Connect with us

india

മണിപ്പൂരിനു പിന്നാലെ ഹരിയാനയും-ചന്ദ്രിക മുഖപ്രസംഗം

കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.

Published

on

മണിപ്പൂരിനു പിന്നാലെ ഹരിയാനയും സഞ്ചരിക്കുകയാണോ എന്ന് ഭയപ്പെടുത്തുന്ന തരത്തിലാണ് സംസ്ഥാനത്തുനിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. മെയ് മൂന്നിനാരംഭിച്ച മണിപ്പൂരിലെ കലാപം മൂന്നു മാസം പിന്നിട്ടിട്ടും കെട്ടടങ്ങിയിട്ടില്ല. മണിപ്പൂരിന്റെ മുറിവുണങ്ങുന്നതിനുമുമ്പുതന്നെ ഹരിയാനയിലും കലാപത്തിന്റെ നെരിപ്പോടുകള്‍ കണ്ടുതുടങ്ങിയത് രാജ്യത്തിന് ആശ്വാസകരമല്ല. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. പൊലീസ് വാഹനങ്ങളും ഇതില്‍പെടും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പല്‍വാല്‍, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. സംഭവസ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടയിലാണ് സംഘര്‍ഷം ഉടലെടുത്തത്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തിന് തീരാശാപമായി മാറുകയാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി വര്‍ഗീയ കലാപത്തെ മാറ്റിയെടുക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നതാണ്. അത് സ്ഥിരീകരിക്കുന്ന തരത്തിലാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നിലുള്ളത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പു വിജയങ്ങള്‍ ഉറപ്പാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ ഉപയോഗിച്ചുവരുന്നതായി കാണാം. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം കൊയ്യാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ വിതയ്ക്കുന്ന വിത്തുകളായി കലാപങ്ങള്‍ മാറുന്നു. ഭരണകൂടങ്ങള്‍തന്നെ കലാപം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുപകരം വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതായി കാണപ്പെടുന്നു. നിസ്സാര കാരണങ്ങളാണ് പലപ്പോഴും വന്‍ വിപത്ത് സൃഷ്ടിക്കുന്ന കലാപമായി പരിണമിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോകളോ പോസ്റ്റുകളോ മതിയാകും രാജ്യത്തെ ആളിക്കത്തിക്കാനുതകുന്ന കലാപത്തിലേക്ക് നയിക്കാന്‍. മതപരമായ ആഘോഷ വേളകളും കലാപത്തിനു വഴിവെച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആഘോഷവേളകളില്‍ നടത്തുന്ന ഘോഷയാത്രകള്‍ ഒരു വിഭാഗം മറു വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള അവസരമായി ഉപയോഗിക്കുന്നു. ഭരണകര്‍ത്താക്കള്‍തന്നെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്ന അത്യന്തം അപകടകരമായ പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭത്തെ സുപ്രീംകോടതി പലപ്പോഴും വിമര്‍ശിച്ചതുമാണ്.
മണിപ്പൂര്‍ കലാപത്തില്‍ രണ്ടാം ദിവസവും സുപ്രീംകോടതി ശക്തമായി വിമര്‍ശിക്കുകയുണ്ടായി. മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം അതീവ ഗൗരവമുള്ളതാണ്. മെയ് തുടക്കം മുതല്‍ ജൂലായി വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു സംസ്ഥാനത്ത്. കേസുകള്‍ എടുക്കുന്നതിലും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായി. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡി.ജി.പി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സംസ്ഥാന പൊലീസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ അതുതന്നെയാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയതും. മൂന്നു മാസം വരേ കലാപം തുടര്‍ന്നിട്ടും സര്‍ക്കാറിനു ഒന്നും ചെയ്യാനായില്ലെന്നു വരുന്നത് നാണക്കേടാണ്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. രണ്ടു സ്ത്രീകളെ നഗ്നയാക്കി നടത്തികൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി മുതലക്കണ്ണീരൊഴുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചെങ്കിലും കലാപം ശമിപ്പിക്കാനുള്ള ഫോര്‍മുലയൊന്നും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കലാപം തടയാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നുവെന്നു വേണം കരുതാന്‍.
വര്‍ഗീയ കലാപങ്ങളില്‍ നിരവധി തവണ മുറിവേറ്റ രാജ്യമാണ് നമ്മുടെത്. മണിപ്പൂരിനെ കൂടാതെ, ഗുജറാത്തും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറുമെല്ലാം നോവായി നമ്മുടെ മുന്നിലുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഹരിയാന തന്നെ നിരവധി തവണ കലാപ ഭൂമിയായി മാറിയിട്ടുണ്ട്. കലാപം എവിടെ നടന്നാലും ആത്യന്തികമായി നഷ്ടം രാജ്യത്തിനുതന്നെയാണ്. ഇനിയും രാജ്യത്തൊരിടത്തും കലാപം സൃഷ്ടിക്കപ്പെടരുത്. പൊലീസും ഭരണകൂടങ്ങളുമാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ക്രമസമാധാനം പാലിക്കുന്നതില്‍ ഇരു വിഭാഗങ്ങളും ആത്മാര്‍ത്ഥത പുലര്‍ത്തിയാല്‍ തടയാവുന്നതേയുള്ളു ഇത്തരം കലാപങ്ങള്‍. എന്നാല്‍ അതിനവര്‍ തയാറാകുമോ എന്നതാണ് പ്രശ്‌നം. സുപ്രീംകോടതി പങ്കുവെച്ച ആശങ്കയും അതുതന്നെയാണ്.

 

india

ദീർഘദൂര ഹൈപ്പർ സോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു.

Published

on

ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുൽ കലാം ദ്വീപിലാണ് മിസൈലിന്റെ പരീക്ഷണ പറക്കൽ നടന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ചയായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്.

ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണത്തെ ചരിത്രപരമായ നിമിഷം എന്നാണ് കേന്ദ്രമന്ത്രി രാജനാഥ് സിംഗ് വിശേഷിപ്പിച്ചത്. മിസൈലിന്റെ പരീക്ഷണത്തോടെ ഇന്ത്യ ഇത്തരം നിർണായക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദീർഘദൂര ഹൈപ്പർ സോണിക് മിസൈലിന്റെ പരീക്ഷണ പറക്കൽ ഒഡീഷ തീരത്തുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന്  വിജയകരമായി നടത്തി ഇന്ത്യ ഒരു പ്രധാന നാഴികല്ല് കൈവരിച്ചതായി രാജ് നാഥ് സിംഗ് എക്സില്‍ കുറിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സായുധസേനകളെയും രാജ് നാഥ് സിംഗ് അഭിനന്ദിച്ചു.

 

Continue Reading

india

ഹെലികോപ്ടറുകൾ വൈകിച്ചതിൽ ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ

‘ഇന്നലെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ബോധപൂർവം മണിക്കൂറുകളോളം വൈകിപ്പിച്ചത് പ്രധാനമന്ത്രി അദ്ദേഹത്തി​ന്‍റെ വിമാനത്തിൽ ഇരുന്നതിനാലാണ്.

Published

on

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ത​ന്‍റെയും രാഹുൽഗാന്ധിയുടെയും ഹെലികോപ്ടറുകൾ ബി.ജെ.പിയും കേന്ദ്രസർക്കാരും വൈകിപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ഇന്നലെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ബോധപൂർവം മണിക്കൂറുകളോളം വൈകിപ്പിച്ചത് പ്രധാനമന്ത്രി അദ്ദേഹത്തി​ന്‍റെ വിമാനത്തിൽ ഇരുന്നതിനാലാണ്.

ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇറങ്ങുന്നതിനാൽ എ​ന്‍റെ ഹെലികോപ്ടർ 20 മിനിറ്റ് വൈകി. അദ്ദേഹത്തി​ന്‍റെ വഴി വേറെയും എ​ന്‍റെ വഴി വേറെയും ആയിരുന്നിട്ടും’ -പാർട്ടി സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഇർഫാൻ അൻസാരിക്ക് വേണ്ടി ശനിയാഴ്ച ജംതാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു.

ജംതാരയിലെ റാലിക്കുശേഷം ഖാർഗെ റാഞ്ചി ജില്ലയിലെ ഖിജ്‌രിയിൽ പാർട്ടി സ്ഥാനാർത്ഥികൾക്കായി നടത്തിയ റാലിയെയും അഭിസംബോധന ചെയ്തു. ദുംക, മധുപൂർ, ധൻവാർ എന്നിവിടങ്ങളിലെ റാലികളിൽ ഷായും സംസാരിച്ചു. മധുപൂരിൽ നിന്ന് 45 കിലോമീറ്ററും ദുംകയിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് ജംതാര.

വെള്ളിയാഴ്ച എയർ ട്രാഫിക് കൺട്രോളി​ന്‍റെ അനുമതിയില്ലാത്തതിനാൽ രാഹുലി​ന്‍റെ ഹെലികോപ്ടർ രണ്ട് മണിക്കൂറോളം വൈകിയിരുന്നു. കാലതാമസം രാഷ്ട്രീയ പ്രേരിതമാണെന്നും ഗോഡ്ഡ ജില്ലയിലെ മഹാഗാമയിൽ നിന്ന് ജാർഖണ്ഡിലെ ബെർമോയിലേക്ക് കൊണ്ടുപോകാനാണ് ഹെലികോപ്ടർ എത്തിച്ചതെന്നും കോൺഗ്രസ് പറഞ്ഞു.

വെള്ളിയാഴ്‌ച രണ്ട് മണിക്കൂറോളം ദിയോഘർ വിമാനത്താവളത്തിൽ കുടുങ്ങിയ നരേന്ദ്ര മോദി പ്രശ്‌നം പരിഹരിക്കുന്നതിനായി കാത്തിരിക്കുന്നതിനിടെ മേഖലയിലെ വ്യോമാതിർത്തിയിൽ ‘നോ ഫ്‌ലൈ സോൺ’ പ്രഖ്യാപിച്ചുവെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.

വൈകുന്നേരത്തോടെ കോൺഗ്രസ് നേതാവ് ജയറാം രമേശ് കാലതാമസം രാഹുലി​ന്‍റെ പ്രചാരണ ഷെഡ്യൂളിനെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനു നിവേദനം സമർപ്പിച്ചു. കാബിനറ്റ് മന്ത്രിക്ക് തത്തുല്യമായ പദവിയുള്ള തനിക്കും രാഹുലിനും റിസർവ് ചെയ്ത എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഖാർഗെ പ്രതികരിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി.

അദ്ദേഹത്തിന് കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുണ്ട്. എനിക്കും കാബിനറ്റ് മന്ത്രി പദവിയുണ്ടെങ്കിലും എയർപോർട്ടിലെ റിസർവ്ഡ് ലോഞ്ച് പ്രധാനമന്ത്രിക്ക് വേണ്ടി മാറ്റിവെച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രിക്കുവേണ്ടി ഒരു ടോയ്‌ലറ്റ് മാറ്റിവെക്കാമോ എന്ന് ഞാൻ ചോദിക്കുന്നു -വിമാനത്താവളത്തി​ന്‍റെ പേര് പറയാതെ ഖാർഗെ പറഞ്ഞു.

ബംഗ്ലാദേശ് നുഴഞ്ഞുകയറ്റ വിഷയത്തിൽ മോദിയും ഷായും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ‘അവർക്ക് കേന്ദ്രത്തിൽ അധികാരമുണ്ട്. പ്രധാനമന്ത്രി മോദിയും അമിത് ഷായും ഉറങ്ങുകയാണോ? അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് അവർക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയുന്നില്ല? അവർക്ക് ഹെലികോപ്ടർ നിർത്തിക്കാൻ കഴിയുമ്പോൾ എന്തുകൊണ്ട് നുഴഞ്ഞുകയറ്റക്കാരെ തടയാൻ കഴിയുന്നില്ല?’ ഖാർഗെ ചോദിച്ചു. ഇ.ഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഫെഡറൽ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബി.ജെ.പി ഉപയോഗിക്കുന്നതായും ഖാർഗെ ആരോപിച്ചു.

ജാർഖണ്ഡിലെ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസർക്കാർ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

Continue Reading

india

മണിപ്പൂരില്‍ അഞ്ച് ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു; മന്ത്രിമാരുടെ വീടുകള്‍ക്ക് നേരെയും അക്രമം

കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.

Published

on

മണിപ്പൂരിൽ സംഘർഷം തുടരുന്നു. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്നിക്കിരയാക്കി. കുക്കികൾ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.

സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വർഷമായി മണിപ്പൂരിൽ സമാധാനം മടക്കി കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാർ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വെസ്റ്റിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ രണ്ട് ദിവസം ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.

വ്യാപക അക്രമം തുടരവേ അഫ്സ്പ പിൻവലിക്കണമെന്ന്‌ മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂർ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക്‌ കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്തെയ് എംഎൽഎമാർ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരിൽ കലാപം വീണ്ടും പടരവേ അയൽ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിർദേശം നൽകി.

Continue Reading

Trending