Connect with us

india

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ത്രിപുരയിലെ ധന്‍പുരില്‍ 39.48 ശതമാനവും ബോക്‌സാനഗറില്‍ 40.49 ശതമാനവും പോളിങ് രേഖപ്പെടുത്തി.

Published

on

രാജ്യത്ത് 5 സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ത്രിപുരയിലെ ധന്‍പുരില്‍ 39.48 ശതമാനവും ബോക്‌സാനഗറില്‍ 40.49 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബി.ജെ.പി-ടി.എം.സി-കോണ്‍ഗ്രസ് സി.പി.എം സഖ്യം മത്സരം നടക്കുന്ന പശ്ചിമബംഗാളിലെ ദുപ്ഗുരിയില്‍ 34.26 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിട്ടുളളത്.

ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തില്‍ 26.03 ശതമാനവും ഉത്തര്‍പ്രദേശിലെ ഘോസി മണ്ഡലത്തില്‍ 21.57 ശതമാനവും പോളിങ് രേഖപ്പെടുത്തി. ജാര്‍ഖണ്ഡിലെ ദുംറിയില്‍ 27.56 ശതമാനമാണ് പോളിങ്. കനത്ത സുരക്ഷയിലാണ് എല്ലായിടത്തും പോളിങ് പുരോഗമിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പളളിയില്‍ 50.01 ശതമാനമാണ് ഇതുവരെയുളള പോളിങ്. ധന്‍പുരിലും ബോക്‌സാനഗറിലും ബിജെപി-സിപി.എമ്മും തമ്മിലാണ് മത്സരം. സെപ്റ്റംബര്‍ 8 നാണ് എല്ലായിടത്തും വോട്ടെണ്ണല്‍. 5 സീറ്റുകളില്‍ സിറ്റിങ് എം.എല്‍.എമാരുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്, ഒരിടത്ത് എംഎല്‍എ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

യു.പിയിലെ ഘോസിയില്‍ സമാജ്വാദി പാര്‍ട്ടി വിട്ടു ബി.ജെ.പിയിലേക്ക് തിരിച്ചു പോയ ധാരാസിങ് ചൗഹാന്‍ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേര്‍ന്നു സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിങ്ങിന് പിന്തുണ നല്‍കുകയാണ്. ധാരാസിങ്ങാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ജാര്‍ഖണ്ഡിലെ ഡുറിയില്‍ മുന്‍മന്ത്രി ജഗര്‍നാഥ് മഹാതോ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഇന്ത്യ മുന്നണിയിലെ ജെ.എം.എം സ്ഥാനാര്‍ഥി ബേബി ദേവിയും എന്‍.ഡിഎ.യിലെ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സ്ഥാനാര്‍ഥി യശോദ ദേവിയും തമ്മിലാണ് മത്സരം.

ത്രിപുരയില്‍ ബോക്സാനഗര്‍, ധനപൂര്‍ എന്നിങ്ങനെ രണ്ടിടങ്ങളിലാണ് മത്സരം നടക്കുന്നത്. ധനപൂരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. സി.പി.എമ്മിലെ കൗശിക് ദേബ്‌നാഥും ബി.ജെ.പിയുടെ ബിന്ദു ദേബ്‌നാലും തമ്മിലാണ് പ്രധാന മത്സരം. ബോക്‌സാനഗറില്‍ അന്തരിച്ച എം.എല്‍.എ ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനാണ് സി.പി.എം സ്ഥാനാര്‍ഥി. ബി.ജെ.പിയുടെ തഫജല്‍ ഹുസൈന്‍ എതിര്‍ സ്ഥാനാര്‍ഥി. ഈ രണ്ടിടങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ആം.ആദ്മി പാര്‍ട്ടി വിട്ടു കോണ്‍ഗ്രസിലെത്തിയ ബസന്ത് കുമാര്‍, അന്തരിച്ച ബി.ജെ.പി എം.എല്‍.എ ചന്ദ്രന്‍ റാം ദാസിന്റെ ഭാര്യ പാര്‍വതി എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ബംഗാളിലെ ഗുപ്ഗുരിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്- സി.പി.എം സഖ്യവും തൃണമൂലില്‍ കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ബി.ജെ.പി എം.എല്‍.എ ബിഷു പദറായ് മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്.

 

india

കുട്ടികളെ കൊണ്ട് കാലു തിരുമിച്ചു; ആന്ധ്രയില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കസേരയിലിരുന്ന അധ്യാപികയുടെ കാല്‍ നിലത്തിരുന്ന കുട്ടികള്‍ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Published

on

ആന്ധ്രാപ്രദേശില്‍ ക്ലാസ്മുറിയില്‍ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കസേരയിലിരുന്ന അധ്യാപികയുടെ കാല്‍ നിലത്തിരുന്ന കുട്ടികള്‍ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേള്‍സ് ട്രൈബല്‍ ആശ്രമം സ്‌കൂളിലാണ് സംഭവം.

അധ്യാപികയെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. കുട്ടികളെ കൊണ്ട് കാലു തിരുമിച്ചതിന്റെ തലേ ദിവസം തെന്നി വീണെന്നും ഇതേ തുടര്‍ന്ന് കാല്‍മുട്ടിനു കടുത്ത വേദനയായിരുന്നുവെന്നും അധ്യാപിക പറയുന്നു. വേദനയുടെ വിവരം അറിഞ്ഞ് കുട്ടികള്‍ സ്വയമേ വേദന മാറ്റാന്‍ സഹായിച്ചതാണെന്നാണ് കാരണം കാണിക്കല്‍ നോട്ടിസിനു അധ്യാപിക നല്‍കിയ മറുപടി.

Continue Reading

india

കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കര്‍ണാടക കോണ്‍ഗ്രസ് മുന്‍ മന്ത്രിയും ബാഗല്‍കോട്ട് എംഎല്‍എയുമായ എച്ച്.വൈ മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2013ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്നു മേട്ടി. മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി മേട്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ദീര്‍ഘകാലം പൊതുരംഗത്ത് പ്രവര്‍ത്തിച്ച മേട്ടി ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു.

Continue Reading

india

സുഡാനില്‍ രക്തച്ചൊരിച്ചില്‍: എല്‍ ഫാഷര്‍ നഗരം ആര്‍.എസ്.എഫ് പിടിച്ചെടുത്തു, ആയിരങ്ങള്‍ കൊല്ലപ്പെട്ടു

2000ഓളം പേര്‍ കൊല്ലപ്പെട്ടതായും, 60,000 പേര്‍ കാണാതായതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Published

on

ഖാര്‍ത്തും: ആഭ്യന്തര യുദ്ധം ഭീഷണിയാകുന്ന സുഡാനില്‍ കൂട്ടക്കൊലപാതകങ്ങള്‍. വടക്കന്‍ ഡാര്‍ഫറിലെ തലസ്ഥാനമായ എല്‍ ഫാഷര്‍ നഗരം അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് സര്‍ക്കാര്‍ സേനയില്‍ നിന്ന് പിടിച്ചെടുത്തതോടെ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായി.

സുഡാന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2000ഓളം പേര്‍ കൊല്ലപ്പെട്ടതായും, 60,000 പേര്‍ കാണാതായതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, രണ്ട് ലക്ഷം പേരെ ആര്‍.എസ്.എഫ് തടവിലിട്ടിരിക്കുകയാണ്.
കൂട്ടക്കൊലകള്‍, ബലാത്സംഗം, മര്‍ദനം, പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ എന്നിവ വ്യാപകമാണെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തി.

ഒക്ടോബര്‍ 26ന് എല്‍ ഫാഷറിലെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം, 70,000ഓളം പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, അതില്‍ 10,000 പേര്‍ മാത്രമാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിയത്.

അന്താരാഷ്ട്ര പട്ടിണി നിരീക്ഷണ ഏജന്‍സിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച്, എല്‍ ഫാഷറില്‍ പട്ടിണി സ്ഥിരീകരിച്ചിരിക്കുകയാണ്.

ഒരു കാലത്ത് സര്‍ക്കാര്‍ സേനയുടെ പിന്തുണയ്ക്കായി രൂപീകരിച്ചിരുന്ന ആര്‍.എസ്.എഫ്, പിന്നീട് സര്‍ക്കാരിനെതിരായ യുദ്ധത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി നീളുന്ന ആഭ്യന്തര യുദ്ധത്തില്‍ 40,000ല്‍പ്പരം പേര്‍ കൊല്ലപ്പെടുകയും, ഒരു കോടിയിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ആര്‍.എസ്.എഫ് വടക്കന്‍ കൊര്‍ദോഫാന്‍ സംസ്ഥാനത്തിലെ തലസ്ഥാനമായ എല്‍ ഒബെയ്ദ് പിടിച്ചെടുക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്.

Continue Reading

Trending