Connect with us

More

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; പരിഹാരമായത് മുഖ്യമന്ത്രി ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍

Published

on

തിരുവനന്തപുരം: കഴിഞ്ഞ നാലു ദിവസമായി നടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വധിപ്പിക്കണമെന്ന് ബസ് ഉടമകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. അതേസമയം, വിദ്യാര്‍ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ മാറ്റം വന്നില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ കാര്യമായ മാറ്റം വന്നെതായും ബസ് ഉടമകള്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയോടെയാണ് സമരം നിര്‍ത്തിവെക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍്ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നുമാണ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധന പിന്നീട് പരിഗണിക്കാമെന്നും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ചെവിക്കൊണ്ടാണ് സമരം നിര്‍ത്തിവെച്ചതെന്നും ബസ് ഉടമകള്‍ അറിയിച്ചു. സമരം പിന്‍വലിച്ചതിലെ ചൊല്ലി ബസ് ഉടമകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കു ശേഷമാണ് ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
നേരത്തെ സമരം തുടരുന്നതിനെക്കുറിച്ചും ബസ് ഉടമകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുക്കാതെ ചിലയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതും തര്‍ക്കത്തിന് കാരണായി. ബസ്‌ നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരത്തിന് ഇറങ്ങിത്തിരിച്ചത്.

മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകളെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു. ബസുടമകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും ഇന്നലെ തീരുമാനം പിന്‍വലിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

kerala

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രന്‍ പുറത്ത് വിടണം: പി.കെ ഫിറോസ്‌

Published

on

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ അതേ നുണയാണ് ഈ വിഷയത്തിലും ആവർത്തിക്കുന്നത്. നുണകൾ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയാണ്.

രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പുകാലത്ത് ഒരു യാത്ര നടത്താൻ സുരേന്ദ്രൻ തയ്യാറായാൽ ഞങ്ങളും കൂടെ വരാം. കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടൽ അടച്ചിടും. അല്ലാത്ത പ്രദേശങ്ങളിൽ തുറക്കും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. വെറുപ്പ് പ്രചരിപ്പിക്കുന്ന ആളുകളോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ശരിയല്ല.- അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച് പഠനം വരട്ടെ. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ഏഴായിരത്തിലേറെ തസ്തികകൾ മുസ്ലിംകൾക്ക് നഷ്ടമായിട്ടുണ്ട് എന്നാണ് പറയുന്നത്. ആധികാരികമായ പഠന രേഖയാണിത്. ഒന്നാമത് നഷ്ടം സംഭവിച്ചത് മുസ്ലിംകൾക്കും രണ്ടാമത് ലത്തീൻ കത്തോലിക്കർക്കുമാണ്.

പിന്നോക്ക സംവരണം മുസ്ലിംകൾ കയ്യടക്കി എന്ന് സുരേന്ദ്രൻ പറയുന്നത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്? ജാതി സെൻസസാണ് ഇതിനെല്ലാം പരിഹാരം. അത് നടത്താൻ ബി.ജെ.പി തയ്യാറാകാത്തത് എന്താണ്? കെ. സുരേന്ദ്രൻ ബി.ജെ.പിക്ക് കെണിവെച്ചതാണ്. 20 കോടി മുസ്ലിംകളിൽ ഒരു എം.പി പോലുമില്ലാത്ത ബി.ജെ.പിയാണ് മുസ്ലിംകൾക്ക് മുസ്ലിംലീഗ് വാരിക്കോരി കൊടുക്കുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്ലിംകളുള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ലീഗ് വാരിക്കോരി കൊടുത്തു എന്ന് പറയുന്നത്. അർഹതപ്പെട്ടത് പോലും ഇല്ലെന്നാണ് കണക്കുകൾ പറയുന്നത്. കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

Continue Reading

kerala

മുനമ്പം കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി

Published

on

കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. ആധാരത്തിൽ രണ്ട് തവണ ‘വഖഫ്’ എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് ബോർഡ് വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചു.

ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. മുഹമ്മദ് സിദ്ദീഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി നൽകിയ ആധാരമാണ് ജസ്റ്റിസ് രാജൻ തട്ടിൽ പ്രധാനമായും പരിശോധിച്ചത്.

ഇതിൽ രണ്ട് തവണ, ‘വഖഫായി നൽകുന്നു’ എന്ന് പരാമർശിച്ചിട്ടുണ്ടെന്നും ആത്മശാന്തിക്കും ഇസ്‌ലാമിക ആദർശത്തിനും വേണ്ടി സമർപ്പിക്കുന്നു എന്നും പറഞ്ഞതിനാൽ തന്നെ ഇത് വഖഫായി പരിഗണിക്കണമെന്നുമാണ് വഖഫ് ബോർഡ് വാദിച്ചത്. വഖഫ് ഡീഡ് എന്നുതന്നെയാണ് ഇതിനെക്കുറിച്ച് എല്ലാ കോടതി രേഖകളിലും പറയുന്നതെന്നും ബോർഡ് പറഞ്ഞു.

എന്നാൽ ക്രയവിക്രയങ്ങൾക്ക് ഫറൂഖ് കോളജിന് അവകാശമുണ്ടെന്നും ‘സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുകയും ഭൂമി ബാക്കിയുണ്ടാവുകയും ചെയ്താൽ അത് തന്റെ കുടുംബത്തിലേക്ക് തന്നെ തിരികെ വരും’- എന്ന നിബന്ധന കൂടി ഈ ഡീഡിൽ ഉള്ളതിനാൽ ഇതിനെ വഖഫായും സ്ഥിര സമർപ്പണമായും പരിഗണിക്കാനാവില്ലെന്നും ഫാറൂഖ് കോളജിന്റെ അഭിഭാഷകൻ പറഞ്ഞു.

മുനമ്പം നിവാസികൾക്കു വേണ്ടിയും അഭിഭാഷകൻ ഹാജരായിരുന്നു. ഫാറൂഖ് കോളജ് ഇസ്‌ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാൽ അവർക്കായി ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നും മുനമ്പം നിവാസികളുടെ അഭിഭാഷകൻ വാദിച്ചു. വാദം നാളെയും തുടരും. നാളെ പറവൂർ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. തുടർച്ചയായി വാദം കേട്ട് ഒരു വിധി പുറപ്പെടുവിക്കാനാണ് ജഡ്ജി തീരുമാനിച്ചിരിക്കുന്നത്.

Continue Reading

Trending