ബെംഗളൂരു; ഒരു വര്‍ഷത്തിനിടെ 101 തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ബൈക്ക് യാത്രികന് 57,000 രൂപ പിഴ. റോയന്‍ എന്‍ഫീല്‍ഡ് ഉടമയായ എല്‍ രാജേഷ് എന്ന 25കാരനാണ് ഭീമമായ തുക പിഴയൊടുക്കേണ്ടി വന്നത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. 2019 സെപ്തംബര്‍ 12 മുതല്‍ 2020 ഓഗസ്റ്റ് 26 വരെയുള്ള കാലയളവില്‍ നടത്തിയ നിയമലംഘനങ്ങള്‍ക്കാന് ഇയാള്‍ക്ക് അര ലക്ഷം രൂപയോളം പിഴ ലഭിച്ചത്.
ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് 41, ഒപ്പം സഞ്ചരിച്ചയാള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന് 28, സിഗ്‌നല്‍ ലംഘിച്ചതിന് അഞ്ച്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 10, തെറ്റായി പാര്‍ക്ക് ചെയ്തതിന് മൂന്ന് എന്നിങ്ങനെ വിവിധ നിയമലംഘനങ്ങളാണ് ഇയാള്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ വാഹനം പൊലീസ് കണ്ടുകെട്ടി.
ബുധനാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോറമംഗലയില്‍ വച്ച് ട്രാഫിക്ക് സിഗ്‌നല്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ബൈക്കിനു പൊലീസ് കൈ കാണിച്ചു. തുടര്‍ന്ന് അന്ന് തന്നെ ഇയാള്‍ അഞ്ച് തവണ നിയമലംഘനം നടത്തിയതായി കണ്ടെത്തി. പിന്നീട് വിശദമായി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് മറ്റ് നിയമലംഘനങ്ങളും പൊലീസ് മനസ്സിലാക്കിയത്.