Connect with us

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ്.എഫ്.ഐ; 16 യു.യു.സിമാരെ അയോഗ്യരാക്കാനുള്ള എസ്.എഫ്.ഐയുടെ കത്ത് പുറത്ത് വിട്ട് എംഎസ്എഫ് 

എസ്.എഫ്.ഐ യുടെ പത്ത് വ്യാജ യു.യുസിമാര്‍ ലിസ്റ്റില്‍,എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Published

on

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂണിവേഴ്‌സിറ്റിയും എസ്.എഫ്.ഐയും ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവിട്ട് എം.എസ്.എഫ്. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടു ചെയ്തു തെരഞ്ഞെടുത്ത എംഎസ്എഫ് യു.യു.സിമാരെ അയോഗ്യരാക്കിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നല്‍കിയ ലി്സ്റ്റ് പ്രകാരം അനധികൃതമായി യു.യു.സിമാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയും എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂണിയന്‍ ഇലക്ഷന്‍ നടത്താതെ ദുരൂഹമായി നീട്ടികൊണ്ടുപോകുന്നതിനെതിരെ നേരത്തെ തന്നെ എംഎസ്എഫ് ശക്തമായ സമരവുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യൂണിയന്‍ നഷ്ടപ്പെടും എന്ന് ബോധ്യമുള്ള എസ്.എഫ്.ഐ തുടക്കം മുതല്‍ ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചന നടത്തുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ നടത്താന്‍ തയ്യാറാവുകയും ഇതിന്റെ ഭാഗമായി പ്രൈമറി ഇലക്ട്രോല്‍ (വോട്ടര്‍പട്ടിക) പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ എം.എസ്.എഫിന്റെ 16 യു.യു.സിമാരെ അന്യായമായി ലിസ്റ്റില്‍ നിന്നും ഒഴിവാക്കി. ഇലക്ഷന്‍ പോലും നടത്താത്ത കോളെജുകളില്‍ നിന്നും എസ്എഫ്‌ഐ നല്‍കിയ ലിസ്റ്റ് പ്രകാരം 10 യുയുസിമാരെ കൂട്ടിചേര്‍ത്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് 16 യുയുസിമാരെ ലിസ്റ്റില്‍ നിന്നും വെട്ടിയത് എന്ന ചോദ്യത്തിന് യൂണിവേഴ്‌സിറ്റിക്ക് കൃത്യമായ മറുപടിയില്ല. മൂന്ന് പ്രാവശ്യം പരാതിയുള്ള യുയുസിമാരുടെ തെരഞ്ഞെടുപ്പ് രേഖകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയതാണ്. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെ എസ്.എഫ്.ഐയെ വിജയിപ്പിക്കാനായി യൂണിവേഴ്‌സിറ്റിയും ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്. കോളെജ് ഇലക്ഷന്‍ മാനുവല്‍ പ്രകാരം ഇലക്ഷനില്‍ പരാതിയുണ്ടായാല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരാതി നല്‍കാന്‍ അവസരം. പരാതിയുള്ള യു.യു.സിമാര്‍ക്കെതിരെ അതത് കോളെജിലുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ പരാതി നല്‍കണം. അതായത് 16 യുയുസിമാരെ ഒഴിവാക്കാന്‍ 16 പരാതി വേണമെന്നര്‍ത്ഥം. എന്നാല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷൊയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്യായമായ നടപടിയെന്നും ആര്‍ഷോ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് പി.കെ നവാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബൈലോയില്‍ പറയുന്ന പ്രകാരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്ന പരാതി മാത്രമേ സ്വീകരിക്കാനും പരിശോധന നടത്താനും കഴിയൂ. എന്നാല്‍ എസ്.എഫ്.ഐ നേതാവ് കള്ളപരാതി നല്‍കി എന്ന് മാത്രമല്ല, സമയപരിധിക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നതും വ്യക്തമാണ്. പരാതിയുടെ സ്വഭാവമല്ല കത്തിനുള്ളത്. യൂണിവേഴ്‌സിറ്റിയോട് സംസ്ഥാന സെക്രട്ടറി കല്‍പ്പിക്കുന്ന പോലെയാണ് കത്തില്‍. ഇതനുസരിക്കുക മാത്രമാണ് യൂണിവേഴ്‌സിറ്റി ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അടക്കം പരിശോധിച്ച് എം.എസ്.എഫ് യു.യു.സിമാരെ അയോഗ്യരാക്കാനുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തി ഡീന്‍ ഓഫീസ് നേരത്തെ തന്നെ തള്ളിയതാണ്. എന്നാല്‍ അതേ പരാതിയില്‍ എസ്.എഫ്.ഐ നിര്‍ബന്ധത്തിന് വഴങ്ങി വൈസ് ചാന്‍സിലര്‍ മൂന്ന് സി.പി.എം അധ്യാപകരെ ഉപസമിതിയായി രൂപീകരിച്ച് അവരുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 16 യു.യു.സിമാരെയും ഇലക്ട്രോളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. പുറത്താക്കപ്പെട്ടവരെല്ലാം കാമ്പസുകളില്‍ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതിന്റെ രേഖകളെല്ലാം യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ എസ്.എഫ്.ഐ നല്‍കിയ ലിസ്റ്റ് പ്രകാരം പുതുതായി ചേര്‍്ക്കപ്പെട്ട യുയുസിമാരില്‍ പലരും ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട യുയുസിമാര്‍ അല്ല. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത എംഎസ്എഫ് യുയുസിമാരെ അയോഗ്യരാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റിയുടെ ഇടത് ഫാസിസത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പികെ നവാസ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ എന്നിവരും പങ്കെടുത്തു.

kerala

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്‌

അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്.

Published

on

കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുന്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്.

കര്‍ണാടകയിലെ ലക്ഷ്മിദേവി നഗര്‍ ഏരിയയിലാണ് സംഭവമുണ്ടായത്. മുട്ടയേറ് ഉണ്ടായതിന് പിന്നാലെ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിര്‍വശത്ത് നിന്ന് എം.എല്‍.എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി ലേഔട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുട്ടയേറ് നടന്നതിന് പിന്നാലെ എം.എല്‍.എ കെ.സി ജനറല്‍ ആശുപത്രിയി?ലെത്തി ചികിത്സ തേടി. അര്‍ധരാത്രി വരെ അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നുവെന്നാണ് വിവരം. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് പോകാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു എം.എല്‍.എ.

Continue Reading

kerala

വിശേഷണങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി; അടൂര്‍ ഗോപാലകൃഷ്ണന്‍

പത്രാപധിപര്‍ എന്ന തരത്തില്‍ മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്‍ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം

Published

on

കോഴിക്കാട്: വിശേഷണങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എം ടിയുടെ വേര്‍പാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും എംടിയെ തന്റെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിട്ടുള്ളതെന്നും അടൂര്‍ പറഞ്ഞു.

വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപര്‍ എന്ന തരത്തില്‍ മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്‍ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം. ഏതൊക്കെ വേഷത്തില്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും ആ മേഖലയില്‍ മറ്റുള്ളവരെ അദ്ദേഹം അതിശയിപ്പിച്ചിരുന്നുവെന്നും അടൂര്‍ പറഞ്ഞു. സാധാരണ കാഴ്ചക്കാരന്‍ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഇടത്തരം സിനിമകള്‍ എംടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് കൂട്ടി ചേര്‍ത്തു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.

Continue Reading

kerala

ലോകത്തെ ശൂന്യമാക്കി കൊണ്ട് എം.ടി വിട പറഞ്ഞിരിക്കുന്നു: അബ്ദുസമദ് സമദാനി

മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെ കുറിച്ച് നമുക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞുവച്ച ശേഷമാണ് എം.ടി പോകുന്നതെന്നും സമദാനി വ്യക്തമാക്കി.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മുസ്‌ലിം
ലീഗ് നേതാവും ലോക്‌സഭാ എം.പിയുമായ അബ്ദുസമദ് സമദാനി. ലോകത്തെ ശൂന്യമാക്കി കൊണ്ട് എം.ടി വിട പറഞ്ഞിരിക്കുന്നുവെന്ന് സമദാനി പറഞ്ഞു.

മഹാമേരു പോലെനിന്ന അപൂർവ മനുഷ്യൻ, കലാതിവർത്തി. സന്യാസിയെ പോലെയാണ് ചിലപ്പോൾ പെരുമാറിയിരുന്നത്. അദ്ദേഹത്തോട് മറുത്ത് എന്തെങ്കിലും പറഞ്ഞാൽ ചെറുചിരിയായിരിക്കും പ്രതികരണം. പക്ഷേ ഉള്ളിൽ വികാരങ്ങളുടെ കടൽ കൊണ്ടു നടന്നു.

മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെ കുറിച്ച് നമുക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞുവച്ച ശേഷമാണ് എം.ടി പോകുന്നതെന്നും സമദാനി വ്യക്തമാക്കി.

 സമദാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അപൂർവ്വത്തിൽ അപൂർവ്വമായി നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി വാസുദേവൻ നായർ. മാനവികതയുടെ പാഠപുസ്തകങ്ങളായിത്തീർന്ന അദ്ദേഹത്തിൻ്റെ രചനകൾ മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും സ്നേഹവും താപവും പകർന്നുനൽകി. സ്വത്വാ വിഷ്കാരത്തിൻ്റെ രാജശില്പിയായി എഴുത്തിൽ അദ്ദേഹം വിസ്മയം തീർത്തു. എം.ടി എന്നത് മലയാളത്തിനും മലയാളികൾക്കും മഹിതമായൊരു അനുഭവവും ഗൃഹാതുരമായൊരു അനുഭൂതിയുമാണ്.

ദേശീയ മഹാകവി രവീന്ദ്രനാഥ ടാഗോറിനെ ‘ഇൻഡ്യയുടെ മഹാനായ കാവൽക്കാരൻ’ എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിക്കുകയുണ്ടായത്. നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും ഏറ്റവും വലിയ കാവൽക്കാരനായിരുന്നു എം.ടി. അതോടൊപ്പം ഇന്ത്യയുടെ ആഴവും പരപ്പുമുൾക്കൊണ്ട ആ പ്രതിഭ ദേശാന്തരങ്ങളിൽ ദേശത്തിന്റെയും അതിൻ്റെ ദേശീയതയുടെയും മഹിമ പരത്തുകയും ചെയ്തു.

രാജ്യത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രശസ്ത എഴുത്തുകാരെ കൊണ്ടുവന്ന് തുഞ്ചൻ മഠത്തിലെ സാഹിത്യ ഉത്സവത്തിൽ പങ്കെടുപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത എം.ടി ഭാരതീയ സാഹിത്യത്തിന്റെ സമഗ്രതയെയും സാകല്യത്തെയും മലയാളത്തിലേക്ക് കൊണ്ടുവരാനും ഭാഗ്യമുണ്ടായ എഴുത്തുകാരനാണ്. എത്രയോ ഹിന്ദി, ഉർദു എഴുത്തുകാർ എം.ടിയുടെ ക്ഷണപ്രകാരം തിരൂരിലെത്തി. ഭീഷ്മ സാഹ്നി, മജ്റൂഹ് സുൽത്താൻപുരി, അലി സർദാർ ജാഫ്രി, ഗുൽസാർ തുടങ്ങിയ എത്രയോ പേർ. അവർക്കെല്ലാം എം.ടി ആത്മമിത്രവുമായിരുന്നു. എം.ടി ഇല്ലായിരുന്നുവെങ്കിൽ അവരൊന്നും കേരളം കണികാണുകമായിരുന്നില്ല. എം.ടിക്ക് ശേഷം ഇനിയങ്ങനെയൊരു മഹത്തായ സാംസ്കാരികാനുഭവം അചിന്ത്യമാണ്.

തീവ്രമായ സ്വത്വബോധവും മാനുഷിക വികാരങ്ങളുടെ പ്രക്ഷുബ്ധതയും ഉള്ളിൽ കൊണ്ടുനടക്കുമ്പോഴും കഥാപാത്രങ്ങളിലേക്ക് പകർന്നു കൊടുക്കുമ്പോഴുമെല്ലാം എം.ടി ഒരു വൈരാഗിയെ പോലെ നിസ്സംഗനായിരുന്നു. ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ നിസ്സംഗമായ ഒരു ചെറുപുഞ്ചിരി മാത്രം പ്രകടിപ്പിച്ച അദ്ദേഹം അക്കാര്യത്തിലും സംസ്കാരത്തിന്റെയും സ്വഭാവവിശേഷത്തിന്റെയും ഉന്നത നിലവാരമാണ് കാത്തുസൂക്ഷിച്ചത്.

എം.ടിയുമായി സാമിപ്യ സമ്പർക്കത്തിന് ഭാഗ്യമുണ്ടായതിലും അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പത്തിനും സ്നേഹത്തിനും പത്രീഭൂതനാകാൻ സാധിച്ചതിലും അഭിമാനിക്കുന്നു. എം.ടിയുടെ അഗാധ ഹൃദയത്തിൽ നേടിയ ഇടത്തിലുള്ള കൃതാർത്ഥതയും ഒരു സായൂജ്യം പോലെ.

Continue Reading

Trending