കാലവര്‍ഷക്കെടുതിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു കൂനിന്മേല്‍ കുരുവായി ഭവിച്ചിരിക്കുകയാണ് കേന്ദ്ര ദുരന്തനിവാരണ നയം. യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ക്ക് കുരുക്കിടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ കുത്സിത നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കണം. 2004ല്‍ യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയം പിന്തുടരുകയാണെന്ന വാദം നിരത്തിയാണ് നരേന്ദ്ര മോദി കേരളത്തിന്റെ കഴുത്തിനു പിടിച്ചിരിക്കുന്നത്. എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങള്‍ സൗഹൃദ നടപടിയായി നല്‍കുന്ന സഹായം സ്വീകരിക്കാമെന്ന് മോദി സര്‍ക്കാര്‍ തന്നെ 2016ല്‍ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്‌മെന്റ് പദ്ധതി രേഖ പൂഴ്ത്തിവച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ ഇരുട്ടടി.
19,512 കോടിയുടെ നാശനഷ്ട കണക്ക് സമര്‍പിച്ച കേരളത്തിന്റെ കയ്യില്‍ 680 കോടി വച്ചുനീട്ടി മുഖംതിരിഞ്ഞു നില്‍ക്കുന്ന മോദി, വിദേശ രാഷ്ട്രങ്ങളുടെ സഹായഹസ്തം തട്ടിമാറ്റുന്നത് കൊടുംക്രൂരതയാണ്. ഐക്യരാഷ്ട്ര സഭയുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും സഹായം സ്വീകരിക്കാന്‍ പാടില്ല എന്നതാണ് കേന്ദ്ര നിലപാടെങ്കില്‍ അവര്‍ വാഗ്ദാനം ചെയ്ത തുകക്ക് തുല്യമായ സാമ്പത്തിക സഹായം നല്‍കി മാന്യത കാണിക്കേണ്ടിയിരുന്നു കേന്ദ്രം. കൂടെ നിന്ന രാജ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ നന്ദിയറിയിച്ച് തകര്‍ന്നടിഞ്ഞ ഒരു നാടിനോട് അങ്ങേയറ്റത്തെ നന്ദികേടു കാണിക്കുന്നതല്ല ഭരണകൂടത്തിന്റെ കടമ. കെടുതിയുടെ ആഴക്കയത്തില്‍ നിന്ന് പുതിയ കേരളത്തെ പടുത്തുയര്‍ത്താന്‍ പരമാവധി സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യത്തില്‍ കേരളത്തോട് ചിറ്റമ്മ നയം സ്വീകരിക്കുന്നത് പൊറുക്കാനാവാത്ത പാതകമാണ്.
‘നിലവിലെ സാഹചര്യം തനിച്ചു നേരിടാനാവുമെന്നു ഞങ്ങള്‍ കരുതുന്നു. ആവശ്യം വന്നാല്‍ മറ്റുള്ളവരുടെ സഹായം സ്വീകരിക്കാം’ സുനാമിയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ തീരങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ വിദേശ രാജ്യങ്ങള്‍ കനിവു കാട്ടിയപ്പോള്‍ 2004 ഡിസംബര്‍ അവസാന വാരത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞ വാക്കുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹദ് വചനമായി ഏറ്റുപറയുന്നത്. എന്നാല്‍ ഈ നിലപാട് രാജ്യാന്തര തലത്തില്‍ വിമര്‍ശനത്തിന് വിധേയമായി എന്നതാണ് വസ്തുത. ഇതേതുടര്‍ന്നാണ് 2005 ജനുവരി ആറിന് ദുരന്ത മാനേജ്‌മെന്റ് സംബന്ധിച്ച മന്ത്രിതല സംഘത്തിന്റെ യോഗം ഈ നിലപാട് തിരുത്താന്‍ തീരുമാനിച്ചത്.
ബഹുരാഷ്ട്ര സാമ്പത്തിക ഏജന്‍സികളില്‍ നിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാമെന്നായിരുന്നു തിരുത്തല്‍. വിദേശ രാജ്യങ്ങള്‍ ബഹുരാഷ്ട്ര ഏജന്‍സികളിലൂടെ പണം തന്നാല്‍ സ്വീകരിക്കാമെന്നു തീരുമാനിച്ചെന്ന് 2005 ജൂണ്‍ മൂന്നിന് ‘സുനാമിയെക്കുറിച്ച് രാഷ്ട്രത്തിനുള്ള റിപ്പോര്‍ട്ടി’ല്‍ ഡോ. മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര സര്‍ക്കാര്‍ യു.പി.എ സര്‍ക്കാറിന്റെ നയം പിന്തുടരുന്നുവെന്ന വാദമുയര്‍ത്തി ന്യായീകരണം തുടരുന്നത്. അക്കാലത്തെ നയം താത്കാലികമായിരുന്നുവെന്ന് അന്ന് വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കരമേനോന്‍ ഇന്നലെ വെളിപ്പെടുത്തിയത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിന് യു.പി. എ സര്‍ക്കാറിന്റെ നയം തടസമായിരുന്നില്ലെന്നും ശിവശങ്കരമേനോന്‍ വ്യക്തമാക്കുന്നു. വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ റാവുവും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലയുടെ ശാക്തിക പ്രാധാന്യം കണക്കിലെടുത്ത്, വിദേശ സഹായത്തിന്റെ പേരിലുള്ള കടന്നുകയറ്റങ്ങള്‍ ഒഴിവാക്കാനായിരുന്നു യു.പി.എ സര്‍ക്കാറിന്റെ ആദ്യ നിലപാട്. രാജ്യസുരക്ഷ അടിസ്ഥാനമാക്കി അക്കാലത്ത് അങ്ങനെയൊരു നിലപാടിന് പ്രസക്തിയുണ്ടായിരുന്നു. സഹായം വേണ്ടെന്നു വെക്കുന്നത് രാജ്യത്തിന്റെ നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് കരണീയമെന്നും യു.പി.എ സര്‍ക്കാര്‍ മനസിലാക്കുകയും ചെയ്തു. സുനാമിക്കു മുമ്പ് 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലാത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വന്‍നാശം വിതച്ചപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങള്‍ നിരസിച്ചതിനു പിന്നില്‍ ‘സഹായം സ്വീകരിക്കുന്ന രാജ്യമല്ല, നല്‍കുന്ന രാജ്യം’ എന്ന നിലയിലേക്ക് ഇന്ത്യ മാറിയിട്ടുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നു. ഇന്ത്യ സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുന്നുവെന്ന് വിളിച്ചുപറയേണ്ട സന്ദര്‍ഭംകൂടിയായിരുന്നു അത്.
ഇന്ത്യ വിദേശ സഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ്. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. സുനാമിക്കു ശേഷം ലഭിച്ച വിദേശ സഹായങ്ങളുടെയും നാമമാത്ര പലിശയുള്ള വായ്പകളുടെയും അടിസ്ഥാനത്തില്‍ പല വികസന പദ്ധതികളും കേരളത്തിലുള്‍പ്പെടെ നടപ്പാക്കിയിട്ടുണ്ട്. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലുള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ സഹായത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നുമുണ്ട്. ലോകബാങ്ക് സഹായത്തോടെ നിലവില്‍ 130 പദ്ധതികളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്.
യു.പി.എ സര്‍ക്കാറിന്റെ അലിഖിത നയം ഇപ്പോള്‍ എന്‍.ഡി. എ സര്‍ക്കാര്‍ ആശ്രയിക്കുന്നതിലെ സാംഗത്യമാണ് മനസിലാകാത്തത്. രണ്ടു വര്‍ഷം മമ്പ് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ ദുരന്ത നിവാരണ നയത്തിന് വിരുദ്ധമാണ് ഈ ‘പിന്തുടരല്‍’ നയമെന്ന് തിരിച്ചറിയേണ്ടതുണ്ട്. 2016ല്‍ മോദി സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത നിവാരണ നയത്തിലെ ഒമ്പതാം അധ്യായം ‘രാജ്യാന്തര സഹകരണം’ സംബന്ധിച്ചാണ്. ‘ദുരന്തമുണ്ടാകുമ്പോള്‍ വിദേശ സഹായത്തിന് ഇന്ത്യ അഭ്യര്‍ത്ഥിക്കില്ല, എന്നാല്‍ മറ്റൊരു രാജ്യം ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സൗഹാര്‍ദ നടപടിയായി സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ അതു കേന്ദ്ര സര്‍ക്കാറിനു സ്വീകരിക്കാവുന്നതാണ്. അങ്ങനെ വിദേശ സഹായം സ്വീകരിക്കുന്നതിനു തുടര്‍ നടപടികള്‍ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിയാലോചിച്ചു ചെയ്യണം’ എന്ന് സുവ്യക്തമായി വിശദീകരിക്കുന്നുണ്ട് ഈ അധ്യായത്തില്‍. ഇതെല്ലാം ബോധപൂര്‍വം മറച്ചുവെച്ച് കേരളത്തിന്റെ വയറ്റത്തടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം അനിവാര്യമാണ്.
കേരള നിയമസഭ ഇക്കാര്യം ഐകകണ്‌ഠ്യേന ആവശ്യപ്പെടുകയും കേന്ദ്ര നിലപാട് തിരുത്തിക്കുന്നതുവരെ ഒറ്റക്കെട്ടായി നിലകൊള്ളുകയും വേണം. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വൈര്യനിര്യാതന നിലപാട് വെച്ചുപൊറുപ്പിച്ചുകൂടാ. സംഘ്പരിവാറിന്റെയും സേവാ ഭാരതിയുടെയും ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ കാടത്ത നിലപാടെങ്കില്‍ കേരളത്തിന്റെ ജനാധിപത്യബോധം ഐക്യപ്പെടേണ്ട സമയമാണിത്.