കേന്ദ്ര ബജറ്റ് കർണാടകയോട് അനീതി കാട്ടിയെന്ന വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തിലുള്ള ബി.ജെ.പിക്ക് മനുസ്മൃതി മാനസികാവസ്ഥയുണ്ടെന്നും മനുസ്മൃതിക്ക് എതിരായ സംസ്ഥാനങ്ങളോട് അവർ അന്യായമായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മൈസൂരു ടി.കെ. ലേഔട്ടിലെ തന്റെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-‘26 വർഷത്തേക്ക് നിരാശാജനകമായ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് കനത്ത പ്രഹരം നൽകി.
ബജറ്റിന് മുമ്പുള്ള ചർച്ചയിൽ പങ്കെടുക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ ഞങ്ങൾ അയച്ചിരുന്നു. സംസ്ഥാനത്തിനുവേണ്ടി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ ഒരെണ്ണം പോലും അനുവദിച്ചില്ല.
55.46 ലക്ഷം കോടി രൂപയുടെ ബജറ്റിൽ കേന്ദ്രം 15.68 ലക്ഷം കോടി രൂപ കടമെടുത്തു. പലിശയിനത്തിൽ 12.7 ലക്ഷം കോടി രൂപ ലഭിച്ചു. രാജ്യത്തിന്റെ മൊത്തം കടം ഇപ്പോൾ 202-205 ലക്ഷം കോടി രൂപയാണ്. ധനക്കമ്മി 4.4 ശതമാനവും റവന്യൂ കമ്മി 1.5 ശതമാനവുമാണ്. ഏറ്റവും കൂടുതൽ നികുതി അടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ ബിഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചു. അതേസമയം ആന്ധ്രപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചു.
മേക്കേദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് എന്നിവയുൾപ്പെടെ നിർണായക ജലസേചന പദ്ധതികൾക്ക് ഫണ്ടനുവദിച്ചില്ല. 2023-‘24 ബജറ്റിൽ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് കേന്ദ്രം 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരുരൂപപോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഇത്തവണ പദ്ധതി പൂർണമായി ഒഴിവാക്കി.
കർണാടക ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ച്ചൂരിൽ എയിംസ് ആശുപത്രി ബജറ്റിൽ ഉൾപ്പെടുത്താത്തതിനെ മുഖ്യമന്ത്രി വിമർശിച്ചു. നഗരവികസനം, കുടിവെള്ള പദ്ധതികൾ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഹൈവേകൾ എന്നിവക്കുള്ള ഫണ്ടുകളും നിഷേധിക്കപ്പെട്ടു. രാജകലുവെ (അഴുക്കുകനാൽ സംവിധാനം) വികസനം, ബിസിനസ് ഇടനാഴി വികസനം എന്നിവയുൾപ്പെടെ ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾ അവഗണിക്കപ്പെട്ടു. കൂടാതെ, അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന അവഗണിക്കപ്പെട്ടു. നഗരപ്രദേശങ്ങളിലെ ഭവനനിർമാണത്തിന് കേന്ദ്രം 1.5 ലക്ഷം രൂപയാണ് നൽകുന്നത്.
അതു ഞങ്ങൾ അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിഗണിച്ചില്ല. ഗ്രാമപ്രദേശങ്ങളിൽ നിലവിലെ വിഹിതം 75,000 ആണ്. ഇതു ഞങ്ങൾ മൂന്നു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം (എൻ.ആർ.ഇ.ജി.എ) ബജറ്റിൽ കഴിഞ്ഞ വർഷം 89,154 കോടിയിൽനിന്ന് ഈ വർഷം 86,000 കോടിയായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സർക്കാറിന്റെ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളെ സിദ്ധരാമയ്യ പരിഹസിച്ചു.
വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും മേക്ക് ഇൻ ഇന്ത്യക്ക് 100 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ചുരുക്കത്തിൽ ഇതു പൊള്ളയായ വാക്കുകളുടെ ബജറ്റാണ്. കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിൽ നിക്ഷേപിക്കുന്നതിനുപകരം, സർക്കാർ കോർപറേറ്റ് താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.