പി ടി ഫിറോസ്
രൂപകല്‍പനയോട് അഭിനിവേശവും കലാകാരന്റെ ഭാവനയും ചിത്രരചനപാടവും ഒപ്പം ഗണിതശാസ്ത്രാഭിരുചിയുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന തിളക്കമാര്‍ന്ന കരിയര്‍ മേഖലയാണ് ആര്‍ക്കിടെക്ച്ചര്‍. അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.ആര്‍ക്ക് ബിരുദമുള്ളവര്‍ക്കാണ് ആര്‍ക്കിടെക്ട് ആയി ജോലി ചെയ്യാനാവുക. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചറിന്റെ നിയന്ത്രണത്തിലുള്ള 470ഓളമുള്ള സ്ഥാപനങ്ങളിലേതിലെങ്കിലും പ്രവേശനം നേടിയാണ് പഠനം പൂര്‍ത്തിയാക്കേണ്ടത്. ബി.ആര്‍ക്ക് പ്രവേശനം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ നടത്തുന്ന ഓണ്‍ലൈന്‍ അഭിരുചി പരീക്ഷയായ നാഷണല്‍ ആപ്റ്റിറ്റിയൂറ്റ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ച്ചര്‍ (‘നാറ്റ’) വഴിയാണ്.
ഇത്തവണ ജൂണ്‍ 12, ജൂലായ് 3, ജൂലായ് 24 എന്നീ തീയതികളിലായി മൂന്ന് തവണകളിലാണ് ‘നാറ്റ’ നടക്കുന്നത്. യഥാക്രമം മേയ് 23, ജൂണ്‍ 20, ജൂലായ് 11 എന്നിങ്ങനെയാണ് പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തിയതികള്‍. ഒന്നോ അതിലധികമോ പരീക്ഷ എഴുതാം. രണ്ട് പരീക്ഷകള്‍ എഴുതിയാല്‍ മെച്ചപ്പെട്ട സ്‌കോര്‍ പരിഗണിക്കും. മൂന്ന് പരീക്ഷകളുമെഴുതിയാല്‍ മെച്ചപ്പെട്ട രണ്ട് സ്‌കോറുകളുടെ ശരാശരിയാണെടുക്കുക. കേരളത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആദ്യ പരീക്ഷ തന്നെ എഴുതുന്നതാവും നല്ലത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്കും ഗണിതം ഒരു വിഷയമായെടുത്ത് ത്രിവത്സര ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. 2022ല്‍ പ്ലസ്ടു/ ഡിപ്ലോമ പൂര്‍ത്തിയാക്കുന്നവര്‍ക്കുമപേക്ഷിക്കാം. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് മൊത്തമായും പ്ലസ്ടു പരീക്ഷയില്‍ മൊത്തമായും 50 ശതമാനം മാര്‍ക്ക് വേണം. മള്‍ട്ടിപ്പിള്‍ ചോയ്‌സ്, മള്‍ട്ടിപ്പിള്‍ സെലക്ട്, പ്രീഫെറെന്‍ഷ്യല്‍ ചോയ്‌സ്, ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്പ്, മാച്ച് ദ ഫോളോയിങ് എന്നിങ്ങനെ രീതികളിലുള്ള ചോദ്യങ്ങളുണ്ടാവും.
3 മണിക്കൂര്‍ കൊണ്ട് ഉത്തരം എഴുതി തീര്‍ക്കേണ്ട 200 മാര്‍ക്കുകള്‍ക്കുള്ള 125 ചോദ്യങ്ങളാണുണ്ടാവുക. ചോദ്യങ്ങളുടെ നിലവാരമനുസരിച്ച് 1 മാര്‍ക്ക്, 2 മാര്‍ക്ക്, 3 മാര്‍ക്ക് എന്നിവ ലഭിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. അഖിലേന്ത്യാടിസ്ഥാനത്തില്‍ 3 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. ഇന്ത്യക്ക് പുറത്ത് ദുബൈ, മനാമ, ദോഹ, കുവൈത്ത്, മസ്‌കത്ത്, റിയാദ് എന്നിവിടങ്ങളിലടക്കം കേന്ദ്രങ്ങളിലുണ്ട്. ഒരു ടെസ്റ്റ് മാത്രമെഴുതുന്നുവര്‍ 2,000 രൂപയും രണ്ട് ടെസ്റ്റും എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ 4,000 രൂപയും മൂന്ന് ടെസ്റ്റുകളുമെഴുതാന്‍ 5,400 രൂപയും ഫീസടക്കണം. വിദേശ കേന്ദ്രങ്ങളിലിത് യഥാക്രമം 10,000, 20,000, 27,000 രൂപ വീതമാണ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.nata.in സന്ദര്‍ശിക്കാം. ‘നാറ്റ’ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ബി.ആര്‍ക്ക് കോഴ്‌സിന് പ്രത്യേകമായി അപേക്ഷിക്കണം. കേരത്തിലെ ബി.ആര്‍ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരിക്കണം. ‘നാറ്റ’ സ്‌കോറിനും യോഗ്യതാ പരീക്ഷക്കും തുല്യപരിഗണന നല്കിയായിരിക്കും കേരളത്തിലെ ആര്‍ക്കിടെക്ച്ചര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
എന്നാല്‍ ‘നാറ്റ’ ബാധകല്ലാത്ത ചുരുക്കം ചില പ്രവേശനാവസരങ്ങളുമുണ്ട്. എന്‍ഐടികളിലെ ബി.ആര്‍ക്ക് പ്രവേശനത്തിന് ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഭാഗമായുള്ള അഭിരുചി പരീക്ഷയിലും ഐ.ഐ.ടികളിലെ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് യോഗ്യതയുള്ളവര്‍ക്കായി നടത്തുന്ന ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷയിലുമാണ് യോഗ്യത നേടേണ്ടത്. പ്ലസ്ടുവിന് ശേഷം സംയോജിത മാനേജ്‌മെന്റ് പ്രോഗ്രാമിന് ചേരാം.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇന്‍ഡോര്‍ ഐ.ഐ.എം നടത്തുന്ന എം.ബി.എക്ക് തുല്യമായ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രവേശനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. 2020, 21 വര്‍ഷങ്ങളില്‍ പ്ലസ്ടു വിജയിച്ചവരോ ഈ വര്‍ഷം പരീക്ഷ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. ജൂലായ് 2 ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് മെയ് 21 നകം www.iimidr.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. കോഴിക്കോട്, തിരുവനന്തപുരം, ബെംഗളുരു, ചെന്നൈ അടക്കം 34 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയില്‍ മികവ് നേടുന്നവര്‍ക്ക് വ്യക്തിഗത അഭിമുഖവുമുണ്ടാവും. പഠന ചെലവ് അല്‍പം കൂടുതലാണെങ്കിലും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്ല നിലയിലുള്ള തൊഴില്‍ സാധ്യതകളുണ്ട്. 150 സീറ്റുകളാണാകെയുള്ളത്.