Connect with us

india

നാലു വര്‍ഷത്തേക്ക് സൈന്യത്തില്‍ ചേരാം; 45,000 പേര്‍ക്ക് നിയമനം

സൈനികരുടെ ശമ്പള, പെന്‍ഷന്‍ ഇനത്തിലുള്ള ചെലവ് വെട്ടിക്കുറക്കുന്നതിന് കുറുക്കുവഴിയുമായി കേന്ദ്ര സര്‍ക്കാര്‍.

Published

on

ന്യൂഡല്‍ഹി: സൈനികരുടെ ശമ്പള, പെന്‍ഷന്‍ ഇനത്തിലുള്ള ചെലവ് വെട്ടിക്കുറക്കുന്നതിന് കുറുക്കുവഴിയുമായി കേന്ദ്ര സര്‍ക്കാര്‍. നാലു വര്‍ഷ കാലയളവിലേക്ക് മാത്രമായി, പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെയും കുറഞ്ഞ ശമ്പളം നിശ്ചയിച്ചും സൈനിക സേവനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് എന്ന പദ്ധതിയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

ആധുനിക സൈനികോപകരണങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയാണ് സൈനികരുടെ ശമ്പള , പെന്‍ഷന്‍ ഇനത്തിലുള്ള ചിലവ് വെട്ടിക്കുറക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അഗ്നിപഥ് പദ്ധതി പ്രകാരം പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള 45,000 പേര്‍ക്കാണ് നിയമനം നല്‍കുക. 90 ദിവസത്തിനകം നിയമന നടപടികള്‍ പൂര്‍ത്തിയാക്കും. 2023 ജൂലൈയില്‍ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ചരിത്രപരമായ തീരുമാനമാണിതെന്നും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കര, നാവിക, വ്യോമ സേനാ മേധാവികള്‍ സംബന്ധിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. അഗ്നിവേഴ്‌സ് എന്ന പേരിലായിരിക്കും ഇങ്ങനെ നിയമിക്കപ്പെടുന്ന സൈനികര്‍ അറിയപ്പെടുക. സാധാരണ സൈനിക നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത തന്നെയാണ് അഗ്നിപഥിനും ഉണ്ടാവുക. കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം വഴിയാകും നിയമനം. സ്ത്രീകള്‍ക്കും നിയമനം ലഭിക്കും.

നാലു വര്‍ഷത്തില്‍ ആറു മാസം പരിശീലന കാലയളവ് ആയിരിക്കും. 30,000 മുതല്‍ 40,000 രൂപ വരെയാണ് ശമ്പളം. മെഡിക്കല്‍, ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും ലഭിക്കും. നാലു വര്‍ഷത്തിനു ശേഷം ഇതില്‍ 25 ശതമാനം പേരെ മാത്രം നിലനിര്‍ത്തും. ഇവര്‍ക്ക് സാധാരണ സൈനിക തസ്തികകളില്‍ നിയമനം ലഭിക്കും. 15 വര്‍ഷം വരെ നോണ്‍ -ഓഫിസര്‍ റാങ്കിലായിരിക്കും നിയമനം. നാലു വര്‍ഷത്തിനു ശേഷം വിരമിക്കുന്നവര്‍ക്ക് 11-12 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുന്ന എക്‌സിറ്റ് സ്‌കീമില്‍ പുറത്തു പോകാം. പെന്‍ഷനോ മറ്റ് ആനൂകൂല്യങ്ങളോ ലഭിക്കില്ല. ഡ്യൂട്ടിക്കിടെ ജീവഹാനി, അംഗവൈകല്യം എന്നിവ നേരിടുന്നവരുടെ കാര്യത്തില്‍ പ്രത്യേക ക്ലോസുകള്‍ ഉള്‍പ്പെടുത്തും. പദ്ധതി വഴി കേന്ദ്ര ഖജനാവിന് പ്രതിവര്‍ഷം 5.2 ലക്ഷം കോടിയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

സൈന്യത്തിന്റെ മനോബലം തകര്‍ക്കുന്നതാണ് നീക്കമെന്നാണ് ആരോപണം. സൈനിക സേവനത്തിന് എത്തുന്നവര്‍ സ്വജീവന്‍ സമര്‍പ്പിക്കാന്‍ തയ്യാറായാണ് വരുന്നത്. നാലു വര്‍ഷത്തെ താല്‍ക്കാലിക ഉദ്യോഗത്തിന് ആരാണ് ഇങ്ങനെ റിസ്‌ക് എടുക്കാന്‍ തയ്യാറാവുക എന്ന താണ് വിമര്‍ശനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യും: സുവേന്ദു അധികാരി

സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അന്വേഷണത്തിനൊടുവില്‍ മമത ബാനര്‍ജിയെ ജയിലിലേക്ക് അയക്കുമെന്നുമാണ് സുവേന്ദു അധികാരി അവകാശപ്പെട്ടത്. 

Published

on

പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റ് ചെയ്യുമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അന്വേഷണത്തിനൊടുവില്‍ മമത ബാനര്‍ജിയെ ജയിലിലേക്ക് അയക്കുമെന്നുമാണ് സുവേന്ദു അധികാരി അവകാശപ്പെട്ടത്.

മമതയോട് നിയമപ്രകാരം പലിശയടക്കം പ്രതികാരം ചെയ്യുമെന്നും എന്നാല്‍ അത് ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുതന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദേശ്ഖാലി ഉള്‍പ്പെടുന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ല മമത കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവും ബി.ജെ.പി ഔട്ട്‌റീച്ച് പ്രോഗ്രാമിനായി അവിടെയെത്തി. ആ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘സംഭവിച്ചതെല്ലാം മറക്കാന്‍ നിങ്ങള്‍ (മമത ബാനര്‍ജി) ജനങ്ങളോട് ആവശ്യപ്പെട്ടു. സന്ദേശ്ഖാലിയിലെ ജനങ്ങള്‍ അതൊന്നും മറക്കില്ല. ഞാനുള്‍പ്പെടെ ആരും മറക്കില്ല. പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സന്ദേശ്ഖാലി സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കും. സന്ദേശ്ഖാലിയിലെ സ്ത്രീകളെ നിങ്ങള്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലേക്ക് അയച്ചു. സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയതിന് നിങ്ങളെയും ബി.ജെ.പി ജയിലിലേക്ക് അയക്കും,’ സുവേന്ദു അധികാരി പറഞ്ഞു.

ഷാജഹാന്‍ ഷെയ്ഖിനെപ്പോലുള്ള തൃണമൂല്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചതിന് പ്രദേശത്തെ സ്ത്രീകള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്താന്‍ മമത ബാനര്‍ജി ഗൂഢാലോചന നടത്തിയെന്നും സുവേന്ദു അധികാരി ആരോപിച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദേശ്ഖാലി സംഭവത്തിന് പിന്നില്‍ ഒരു കള്ളക്കളി നടന്നതായി ആരോപിച്ചിരുന്നു. പണം ഉപയോഗിച്ചാണ് അത് നടത്തിയതെന്ന് തനിക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതെല്ലാം നുണയാണെന്ന് ആളുകള്‍ക്ക് പിന്നീട് മനസിലായി. സത്യം ഒടുവില്‍ പുറത്തുവന്നു. ഇവയെല്ലാം പഴയകാര്യങ്ങളാണ്. ഈ കാര്യങ്ങള്‍ മനസില്‍ വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ മമത ബാനര്‍ജി തിങ്കളാഴ്ച പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും പ്രാദേശിക തൃണമൂല്‍ നേതാക്കളെ ലൈംഗികാതിക്രമക്കേസില്‍ കുടുക്കാനും സുവേന്ദു അധികാരി ഗൂഢാലോചന നടത്തി സ്ത്രീകള്‍ക്ക് പണം നല്‍കി കെട്ടിച്ചമച്ചതാണ് സന്ദേശഖാലി സംഭവം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണത്തിന് തൊട്ടുപിന്നാലെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ബസിര്‍ഹട്ട് ലോക്സഭാ സീറ്റില്‍ ടി.എം.സി വിജയിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി.

 

Continue Reading

india

യോഗി ആദിത്യനാഥിന്റെ യു.പിയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് ആക്രമണം നേരിട്ട മുസ്ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്‍ ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്. 

Published

on

പശുവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടമര്‍ദനത്തിനിരയായ മുസ്‌ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ അജ്ഞാതരായ അക്രമികള്‍ക്കെതിരെ കേസെടുത്തു. ഷാഹിദ് ദീന്‍ എന്ന യുവാവാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്.

ഷാഹിദ് ദീനിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മജോല പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സെക്ഷന്‍ 302 പ്രകാരം കൊലപാതകകുറ്റമാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു. പശുക്കിടാവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അക്രമികള്‍ ഷാഹിദ് ദിനിനെയും മൂന്ന് കൂട്ടുകാരെയും പിടികൂടുകയും ആക്രമിക്കുകയും ചെയ്തത്.

മാണ്ഡി സമിതി ചൗക്കിക്ക് സമീപത്ത് വെച്ചായിരുന്നു അക്രമമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മീററ്റിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡിസംബര്‍ 31ന് ഷാഹിദ് ദിന്‍ മരണപ്പെടുകയായിരുന്നു.

ഷാഹിദ് ദീനിന്റെ കൂടെയുണ്ടായിരുന്നവര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയും പിന്നാലെ പ്രകോപിതരായ അക്രമികള്‍ ഷാഹിദിനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാഹിദ് രക്തത്തില്‍ കുളിച്ച് അനങ്ങാനാവാതെ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങൡ പ്രചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ആക്രമണത്തിനിരയായി മരിച്ച ഷാഹിദിനും സുഹൃത്തുക്കള്‍ക്കെതിരെയും ഗോവധത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍: പ്രധാനമന്ത്രിയും പ്രസിഡന്റും ഇടപെടണമെന്ന് സഭകളും നേതാക്കളും

നാനൂറിലധികം ക്രിസ്ത്യന്‍ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയില്‍ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്.

Published

on

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ നേതാക്കള്‍. നാനൂറിലധികം ക്രിസ്ത്യന്‍ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയില്‍ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്. ഇതിെന്റ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും ശത്രുതയുടെയും ഭയാനകമായ വര്‍ധനവില്‍ ഇവര്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. 2024 ജനുവരിക്കും നവംബറിനും ഇടയില്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ 720 സംഭവങ്ങള്‍ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും 760 കേസുകള്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറവും രേഖപ്പെടുത്തിയിട്ടുണ്ട്.

മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനുള്ള ഭീഷണികള്‍, വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗം, ദലിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി പദവി നിഷേധിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഇവര്‍ ഉന്നയിച്ചു. 2023 മെയ് മുതല്‍ 250ലധികം മരണങ്ങള്‍ക്കും 360 പള്ളികള്‍ തകര്‍ക്കാനും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും കാരണമായ മണിപ്പൂരില്‍ സമാധാനവും അനുരഞ്ജനവും വളര്‍ത്തുന്നതില്‍ പ്രകടമായ പങ്ക് വഹിക്കണമെന്നും നേതാക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

രാജ്യത്തെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള സംഭവങ്ങളെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടുക, മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, എല്ലാ വിശ്വാസ സമുദായങ്ങളുടെയും പ്രതിനിധികളുമായി പതിവായി ചര്‍ച്ചകള്‍ നടത്തുക, ഒരാളുടെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു.

ഇന്ത്യയുടെ ധാര്‍മിക ഘടന, സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക ഐക്യം എന്നിവയ്ക്ക് ഉള്‍ക്കൊള്ളലും ഐക്യവും അത്യന്താപേക്ഷിതമാണെന്നും ഇവര്‍ ഊന്നിപ്പറഞ്ഞു.

Continue Reading

Trending