മുബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുവീണു. മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയിലെ മഹാദ് നഗരത്തിലാണ് സംഭവം. പൂര്‍ണ്ണമായി തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതിലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവിരം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ‘താരിഖ് ഗാര്‍ഡന്‍’ കെട്ടിടം തകര്‍ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. റായ്ഗഡിലെ മഹാദ്, ശ്രീവാര്‍ധന്‍, മംഗാവോണ്‍ ഡിവിഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 25 പേരെ ഇതിനകം രക്ഷപ്പെടുത്തി.
പത്ത് വര്‍ഷം പഴക്കമുള്ള മള്‍ട്ടി സ്റ്റോര്‍ കെട്ടിടത്തില്‍ 40 ലധികം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടെന്നാണ് വിവരം. ആദ്യത്തെ മൂന്ന് നിലകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കുറച്ച് ആളുകള്‍ കെട്ടിടത്തിന് പുറത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിയെത്തിയതായി റൈഗഡ് ജില്ലാ കളക്ടര്‍ നിധി ചൗധരി പറഞ്ഞു.