എ.കെ ആന്റണി
അതികായന്മാരായ നേതാക്കളുടെ മുന്‍നിരയിലാണ് സി.എച്ച് മുഹമ്മദ് കോയയുടെ സ്ഥാനം. കേവലമൊരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല സി.എച്ച്. കേരളത്തിലുണ്ടായിട്ടുള്ള ഭരണാധികാരികളിലും അദ്ദേഹത്തിന്റെ സ്ഥാനം മുന്നില്‍ തന്നെയാണ്. കേരളത്തില്‍ നടന്ന വലിയ സാമൂഹ്യവിപ്ലവത്തിന് നേതൃത്വം നല്‍കിയ നേതാവ് എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. കുറേനാളായി കേരളത്തിലെ വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, ഒരു കാലഘട്ടത്തില്‍ മുസ്‌ലിം സമുദായം, പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസ മേഖലയില്‍ വളരെ പിന്നാക്കമായിരുന്നു. ആ പിന്നാക്കാവസ്ഥ പൂര്‍ണായി മാറിയില്ലെങ്കിലും വളരെയേറെ മാറ്റമുണ്ടായിട്ടുണ്ട്. അതിനേക്കാള്‍ പരിതാപകരമായിരുന്നത് കേരളത്തിലൊട്ടാകെ മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് നേരിട്ടിരുന്ന പ്രശ്‌നങ്ങളാണ്. സമുദായം തന്നെ മുസ്‌ലിം പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അയക്കാന്‍ തല്‍പരരായിരുന്നില്ല. ഈ സ്ഥിതി മാറ്റിയെടുത്തതില്‍ കേരളത്തിലെ ഒരുപാട് സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്കും ഭരണാധികാരികള്‍ക്കും പങ്കുണ്ട്. അവരില്‍ ഏറ്റവും മുന്നിലാണ് സി.എച്ചിന്റെ സ്ഥാനം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ സംസ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. അതിന്റെ പ്രയോജനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്നുവരാന്‍ അദ്ദേഹം നിരന്തരമായി സമുദായത്തിന് അകത്തും പുറത്തും വാദിച്ചു. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമം പിന്നീട് ഫലം കാണുകയായിരുന്നു.
അടുത്ത കാലത്തായി കേരളത്തിലെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണുന്നത് മുസ്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ, ആവേശത്തോടെ കടന്നുവരികയാണ്. മാത്രമല്ല, മത്സരപരീക്ഷകളില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണ്. കഠിനാധ്വാനവും ഗവേഷണ താല്‍പര്യവും അവരില്‍ വളര്‍ന്നുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരള നിയമസഭാ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഏറ്റവുമധികം വരുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണെന്ന് അവിടത്തെ ചുമതലക്കാര്‍ എന്നോട് പറഞ്ഞു. അത് അവരുടെ ഗവേഷണ താല്‍പര്യമാണ്. ഈ നിലയില്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസത്തിനും മലബാറിന്റെ പിന്നാക്കാവസ്ഥയിലും പരിഹാരമുണ്ടാക്കുക മാത്രമല്ല, മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ പൊതുവിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ചും കടന്നുചെല്ലാന്‍ ഏറ്റവും നേതൃത്വപരമായ പങ്ക് വഹിച്ചത് സി.എച്ച് മുഹമ്മദ് കോയയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തിന്റെ കടന്നുവരവില്‍ എം.ഇ.എസിനും പങ്കുണ്ട്.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ച, അവരുടെ കഠിനാധ്വാനം, പുരോഗതി, ആത്മവിശ്വാസം, കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ് എന്നിങ്ങനെ അവര്‍ മുന്നിലാണ്. കേരളത്തില്‍ മാത്രമല്ല, എവിടെ പോയി പഠിക്കാനും അവര്‍ തയാറാണ്. ഡല്‍ഹിയിലും ജാമിഅമില്ലിയയിലും ജെ.എന്‍.യുവിലും പല കോളജുകളിലും മലബാറില്‍നിന്ന് ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്നു. ഭയനിര്‍ഭരമായി ചങ്കൂറ്റത്തോടെ അവര്‍ നില്‍ക്കുന്നു. ചര്‍ച്ചകളിലൊക്കെ അവര്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ എത്രമാത്രം ആഴത്തിലാണ അവര്‍ കാര്യങ്ങള്‍ പഠിച്ച് ആശയവിനിമയം നടത്തുന്നതെന്ന് മനസിലാക്കാനാകും. ആ ഒരു വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് സി.എച്ച് അല്ലാതെ മറ്റാരുമല്ല. സി.എച്ചിന്റെ ഏറ്റവും വലിയ നേട്ടമെന്തെന്ന് ചോദിച്ചാല്‍ വിദ്യാഭ്യാസ രംഗത്തായിരുന്നെന്ന് ഞാന്‍ പറയും.
രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം മുസ്‌ലിംലീഗിന്റെ മാത്രം നേതാവായിരുന്നില്ല. കേരളത്തിന്റെ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളുടെയാകെ നേതാവായിരുന്നു. അത്തോളിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം അന്നത്തെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യനില വെച്ചുനോക്കുമ്പോള്‍ ഈ തലത്തില്‍ എത്തുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. മന്ത്രിയെന്ന നിലയില്‍ സി.എച്ച് കൈകാര്യംചെയ്ത വകുപ്പുകളിലെല്ലാം തന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദ്യാഭ്യാസ വകുപ്പിലാണെന്നു മാത്രം. കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് സി.എച്ച് തന്നെയാണ്. പി.ഡബ്ല്യു.ഡിയിലും മറ്റ് വകുപ്പുകളിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മരിക്കാനാവില്ല. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, പാര്‍ലമെന്റ് അംഗം എന്നിങ്ങനെ ഏതെല്ലാം രംഗത്തായാലും അവിടെയെല്ലാം തന്റെ അടയാളങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മുസ്‌ലിംലീഗിന് മാത്രമല്ല, യു.ഡി.എഫിനു മാത്രമല്ല, കേരള സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു സി.എച്ച്. കേരളത്തിന്റെ എല്ലാ പുരോഗതിക്കും ആധാരമായ രണ്ടക്ഷരം.
ഇന്ന് കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തിന് ഏറ്റവും വലിയ സംഭാവന നല്‍കുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. എല്ലാ സമുദായങ്ങളുടെയും അംഗീകാരം നേടാനാകുന്ന നേതാക്കള്‍ അപൂര്‍വമാണ്. സി.എച്ച് എല്ലാ സമുദായങ്ങള്‍ക്കും പ്രിയപ്പെട്ട നേതാവായിരുന്നു. മുസ്‌ലിംലീഗിന് ഇന്ന് പൊതുസമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരം സി.എച്ചിനെ പോലുളള നിരവധി മഹാന്മാരായ നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായതാണ്. സി.എച്ച് മന്ത്രിയായും മറ്റും തിരുവനന്തപുരത്ത് വളരെക്കാലം ജീവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയപ്പെട്ട നേതാവായിരുന്നു. എല്ലാ സമുദായങ്ങളും സി.എച്ചിനെ സ്‌നേഹിച്ചിരുന്നു. അടിയുറച്ച ഇസ്‌ലാംമത വിശ്വാസിയായിരിക്കുമ്പോള്‍ത്തന്നെ മറ്റെല്ലാ മതങ്ങളെയും സ്‌നേഹിക്കുകയും അവരുടെ വിശ്വാസങ്ങളെ കൂടി സംരക്ഷിക്കുകയും ചെയ്തിരുന്നു. സി.എച്ചിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ ചേര്‍ത്തുപിടിക്കുന്നു. സ്മരണകള്‍ക്കുമുന്നില്‍ ആദരമര്‍പ്പിക്കുന്നു.