X

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ബ്രാഞ്ച് കമ്മിറ്റി ഓഫിസോ: ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്.
ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. വിവിപാറ്റ് എണ്ണുന്നതിലൂടെ മാത്രമേ വോട്ടറുടെ ആത്മവിശ്വാസം സംരക്ഷിക്കാനാകൂ. വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇ.വി.എം കൈയൊഴിഞ്ഞ് ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ പോവുകയാണ്. 2005-2009 കാലയളവില്‍ ജര്‍മ്മനി തെരഞ്ഞെടുപ്പിനായി ഇ.വി.എമ്മുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ സുരക്ഷിതമല്ലെന്ന് കണ്ട് പിന്നീട് ബാലറ്റിലേക്ക് മാറി. 1990 മുതല്‍ 2007 വരെ ഇ.വി.എം ഉപയോഗിച്ചിരുന്ന നെതര്‍ലാന്റും പിന്നീട് ഇത് ഉപേക്ഷിച്ച് ബാലറ്റിലേക്ക് മാറി. 2002-04 കാലയളവില്‍ അയര്‍ലന്റും ഇ.വി.എം പരീക്ഷിച്ചെങ്കിലും ബാലറ്റിലേക്ക് തന്നെ മടങ്ങി. സുതാര്യത കൂടുതല്‍ ബാലറ്റിനാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന ആന്ദ്രയില്‍ ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്. 4583 ഇ.വി.എമ്മുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ ഡപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം അനുസരിച്ച് ഒരിടത്തും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്ര നിരുത്തരവാദപരമായി പെരുമാറുന്ന ഒരു സംവിധാനത്തെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ജനാധിപത്യത്തെ നിങ്ങള്‍ പരിഹസിക്കുകയാണോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ ബ്രാഞ്ച് ഓഫീസ് ആയി അധഃപ്പതിക്കുകയാണ്- നായിഡു ആരോപിച്ചു. സംസ്ഥാനത്തെ 150 നിയമസഭാ മണ്ഡലങ്ങളിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
ഇ.വി.എമ്മുകളില്‍ ക്രമക്കേട് സാധ്യമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം നായിഡു തള്ളി. റിമോട്ട് ഉപയോഗിച്ച് ആര്‍ക്കും ക്രമക്കേട് നടത്താമെന്നും അദ്ദേഹം ആരോപിച്ചു.

web desk 1: