Connect with us

Article

ലക്ഷദ്വീപിലെ ലക്ഷ്യം

Published

on

പുത്തൂര്‍ റഹ്മാന്‍ 

ജര്‍മ്മനിയില്‍ മൗത്ഹൗസനില്‍ ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇപ്പോഴൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ എഴുതിയിരിക്കുന്ന ഒരു വാചകം ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാസിസം എന്നകാര്യം ഒരിക്കലും മറക്കാതിരിക്കുക’ എന്നാണ്. വന്‍കിട വ്യവസായികളുടെ പരിപൂര്‍ണ പിന്തുണ ഹിറ്റ്‌ലര്‍ നേടിയിരുന്നു. ഹിറ്റ്‌ലറും മൂന്നാലുപേരും ചേര്‍ന്നല്ല, ഭരണകൂടവും ജനങ്ങളിലൊരു വിഭാഗവും ഒരുമിച്ചാണ് ലക്ഷക്കണക്കിനു ജൂതരെയും എതിരഭിപ്രായമുള്ളവരെയും കൊന്നതും ലക്ഷണമൊത്ത ഫാസിസ്റ്റു ഭരണകൂടത്തിന്റെ മാതൃകയായി ജര്‍മ്മനിയെ മാറ്റിയതും. ഫാസിസം വളരേണ്ടത് കോര്‍പറേറ്റുകളുടെ ആവശ്യവും കോര്‍പറേറ്റുകളുടെ വളര്‍ച്ച ഫാസിസ്റ്റുകളുടെ ആവശ്യവുമാണ്. ഇന്ത്യയിലും ഇപ്പോഴതാണ് സംഭവിക്കുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവുമായ ഫാസിസത്തോടൊപ്പം കോര്‍പറേറ്റ് ഫാസിസവും കൃത്യമായ അളവില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ രീതിയായിക്കഴിഞ്ഞു. ലക്ഷദ്വീപില്‍നിന്നുള്ള വാര്‍ത്തകള്‍ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രം.

രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. കോവിഡ് മഹാമാരിയും ഗവണ്‍മെന്റിന്റെ ലക്ഷ്യബോധമില്ലാത്തതും പരാജയപ്പെട്ടതുമായ പ്രതിരോധസന്നാഹങ്ങളും രാജ്യത്തെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയാണ്. അപ്പോള്‍ തന്നെയാണ് പരമാധികാരവും സ്വാതന്ത്ര്യവും സമ്പത്തും കോര്‍പറേറ്റ് മുതലാളിമാര്‍ക്കുമുന്നില്‍ അടിയറവെക്കുകയും ചെയ്തുപോരുന്നത്. കോര്‍പറേറ്റ് മുതലാളിമാരെയും സമ്പന്ന വ്യവസായ ബിസിനസ് ലോബിയേയും പ്രീണിപ്പിക്കാനായി ഇന്ത്യയിലെ കൃഷിനിയമങ്ങളും തൊഴില്‍ നിയമങ്ങളും മാറ്റിയെഴുതിയത് നാം കണ്ടു. കര്‍ഷകര്‍ ഇന്നും സമരത്തിലാണ്. അക്കൂട്ടത്തില്‍ കാണേണ്ടതാണ് ലക്ഷദ്വീപിനെതിരെയുള്ള കേന്ദ്ര ഭരണകൂടത്തിന്റെ പുതിയ നീക്കവും.

കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേയറ്റത്തേക്കുള്ള ദൂരം നോക്കിയാല്‍, ലക്ഷദ്വീപിലേക്ക് അത്രയും ദൂരമില്ല. അത്രയും അടുത്താണ് കടലില്‍ വീണു ചിതറിയപോലെ കിടക്കുന്ന മുപ്പത്തിയാറ് പവിഴദ്വീപുകള്‍ അടങ്ങിയ ലക്ഷദ്വീപ്‌സമൂഹം. കേരളത്തില്‍നിന്നും കല്‍പേനി ദ്വീപിലേക്കുള്ള ദൂരം ഇരുനൂറ്റി എണ്‍പത്തിയേഴ് കിലോമീറ്റര്‍. കവരത്തിയിലേക്കു നാനൂറ്റിനാല് കിലോമീറ്റര്‍. 1956 മുതല്‍ കേന്ദ്രഭരണ പ്രദേശമായ ദ്വീപിലെ മനുഷ്യര്‍ക്കു കരയെന്നാല്‍ കേരളമാണ്. ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ക്ക് രാഷ്ട്രീയപരമോ സാംസ്‌കാരികമോ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമോ ആയ ഏതുതരം അധിനിവേശവും വംശഹത്യ തന്നെയും സംഘടിപ്പിക്കാന്‍ പറ്റിയ ഭൂമിശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഭൂമിയാണ് ദ്വീപ്. ഒരു മുസ്‌ലിം പ്രശ്‌നമാക്കിമാറ്റിയാല്‍ ഭരണകൂടത്തിനും സംഘ്പരിവാറിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന അജണ്ടയാക്കി അതു മാറ്റാം. ഗുജറാത്തില്‍ നിന്നും ഇറക്കുമതി ചെയ്ത അഡ്മിനിസ്‌ട്രേറ്റര്‍വഴി ദ്വീപില്‍ ഇപ്പോള്‍ കളമൊരുക്കിയിരിക്കുന്നത് അത്തരമൊരു പദ്ധതിക്കു തന്നെയാണ്.

മല്‍സ്യവും നാളികേരവും ഒഴികെ എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കുന്ന ജനത. പത്തു ഗ്രാമപ്പഞ്ചായത്തുകളും പത്തു ഗ്രാമസഭകളും ഒരു ജില്ലാപഞ്ചായത്തുമുള്ള ദ്വീപിലെപ്പോലെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സംവിധാനം രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നാണു പഞ്ചായത്തീരാജ് മന്ത്രാലയം രേഖകള്‍ പോലും പറയുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പന്ത്രണ്ട് ശതമാനത്തിലേറെയും ഉത്തര്‍പ്രദേശിലാണെങ്കില്‍ ലക്ഷദ്വീപ്, ദാദ്രാ ആന്റ് നാഗര്‍ഹാവേലി, ദാമന്‍ ദിയു, സിക്കിം തുടങ്ങിയ പ്രദേശങ്ങളിലതു പൂജ്യം ശതമാനമാണ്. അഥവാ ജനങ്ങള്‍ സമാധാനമായും സ്വസ്ഥമായും കഴിയുന്ന പ്രദേശമാണ് ലക്ഷദ്വീപ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റായി പ്രഫുല്‍ കെ. പട്ടേല്‍ എത്തിയത്. ലക്ഷദ്വീപില്‍ കാലുകുത്തിയ പട്ടേല്‍ പൗരത്വ ഭേദഗതി നയത്തിനെതിരെ ദ്വീപുകാര്‍ കെട്ടിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടശേഷം പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തുകൊണ്ട് നിര്‍ദ്ദിഷ്ട ദൗത്യം ആരംഭിച്ചു.

സി.എ.എ, എന്‍.ആര്‍.സി നയങ്ങള്‍ക്കെതിരെ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ എത്തുന്ന സമയത്ത് അത്തരം സമരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അറസ്റ്റ് നടന്നു. തുടര്‍ന്നുള്ള നാലു മാസങ്ങളില്‍ അദ്ദേഹം പുതിയ പരിഷ്‌കാരങ്ങള്‍ ഓരോന്നായി നടപ്പാക്കി. കൂട്ടത്തില്‍ ബീഫ് നിരോധനം, ഗുണ്ടാനിയമം, ഭൂമി പിടിച്ചെടുക്കല്‍, കൂട്ടപിരിച്ചുവിടല്‍, രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്, ഡയറി ഫാമുകള്‍ അടയ്ക്കാനുള്ള ഉത്തരവ് തുടങ്ങി പലതും.
ദ്വീപുകളുടെ ചുമതലയേറ്റ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആദ്യം മാറ്റിയത് കലക്ടറെയാണ്. പുതിയ കലക്ടര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്രഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ചയാളാണ്. ലക്ഷദ്വീപില്‍ തന്റെ വിളയാട്ടത്തിനു ഉചിതനായ കലക്ടര്‍ കൂടി വേണം എന്നത് പ്രഫുല്‍ കെ. പട്ടേല്‍ തീരുമാനിക്കുന്നതില്‍ അതിശയമില്ല. അനീതിക്കു കൂട്ടുനില്‍ക്കുകയാണു അദ്ദേഹത്തിന്റെ ശീലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും സ്വന്തക്കാരനാണ് ആര്‍.എസ്.എസ് കുടുംബാംഗമായ പട്ടേല്‍. ഗുജറാത്തിലെ 2007-12 കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരില്‍ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതകക്കേസില്‍ അമിത്ഷാ ജയിലിലായ രണ്ടുവര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ കെ. പട്ടേല്‍. ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റ പട്ടേലിനെ മോദി പക്ഷേ കൈവിട്ടില്ല.

2016ല്‍ പട്ടേലിനെ ദാമന്‍ ദിയുവിലെ അഡ്മിനിസ്‌ട്രേറ്ററാക്കി. ഇന്ത്യയില്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ രാഷ്ട്രീയക്കാരെന്ന നിലയില്‍ ഒരാള്‍ ആദ്യമായി അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ വന്നു. അതുവരെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍മാരാവാറ്. പിന്നീട് ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്ററായും പട്ടേല്‍ നിയമിതനായി. അവിടെ വെച്ചാണ് നീതിമാനായ കണ്ണന്‍ ഗോപിനാഥന്‍ എന്ന കലക്ടര്‍ പട്ടേലിന്റെ തീരുമാനങ്ങളെ എതിര്‍ത്തത്. തന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പട്ടേല്‍ കണ്ണന്‍ ഗോപിനാഥന് 2019 മാര്‍ച്ചില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രളയകാലത്ത് കേരളത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയതിനും കണ്ണന്‍ ഗോപിനാഥനു പട്ടേല്‍ നോട്ടീസ് നല്‍കിയിരുന്നു. കണ്ണന്‍ ഗോപിനാഥന്‍ പിന്നീട് സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ചു. അതുകൊണ്ട് തന്നെ തന്റെ കീഴില്‍ അനുസരണയുള്ള ഒരു കലക്ടര്‍ വേണമെന്ന് പട്ടേലിനറിയാം.

പ്രഫുല്‍ കെ. പട്ടേല്‍ മുമ്പ് അഡ്മിനിസ്‌ട്രേറ്റായ ദാമനിലും ലക്ഷദ്വീപില്‍ ഇപ്പോള്‍ കൊണ്ടുവന്നതുപോലുള്ള ജനദ്രോഹ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വികസനം കാരണമായി പറഞ്ഞുകൊണ്ട് നൂറോളം വീടുകള്‍ അവിടെ പൊളിച്ചുമാറ്റി. പ്രതിഷേധവുമായി ദാമനിലും മത്സ്യത്തൊഴിലാളികള്‍ തെരുവിലിറങ്ങുകയുണ്ടായി. ദാദ്ര നഗര്‍ ഹവേലിയില്‍നിന്ന് ഏഴു തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ ദേല്‍ഖര്‍ മുംബൈ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടും പട്ടേലിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഥവാ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ശതമാനകണക്കില്‍ പൂജ്യം ശതമാനമായ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ നിയമനം ഒട്ടേറെ കാര്യപരിപാടികള്‍ക്ക് വഴിയൊരുക്കാന്‍ തന്നെയാണ്. ജനപ്രതിനിധികളോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിലുള്‍പ്പടെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഇത്തരത്തിലുള്ള നിയമത്തിന്റെ ഒരാവശ്യവും ഇല്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്റ്റ് കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരാവുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനാണെന്നു തന്നെയാണ് ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസലും പറയുന്നത്.

ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ കവരുന്ന പരിഷ്‌കാരങ്ങള്‍ക്കുപിന്നില്‍ മത്സ്യ സമ്പത്ത് കോര്‍പറേറ്റുകള്‍ക്കു നല്‍കുന്നതും പുതിയ മദ്യനയത്തില്‍ ടൂറിസം അജണ്ടകളുമുള്‍പ്പടെയുള്ളതുമായ ലക്ഷ്യങ്ങള്‍ ഉണ്ട്. ദ്വീപുവാസികള്‍ അധിവസിക്കാത്ത ടൂറിസം മാത്രം നടക്കുന്ന ബംഗാരത്തില്‍ നേരത്തെ മദ്യശാലകളുണ്ട്. അതിലാരും പ്രതിഷേധിച്ചിട്ടുമില്ല. ജനവാസമുള്ള ദ്വീപുകളില്‍ മദ്യശാലകള്‍ തുറന്നതാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്. ജനവാസമില്ലാത്ത ദ്വീപുകളില്‍നിന്നും ടൂറിസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ജനം എതിരല്ല. ടൂറിസം പദ്ധതികള്‍ മുന്നില്‍ കണ്ടുകൊണ്ട് ഗുജറാത്തിലെ നാഷനല്‍ ഹൈവേ നിയമം ദ്വീപില്‍ നടപ്പാക്കുന്നതാണ് നാട്ടുകാരില്‍ ഭീതിയുയര്‍ത്തിയത്. വലിയ റോഡുകളുണ്ടാക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ദ്വീപിന്റെ പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നാണവരുടെ പേടി. അതിനു പുറമെയാണ് ദ്വീപുകാര്‍ എന്തു കഴിക്കണമെന്ന കാര്യത്തിലും ഭരണകൂടം ഇടപെട്ടത്. വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് കവരത്തി പഞ്ചായത്ത് പാസാക്കിയ പ്രമേയത്തിലുള്ളത്. അഥവാ ജനാധിപത്യപരമായ അവകാശമാണ് ദ്വീപുകാര്‍ ആവശ്യപ്പെടുന്നത്.

ലക്ഷദ്വീപുകാരായ സാധാരണ മനുഷ്യര്‍ തങ്ങളുടെ സങ്കടവും ആശങ്കയും പുറം ലോകത്തോട് പറയുന്ന അനേകം വീഡിയോകള്‍ വന്നു. അതിലെല്ലാം മലയാളത്തിലാണവര്‍ സംസാരിക്കുന്നത്. ഫാസിസത്തിനും സംഘ്പരിവാറിനും എതിരെ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്ന കേരളത്തിലെ ജനങ്ങളോടാണവര്‍ സഹായം ചോദിക്കുന്നത്. ലക്ഷദ്വീപ് വാസികള്‍ക്കുവേണ്ടി കേരളം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. കേരളജനത തങ്ങളുടെ അയലത്തെ മനുഷ്യര്‍ക്കുവേണ്ടി നിലകൊള്ളും എന്നറിയാവുന്നതുകൊണ്ട് തന്നെയാണ് പൃത്ഥ്വിരാജ് സുകുമാരന്റെ അടക്കം പ്രതികരണങ്ങളോട് സംഘ്പരിവാരം വലിയ തോതില്‍ അസഹിഷ്ണുക്കളാകുന്നതും. ലക്ഷദ്വീപിലെ മണ്ണിനും മനുഷ്യര്‍ക്കും വേണ്ടി കരുതലുണ്ടാകണം. കണ്ണില്‍ ചോരയും ഖല്‍ബില്‍ സ്‌നേഹവും ഇല്ലാത്ത സംഘ്പരിവാര്‍ ആ മനുഷ്യരെ കുരുതികൊടുത്തും രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും ഉണ്ടാക്കും. ഭരണകൂട ഭീകരതയും പൗരാവകാശങ്ങള്‍ക്കു മീതെയുള്ള കടന്നുകയറ്റവും ധ്വംസനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷവേട്ടകളും വംശഹത്യകളും മാത്രമല്ല മനുഷ്യരെ പെരുവഴിയിലേക്കിറക്കി നടത്തുന്ന കോര്‍പറേറ്റ് ഫാസിസവും പ്രതിരോധിക്കേണ്ടതുണ്ട്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Trending