ന്യൂഡല്‍ഹി: വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചരിത്രത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. നിര്‍ണായകമായ ഒട്ടേറെ ഘട്ടങ്ങള്‍ താണ്ടിയ ശേഷം മാത്രമേ ചന്ദ്രയാന്‍-3ന് ചന്ദ്രനില്‍ സേഫ് ലാന്റിങ് സാധ്യമാകുകയുള്ളൂ. വിക്ഷേപണം വിജയകരമാണെങ്കിലും 3,84,000 കിലോമീറ്റര്‍ അകലെ ചന്ദ്രനിലെത്തണമെങ്കില്‍ ഒന്നര മാസം യാത്ര ചെയ്ത് നിര്‍ണായക ഘട്ടങ്ങള്‍ പിന്നിടണം. പ്രധാനമായും മൂന്നു ഘട്ടങ്ങളാണ് ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്.
1. വിക്ഷേപണം മുതല്‍ ഭൂമിക്ക് ചുറ്റുമുള്ള പേടകത്തിന്റെ സഞ്ചാരം വരെ. എര്‍ത്ത് സെന്‍ട്രിക് ഫേസ് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.
2. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര. അതായത് ലൂണാര്‍ ട്രാന്‍സ്ഫര്‍ ഫേസ്.
3. ചന്ദ്രന് ചുറ്റം കറങ്ങിയ ശേഷം സേഫ്റ്റ് ലാന്‍ഡിങ്. മൂണ്‍ സെന്‍ട്രിക് ഫേസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
എല്‍.വി.എം 3 വിക്ഷേപണവാഹനത്തില്‍ കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍ പേടകത്തിന്റെ ഇന്റഗ്രേറ്റഡ് മൊഡ്യൂളിനെ ഭൂമിക്കു ചുറ്റുമുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് സ്ഥാപിച്ചത്. ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (ലൂണാര്‍ പെരിജി) 170 കിലോമീറ്ററും ഭൂമിയോട് ഏറ്റവും ദൂരെയുള്ള അകലം (ലൂണാര്‍ അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ ഭ്രമണം ചെയ്യുന്നത്. ലാര്‍ഡര്‍, റോവര്‍ പ്രൊപ്പല്‍ഷന്‍ മെഡ്യൂള്‍ എന്നിവ ചേര്‍ന്നതാണ് ഇന്‍ഗ്രേറ്റഡ് മൊഡ്യൂള്‍. ഇവിടെ നിന്ന് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പേടകം പുറത്തുകടക്കുക. ഇങ്ങനെ അഞ്ചോ ആറോ തവണ പരിക്രമണപാത ഉയര്‍ത്തിയ ശേഷമാണ് ചന്ദ്രയാന്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് പ്രയാണം ചെയ്യുക. ഈ ഘട്ടങ്ങള്‍ പിന്നിടുമ്പോഴേക്കും ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിക്രമണ പാതയിലേക്ക് പ്രവേശിക്കും. ഈ ഘട്ടവും ചന്ദ്രയാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
ചാന്ദ്ര പ്രദേശത്തെത്തിയാല്‍ ഭൂമിക്കു സമാനമായി ചന്ദ്രനു ചുറ്റുമുള്ള ദീര്‍ഘവൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ പേടകം ഭ്രമണമാരംഭിക്കും. ഇതിനു ശേഷം ഘട്ടം ഘട്ടമായി പരിക്രമണപാത താഴ്ത്തി പേടകം 100 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ചാന്ദ്ര ഭ്രമണപഥത്തിലെത്തും. ഇതിന് എട്ടു ഘട്ടങ്ങളാണ് ഉള്ളത്. ഇവിടെ വെച്ച് ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയും. ഇതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ജോലി അവസാനിക്കും. റോക്കറ്റ് പേടകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെടുന്നതു മുതല്‍ ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തിക്കുന്നത് വരെയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ടതിനു ശേഷമാണ് സോഫ്റ്റ് ലാന്റിങ് പ്രക്രിയ. ഈ ഘട്ടത്തില്‍ ലാന്‍ഡര്‍ ഏത് നിമിഷവും ലാന്‍ഡിങിന് തയാറായിരിക്കും. സൗരോര്‍ജ്ജത്തിലാണ് ലാന്‍ഡര്‍ പ്രധാനമായും പ്രവര്‍ത്തിക്കുക. അതിനാല്‍ ചന്ദ്രനിലെ സൂര്യോദയം നിശ്ചയിച്ചാണ് ലാന്‍ഡിങ് നടത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വേര്‍പ്പെട്ടു കഴിഞ്ഞതിനു ശേഷമുള്ള സുപ്രധാന സംഭവമെന്നത് അതിലെ ഷേപ് പേലോഡ് ഭൂമിയെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും. ജീവജാലങ്ങളുള്ള ഒരു ഗ്രഹത്തിന്റെ സ്‌പെക്ട്രം എങ്ങനെയിരിക്കുമെന്ന് പരിശോധിച്ച ശേഷമാണ് സമാന സ്‌പെക്ട്രമുള്ള ഗോളങ്ങളില്‍ ജീവ സാന്നിധ്യമുണ്ടോയെന്ന് പഠനം നടത്തുക. ചന്ദ്രോപരിതലത്തില്‍ നിന്ന് പരമാവധി 100 കിലോമീറ്ററും കുറഞ്ഞത് 30 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറിയതിനു ശേഷമായിരിക്കും സോഫ്റ്റ് ലാന്റിങ് പ്രക്രിയ. ത്രസ്റ്ററുകള്‍ എതിര്‍ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് വേഗത കുറച്ചാണ് സോഫ്റ്റ് ലാന്റിങ് നടത്തുക. ലാന്റിങ്ങിനു ശേഷം റോവര്‍ ലാന്ററില്‍ നിന്നിറങ്ങി പരീക്ഷണങ്ങള്‍ ആരംഭിക്കും. ലാന്‍ഡറില്‍ നാലും റോവറില്‍ രണ്ടും പേലോഡുകള്‍ പരീക്ഷണങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും ആശങ്ക നിറഞ്ഞ ഘട്ടമെന്നത് സോഫ്റ്റ് ലാന്റിങ് സമയമാണ്. സോഫ്റ്റ് ലാന്റിങ് സമയത്താണ് കഴിഞ്ഞ ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെട്ടത്. 2019-ലെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പരാജയത്തില്‍ നിന്ന് പൂര്‍ണമായും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യം ഐ.എസ്.ആര്‍.ഒ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ് ലാന്റു ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. ഈ പിഴവ് പരിഹരിക്കുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും കൂടുതല്‍ ഇന്ധനവും ചന്ദ്രയാന്‍-3ല്‍ ഒരുക്കിയിട്ടുണ്ട്.
ചങ്കിടിപ്പിന്റെ 40 ദിനങ്ങള്‍
ഇന്ത്യയുടെ അഭിമാനമായി ചരിത്രത്തിലേക്ക് കുതിച്ചുയര്‍ന്ന ചന്ദ്രദൗത്യം ഭൗമോപഗ്രഹത്തിലെത്തണമെങ്കില്‍ 40 ദിനങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണ്. ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹത്തിലേക്ക് നേരിട്ട് പറക്കാമെന്നിരിക്കെ ഇത്രയും സമയമെടുത്ത് ചുറ്റിക്കറങ്ങി യാത്ര ചെയ്യുന്നതിന്റെ കാരണം ഏറെ പ്രധാനമാണ്. അതിവേഗം ചന്ദ്രനിലെത്തണമെങ്കില്‍ ക്രാഷ് ലാന്റിങ് സാധ്യമാകണം. അതിനാവശ്യമായ വേഗത്തില്‍ സഞ്ചരിക്കുന്ന കുരുത്തുറ്റ വിക്ഷേപണ വാഹനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ പേടകത്തെ നേരിട്ട് ചന്ദ്രനിലേക്ക് അയക്കാന്‍ ആവശ്യമായ കരുത്തുറ്റ റോക്കറ്റ് നിലവില്‍ ഇന്ത്യക്കില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം പ്രയോജനപ്പെടുത്തി കുറഞ്ഞഇന്ധനവും കുറഞ്ഞ ചെലവും ആവശ്യമുള്ള രീതിയാണ് ഐ.എസ്.ആര്‍.ഒ ചാന്ദ്രയാന്‍ ദൗത്യത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചാന്ദ്രയാന്‍-2, മംഗള്‍യാന്‍ ദൗത്യങ്ങളിലെല്ലാം ഇതേ രീതി തന്നെയാണ് ഉപയോഗിച്ചിരുന്നത്. നിലവില്‍ ഭൂമിയില്‍ നിന്ന് നേരിട്ട് ചന്ദ്രനിലേക്കുള്ള അതിവേഗ നടത്തിയത അമേരിക്കയാണ്. നാസയുടെ അപ്പോളോ എട്ടു ദൗത്യമാണ് ഏറ്റവും വേഗമേറിയ ദൗത്യം. 69 മണിക്കൂര്‍ എട്ടു മിനിറ്റിലാണ് അപ്പോളോ എട്ട് ഭൂമിയില്‍ നിന്ന് ചന്ദ്രോപരിതലത്തിലെത്തിയത്. ക്രാഷ് ലാന്റു ചെയ്ത സോവിയറ്റ് യൂണിയന്റെ ലൂണ രണ്ട് 34 മണിക്കൂര്‍ കൊണ്ടാണ് ചന്ദ്രനിലെത്തിയത്.
ചന്ദ്രനിലെ ഒരു രാത്രിക്ക്
ഭൂമിയിലെ 14 ദിവസത്തെ ദൈര്‍ഘ്യം
ചന്ദ്രനിലെ ഒരു രാത്രിക്ക് ഭൂമിയിലെ 14 ദിവസത്തെ ദൈര്‍ഘ്യമാണുള്ളത്. അതിനാല്‍ അതിശൈത്യവും ഇരുട്ടും ഇത്രയും നാള്‍ അതിജീവിച്ചിക്കേണ്ടതുണ്ട് റോവറിന്. അടുത്ത ചാന്ദ്ര പകലില്‍ സൗരോര്‍ജ്ജം ലഭിക്കുന്നതു വരെ കാത്തിരുന്ന് പ്രവര്‍ത്തനക്ഷമമാകാന്‍ സാധിച്ചാല്‍ ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിനും റോവറിനും ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മംഗള്‍യാന്‍ നേരത്തെ ചാന്ദ്ര രാത്രികളിലെ ദൈര്‍ഘ്യം അതിജീവിച്ചതാണ് ഐ.എസ്.ആര്‍.ഒക്കു പ്രതീക്ഷ നല്‍കുന്നത്.