേക്ക് ചുവടുവെച്ചപ്പോള്‍ ദുഷ്ടലാക്കോടെ അതിനെ പ്രചരിപ്പിക്കാന്‍ മുന്നില്‍നിന്നത് സി.പി.എമ്മായിരുന്നു. എന്നാല്‍, യു.ഡി.എഫ് (മുസ്്‌ലിം ലീഗ് മന്ത്രി) ഒരു പരാതിക്കും ഇടയില്ലാതെയാണ് ന്യൂനപക്ഷ വകുപ്പ് മുന്നോട്ടു നയിച്ചതെന്ന് തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം ഈ വകുപ്പ് കൈകാര്യം ചെയ്ത കെ.ടി ജലീല്‍ തന്നെ തുറന്നുപറയുന്നു. എല്‍.ഡി.എഫിന്റെയും ജലീലിന്റെയും പിടിപ്പുകേടിന് സമുദായം നല്‍കിയ വില കൂടിയാണ് ഇപ്പോഴത്തെ പ്രതിസന്ധി. കെ.ടി ജലീലിന്റെ കീഴില്‍ ന്യൂനപക്ഷ വകുപ്പ് അപ്പാടെ കുത്തഴിഞ്ഞതായതോടെ ന്യൂനപക്ഷത്തിന് അര്‍ഹമായി ലഭിക്കേണ്ടവ പോലും നഷ്ടമായി. ഐ. എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് ചെയര്‍മാനായ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനെ വെള്ളാനയാക്കിയെന്നു മാത്രമല്ല, സര്‍ക്കാര്‍ നല്‍കിയ ഗ്രാന്റുപോലും പൂഴ്ത്തിവെക്കുകയായിരുന്നു. മദ്രസ അധ്യാപക ക്ഷേമ നിധിയിലേക്ക് നല്‍കേണ്ട തുക വകമാറ്റിയവര്‍ ഗ്രാന്റായി ലഭിച്ച സര്‍ക്കാര്‍ നല്‍കിയ കോടികള്‍ ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ട് അതിന്റെ പലിശ വാങ്ങി സ്ഥാപനം നടത്തിയത് ദുരന്തമല്ലാതെ മറ്റെന്താണ്.
നിയമ വിരുദ്ധമായ ഈ നടപടിയിലും കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കുന്നതിലെ വീഴ്ചയെയും തുടര്‍ന്ന് രണ്ടു ബജറ്റുകളില്‍ ഒരു രൂപ പോലും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന് പിണറായി സര്‍ക്കാര്‍ അനുവദിച്ചതുമില്ല. മദ്രസ അധ്യാപകര്‍ ഉള്‍പ്പെടെ പാവപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധമായും നല്‍കുന്ന തുക പോലും നഷ്ടപ്പെടുത്തിയ മിടുക്ക്കൂടി പരിഗണിച്ചാവും ഐ.എന്‍. എല്ലിന് ലഭിച്ച അര മന്ത്രിക്ക് മ്യൂസിയവും പുരാവസ്തുവും തന്നെ അനുവദിച്ചത്.
ലക്ഷക്കണക്കിന് മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് (സ്‌കൂള്‍ അധ്യാപകര്‍ക്ക് നല്‍കുന്നതിലേറെ) കോടികള്‍ കൊടുക്കുന്നുവെന്ന കല്ലുവെച്ച നുണയെ മൗനത്തിന്റെ പാലൂട്ടി വളര്‍ത്തിയ പിണറായി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയുടെ പാലമാക്കിയപ്പോള്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ കഥയിലെ ഭീമ സേനന്റെ ദുര്യോഗം പോലെ വഴിയോരത്ത് കണ്ണീര്‍ പൊഴിക്കുകയാണ്, മുസ്‌ലിംകള്‍.
ഇരുപത് വര്‍ഷംകൊണ്ട് കേരളം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ച് ജയിക്കുന്നെന്നും പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റ് ആചാര്യനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനാണ്. മുസ്‌ലിം പേരുള്ള സ്വന്തം പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥികളെ പോലും ദേശദ്രോഹ കരിനിയമമായ യു.എ.പി.എ ചുമത്തി ഇസ്‌ലാമോഫോബിയയുടെ കട്ടിയും കനവും കൂട്ടിയത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴാണ്.
കേരളത്തിലെ ജനസംഖ്യയില്‍ 26 ശതമാനം വരുന്ന മുസ്്‌ലിംകള്‍ സംവരണാനുകൂല്യമുള്ള പിന്നാക്കക്കാരാണെങ്കില്‍ 18 ശതമാനം വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ 20 ശതമാനം മാത്രമാണ് സംവരണത്തിന് അര്‍ഹരായ പിന്നാക്ക വിഭാഗക്കാര്‍ (ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും). 80 ശതമാനം ക്രൈസ്തവ സഹോദരന്‍മാരും സംവരണാനുകൂല്യം ലഭിക്കാത്ത മുന്നാക്ക വിഭാഗമായാണ് ഗണിക്കപ്പെടുന്നത്. ആ അര്‍ത്ഥത്തില്‍ 80:20 എന്നു വ്യാഖ്യാനിച്ച് നൂറു ശതമാനത്തിന് അര്‍ഹരായ മുസ്‌ലിംകള്‍ മൗനം പാലിച്ചത് പില്‍ക്കാലത്ത് ചിലര്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഊതിവീര്‍പ്പിക്കുകയായിരുന്നു.
പിന്നാക്കക്കാരായവര്‍ക്ക് അവകാശപ്പെട്ടത് അതിനര്‍ഹരല്ലാത്ത ന്യൂനപക്ഷങ്ങളിലെ മുന്നോക്കക്കാര്‍ക്ക് വീതിച്ചു നല്‍കണമെന്ന അഭിപ്രായം ഒരു നിലക്കും ന്യായീകരിക്കാവതല്ലെന്നും പറ്റിയ പിശകുകള്‍ ബന്ധപ്പെട്ടവര്‍ തിരുത്തുമെന്നാണ് വിശ്വാസമെന്നും ഇന്നലെ ജലീല്‍ തന്നെ പറയുന്നത്. വിഷയത്തിന്റെ മെറിറ്റ് പറയുന്ന മുസ്്‌ലിം ലീഗിനെ ആക്ഷേപിക്കുന്നതിന്പകരം ഇക്കാര്യം ഇപ്പോഴത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി പിണറായി വിജയനെ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടത്.