എന്‍ജിനീയറിങ് ബ്രാഞ്ചുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടി വിശദീകരിക്കാം. ഓരോ ബ്രാഞ്ചിന്റെയും തൊഴില്‍, ഉപരിപഠന സാധ്യതകള്‍ വ്യക്തമായി മനസ്സിലാക്കുന്നത് വിവേകപൂര്‍ണമായ തീരുമാനങ്ങളെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുമെന്നുറപ്പാണ്
ബ്രാഞ്ചുകളുടെ വര്‍ഗീകരണം തിരിച്ചറിയുക
എന്‍ജിനീയറിങ് ബ്രാഞ്ചുകളെ കോര്‍, നോണ്‍ കോര്‍ എന്നും സര്‍ക്യൂട്ട്, നോണ്‍ സര്‍ക്യൂട്ട് എന്നുമായി രണ്ട് രീതിയില്‍ വര്‍ഗീകരിക്കാറുണ്ട്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ അടിസ്ഥാന സ്വഭാവമുള്ളവയെ കോര്‍ ബ്രാഞ്ചുകളെന്ന് വിളിക്കാം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലയുമായി ബന്ധപ്പെട്ട പഠനത്തിന് പ്രധാന്യം ലഭിക്കുന്നത് കൊണ്ട് ഇലക്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ ബ്രാഞ്ചുകളെ സര്‍ക്യൂട്ട് ബ്രാഞ്ചുകളെന്നും വിശേഷിപ്പിക്കാം.
സ്‌പെഷ്യലൈസ്ഡ് മേഖലയില്‍ സവിശേഷമായി താല്‍പര്യമില്ലെങ്കില്‍ അഭിരുചിക്കനുസൃതമായി കോര്‍ ബ്രാഞ്ചുകളിലൊന്നോ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, അനുബന്ധ മേഖലകളില്‍ തൊഴില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്യൂട്ട് ബ്രാഞ്ചുകളിലൊന്നോ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്ന് സാമാന്യമായി പറയാം. ഓരോ ബ്രാഞ്ചും പഠിച്ച് കഴിഞ്ഞാലുള്ള തുടര്‍പഠനാവസരങ്ങളും തൊഴിലവസരങ്ങളും മനസ്സിലാക്കണം.
സിവില്‍
എന്‍ജിനീയറിങ്
ഏറ്റവും അടിസ്ഥാന ശാഖയായ സിവിലിനെ എഞ്ചിനീയറിങ്ങിന്റെ മാതാവ് എന്ന് വിളിക്കാറുണ്ട്. കെട്ടിടങ്ങള്‍, റോഡ്, പാലം, റെയില്‍, അണക്കെട്ട്, തുരങ്കം, തുറമുഖം തുടങ്ങിയ എല്ലാ നിര്‍മിതികളുടെയും രൂപകല്‍പന, നിര്‍മാണം, പരിപാലനം എന്നിവ സിവില്‍ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവിടങ്ങളിലവസരങ്ങളുണ്ടാവും.
ബിരുദത്തിന് ശേഷം ജിയോ ടെക്‌നിക്കല്‍, സ്ട്രക്ചറല്‍, ഹൈഡ്രോളിക്‌സ്, ട്രാഫിക്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, എന്‍വിറോണ്‍മെന്റല്‍, വാട്ടര്‍ റിസോര്‍സസ് ആന്‍ഡ് ഹൈഡ്രോ ഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, റിമോട്ട് സെന്‍സിംഗ്, ഓഫ്‌ഷോര്‍ സ്ട്രക്ചര്‍, ബില്‍ഡിങ് ടെക്‌നോളജി, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍, ഡ്രെഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഓഷ്യന്‍ ടെക്‌നോളജി, അര്‍ബന്‍ പ്ലാനിങ് തുടങ്ങിയ നിരവധി മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്ത് തുടര്‍ പഠനത്തിനവസരമുണ്ട്.
മെക്കാനിക്കല്‍
എന്‍ജിനീയറിങ്
ചെറുതും വലുതുമായ യന്ത്രങ്ങള്‍, മറ്റു സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയുടെ രൂപകല്‍പന, നിര്‍മാണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ക്കവസരമുണ്ടാവുക. ഉദ്പാദനം, ഓട്ടോമൊബൈല്‍, നിര്‍മാണം, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളില്‍ തൊഴില്‍ തേടാം.
ബി.ടെക്കിന് ശേഷം തെര്‍മല്‍, മെഷീന്‍ ഡിസൈന്‍, ഓട്ടോമൊബൈല്‍, മെക്കാട്രോണിക്‌സ് , പ്രൊപ്പല്‍ഷന്‍, ഇന്‍ഡഡ്‌സ്ട്രിയല്‍, മാനുഫാക്ച്ചറിങ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്‍ജിനീയറിങ് ഡിസൈന്‍, പ്രൊഡക്ഷന്‍, ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിന്‍ ആന്‍ഡ് ടര്‍ബോ മെഷീനറി, മാനുഫാക്ചറിങ് സിസ്റ്റം മാനേജമെന്റ്, അഡ്വാന്‍സ്ഡ് മാനുഫാക്ച്ചറിങ് ആന്‍ഡ് മെക്കാനിക്കല്‍ സിസ്റ്റം, എനര്‍ജി മാനേജ്മന്റ്, എനര്‍ജി സിസ്റ്റം അനാലിസിസ് ആന്‍ഡ് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ റെഫ്രിജറേഷന്‍ ആന്‍ഡ് ക്രയോജെനിക്‌സ്, കമ്പ്യൂട്ടര്‍ ഇന്റഗ്രേറ്റഡ് മാനുഫാക്ച്‌റിങ്, എന്‍വയോണ്‍മെന്റല്‍, പ്രൊഡക്ഷന്‍, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മറൈന്‍ ആര്‍മെമന്റ് ആന്‍ഡ് കോംപാക്ട് വെഹിക്കിള്‍ തുടങ്ങിയവയില്‍ ഉപരിപഠനത്തിനവസരമുണ്ട്.
ഇലക്ട്രിക്കല്‍
എന്‍ജിനീയറിങ്
വൈദ്യുതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, സിസ്റ്റങ്ങള്‍ എന്നിവയുടെ രൂപകല്‍പന, നിര്‍മാണം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തനമുണ്ടാവുക. വൈദ്യുതിയുടെ ഉദ്പാദനം, പ്രസരണം, വിതരണം, ഉപയോഗം, പ്രൊട്ടക്ഷന്‍ എന്നിവയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് പ്രധാന ദൗത്യമുണ്ടാവുംബി.ടെക് കഴിഞ്ഞു പവര്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് മെഷീന്‍സ്, പവര്‍ സിസ്റ്റം, കണ്‍ട്രോള്‍ സിസ്റ്റം, ഗൈഡന്‍സ് ആന്റ് നാവിഗേഷന്‍ കണ്‍ട്രോള്‍, സിഗ്‌നല്‍ പ്രോസസിംഗ്, മൈക്രോവേവ് ആന്‍ഡ് ടെലിവിഷന്‍, മൈക്രോ ആന്‍ഡ് നാനോ ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി, ഇന്‍ഡസ്ട്രിയല്‍ ഡ്രൈവ്‌സ് ആന്‍ഡ് കണ്‍ട്രോള്‍, വി.എല്‍.എസ്.ഐ ആന്‍ഡ് എംബെഡഡ് സിസ്റ്റം, കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് സിഗ്‌നല്‍ പ്രോസസ്സിംഗ്, നെറ്റ് വര്‍ക്ക് എന്‍ജിനീയറിങ്, റോബോട്ടിക്‌സ്, കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയിറിംഗ് ആന്‍ഡ് സിഗ്‌നല്‍ പ്രോസസ്സിംഗ്, ബയോമെഡിക്കല്‍, വയര്‍ലെസ്സ് ടെക്‌നോളജി, ഗൈഡഡ് മിസൈല്‍സ്, റിനീവബിള്‍ എനര്‍ജി തുടങ്ങിയവയില്‍ എം.ടെക് പഠിക്കാനവസരമുണ്ട്.