X

മണിപ്പൂരിനു പിന്നാലെ ഹരിയാനയും-ചന്ദ്രിക മുഖപ്രസംഗം

മണിപ്പൂരിനു പിന്നാലെ ഹരിയാനയും സഞ്ചരിക്കുകയാണോ എന്ന് ഭയപ്പെടുത്തുന്ന തരത്തിലാണ് സംസ്ഥാനത്തുനിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. മെയ് മൂന്നിനാരംഭിച്ച മണിപ്പൂരിലെ കലാപം മൂന്നു മാസം പിന്നിട്ടിട്ടും കെട്ടടങ്ങിയിട്ടില്ല. മണിപ്പൂരിന്റെ മുറിവുണങ്ങുന്നതിനുമുമ്പുതന്നെ ഹരിയാനയിലും കലാപത്തിന്റെ നെരിപ്പോടുകള്‍ കണ്ടുതുടങ്ങിയത് രാജ്യത്തിന് ആശ്വാസകരമല്ല. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. പൊലീസ് വാഹനങ്ങളും ഇതില്‍പെടും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പല്‍വാല്‍, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. സംഭവസ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടയിലാണ് സംഘര്‍ഷം ഉടലെടുത്തത്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തിന് തീരാശാപമായി മാറുകയാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി വര്‍ഗീയ കലാപത്തെ മാറ്റിയെടുക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നതാണ്. അത് സ്ഥിരീകരിക്കുന്ന തരത്തിലാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നിലുള്ളത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പു വിജയങ്ങള്‍ ഉറപ്പാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ ഉപയോഗിച്ചുവരുന്നതായി കാണാം. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം കൊയ്യാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ വിതയ്ക്കുന്ന വിത്തുകളായി കലാപങ്ങള്‍ മാറുന്നു. ഭരണകൂടങ്ങള്‍തന്നെ കലാപം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുപകരം വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതായി കാണപ്പെടുന്നു. നിസ്സാര കാരണങ്ങളാണ് പലപ്പോഴും വന്‍ വിപത്ത് സൃഷ്ടിക്കുന്ന കലാപമായി പരിണമിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോകളോ പോസ്റ്റുകളോ മതിയാകും രാജ്യത്തെ ആളിക്കത്തിക്കാനുതകുന്ന കലാപത്തിലേക്ക് നയിക്കാന്‍. മതപരമായ ആഘോഷ വേളകളും കലാപത്തിനു വഴിവെച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആഘോഷവേളകളില്‍ നടത്തുന്ന ഘോഷയാത്രകള്‍ ഒരു വിഭാഗം മറു വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള അവസരമായി ഉപയോഗിക്കുന്നു. ഭരണകര്‍ത്താക്കള്‍തന്നെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്ന അത്യന്തം അപകടകരമായ പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭത്തെ സുപ്രീംകോടതി പലപ്പോഴും വിമര്‍ശിച്ചതുമാണ്.
മണിപ്പൂര്‍ കലാപത്തില്‍ രണ്ടാം ദിവസവും സുപ്രീംകോടതി ശക്തമായി വിമര്‍ശിക്കുകയുണ്ടായി. മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം അതീവ ഗൗരവമുള്ളതാണ്. മെയ് തുടക്കം മുതല്‍ ജൂലായി വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു സംസ്ഥാനത്ത്. കേസുകള്‍ എടുക്കുന്നതിലും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായി. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡി.ജി.പി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സംസ്ഥാന പൊലീസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ അതുതന്നെയാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയതും. മൂന്നു മാസം വരേ കലാപം തുടര്‍ന്നിട്ടും സര്‍ക്കാറിനു ഒന്നും ചെയ്യാനായില്ലെന്നു വരുന്നത് നാണക്കേടാണ്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. രണ്ടു സ്ത്രീകളെ നഗ്നയാക്കി നടത്തികൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി മുതലക്കണ്ണീരൊഴുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചെങ്കിലും കലാപം ശമിപ്പിക്കാനുള്ള ഫോര്‍മുലയൊന്നും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കലാപം തടയാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നുവെന്നു വേണം കരുതാന്‍.
വര്‍ഗീയ കലാപങ്ങളില്‍ നിരവധി തവണ മുറിവേറ്റ രാജ്യമാണ് നമ്മുടെത്. മണിപ്പൂരിനെ കൂടാതെ, ഗുജറാത്തും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറുമെല്ലാം നോവായി നമ്മുടെ മുന്നിലുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഹരിയാന തന്നെ നിരവധി തവണ കലാപ ഭൂമിയായി മാറിയിട്ടുണ്ട്. കലാപം എവിടെ നടന്നാലും ആത്യന്തികമായി നഷ്ടം രാജ്യത്തിനുതന്നെയാണ്. ഇനിയും രാജ്യത്തൊരിടത്തും കലാപം സൃഷ്ടിക്കപ്പെടരുത്. പൊലീസും ഭരണകൂടങ്ങളുമാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ക്രമസമാധാനം പാലിക്കുന്നതില്‍ ഇരു വിഭാഗങ്ങളും ആത്മാര്‍ത്ഥത പുലര്‍ത്തിയാല്‍ തടയാവുന്നതേയുള്ളു ഇത്തരം കലാപങ്ങള്‍. എന്നാല്‍ അതിനവര്‍ തയാറാകുമോ എന്നതാണ് പ്രശ്‌നം. സുപ്രീംകോടതി പങ്കുവെച്ച ആശങ്കയും അതുതന്നെയാണ്.

 

Chandrika Web: