പുതുകാലത്ത് ഏറ്റവുമധികം സാധ്യതകള്‍ കണ്ടെത്താവുന്ന കരിയര്‍ മേഖലകളിലൊന്നാണ് സ്റ്റാറ്റിസ്റ്റിക്സ്. ഡാറ്റയുടെ ശേഖരണം, വിന്യാസം, വിശകലനം, വ്യാഖ്യാനം, അവതരണം എന്നിവ സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് അടിസ്ഥാനമായ ആസൂത്രണത്തിന്റെ ഏറ്റവും പ്രധാന അടിത്തറയാണ് സ്റ്റാറ്റിസ്റ്റിക്സ്. ലോകത്തിന്റെ ഗതി മുന്നേറ്റത്തിന് ചാലകമായി വര്‍ത്തിച്ച് ആധുനിക ഓയില്‍ എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന ഡാറ്റാ സയന്സുമായുള്ള സ്റ്റാറ്റിസ്റ്റിക്സിന്റെ ബന്ധം മൂലം വിഷയത്തിന് ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
സാമ്പത്തികം, വിദ്യാഭ്യാസം, കാലാവസ്ഥ പ്രവചനം, ഇന്‍ഷുറന്‍സ്, ആരോഗ്യ പരിപാലനം, സ്പോര്‍ട്സ്, ജനസംഖ്യാപഠനം, ദേശസുരക്ഷ, പരിസ്ഥിതി, പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം, ക്വാളിറ്റി കണ്‍ട്രോള്‍, ഓഹരി വിപണി ബയോ ഇന്‍ഫോര്‍മാറ്റിക്സ് തുടങ്ങിയ ഏറെക്കുറെ മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സിന്റെ സാന്നിധ്യം അവഗണിക്കാനാവാത്തതാണ്. ആക്ച്വറി മേഖലയിലെ അവസരങ്ങളും ഉപയോഗപ്പെടുത്താം.
സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷന്‍ കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ വഴി നിയമനം നടത്തുന്ന ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ബിരുദ തലത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചവര്‍ക്കപേക്ഷിക്കാം.
കേരളത്തില്‍ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഗ്രേഡ് 2 സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ തസ്തികകള്‍ക്ക് സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബി.എസ്സി, എം.എസ്സി എന്നിവയോടൊപ്പം ബി.എഡ് മറ്റു യോഗ്യതകള്‍ എന്നിവ നേടിയതിന് ശേഷം ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ അധ്യാപകരാവാന്‍ അവസരമുണ്ട്.
കേരളത്തിലെ നിരവധി അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദ തലത്തില്‍ സ്റ്റാറ്റിറ്റിക്സ് പഠിക്കാനുള്ള അവസരമുണ്ട്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ത്രിവത്സര ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ബി.സ്റ്റാറ്റ് (ഓണേഴ്സ്) പ്രോഗ്രാം ശ്രദ്ധേയമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), രാജസ്ഥാന്‍, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമുണ്ട്.
ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ഹിന്ദു,കിരോരിമാല്‍,ലേഡി ശ്രീറാം, മാതാ സുന്ദ്രി,രാംലാല്‍ ആനന്ദ്,രാമാനുജന്‍, രാംജാസ്, ശഹീദ് രാജ്ഗുരു,ശ്രി വെങ്കടേശ്വര്‍,പിജിഡിഎവി കോളേജുകള്‍,ലയോള കോളേജ്ചെന്നൈ,പ്രെസിഡെന്‍സി കോളേജ് ചെന്നൈ, വിശ്വഭാരതി കൊല്‍ക്കത്ത, സെന്റ് സേവിയേഴ്സ്മുംബൈ, കൊല്‍ക്കത്ത, ക്രിസ്ത്യന്‍ കോളേജ് മദ്രാസ്, ഫെര്‍ഗൂസന്‍ കോളേജ്,പൂനെ, നഴ്സി മോണ്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട്മുംബൈ, ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിപഞ്ചാബ്, എം.എസ്.യുബറോഡ എന്നിവിടങ്ങളില്‍ ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ട പഠനാവസരങ്ങളുണ്ട്.
ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പൂര്‍ത്തിയാക്കിയാല്‍ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സിനു പുറമെ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ആക്ച്വറിയല്‍ സയന്‍സ്, ബയോ ഇന്‍ഫോര്മാറ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ജിയോഗ്രഫി, അപ്ലൈഡ് ജിയോളജി, പബ്ളിക് ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനവും നടത്താം.ഏതു ബിരുദം കഴിഞ്ഞാലും പ്രവേശനം നേടാവുന്ന കോഴ്സുകളുമുണ്ട്.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(എം.സ്റ്റാറ്റ്)പ്രോഗ്രാം വളരെ സവിശേഷ സ്വഭാവമുളളതാണ്.കേരളത്തിലെ വിവിധ കോളേജുകളിലെ പഠനാവസരത്തിന് പുറമെ കാണ്‍പൂര്‍, ബോംബെ ഐ.ഐ.ടികള്‍, കല്‍ക്കത്ത സര്‍വകലാശാല,സാവിത്രിബായ് ഫൂലെ യൂണിവേഴ്സിറ്റിപൂനെ,ഡല്‍ഹി സര്‍വകലാശാല, മദാസ് സര്‍വകലാശാല,ഹൈദ്രബാദ്,ബനാറസ് ഹിന്ദു,അലിഗഡ് മുസ്ലിം പോണ്ടിച്ചേരി,ഇന്ദിരാഗാന്ധി നാഷണല്‍ ്രൈടബല്‍ ഹരിയാന,ജാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സൗത്ത് ബിഹാര്‍, ഒഡീഷ, ത്രിപുര, തമിഴ്നാട്, ബാബ സാഹേബ് ഭീം റാവു അംബേദ്ക്കര്‍ കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനാവസരങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, വാണിജ്യ മന്ത്രാലയം, നീതി ആയോഗ്, ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ്, സെന്‍സസ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ തൊഴില്‍ സാധ്യതകളുണ്ട്. അനുയോജ്യമായ സ്‌കില്‍ ഡെവലപ്മന്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി ആവശ്യമായ ശേഷിയും വൈഭവവും യോഗ്യതയും നേടാനാവുന്ന പക്ഷം വിവിധ ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍, ബിസിനസ് അനലിസ്റ്റ്, റിസ്‌ക് അനലിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, കണ്ടന്റ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ തൊഴില്‍ സാധ്യതകളുണ്ട്.