Connect with us

kerala

ബഫര്‍ സോണ്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പിച്ചതായി മന്ത്രി രാജേഷ്

ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്

Published

on

ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ഇടപെടലാണ് തദ്ദേശ സ്വയം ഭരണ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിധിയില്‍ ബഫര്‍സോണ്‍ ഭൂപടത്തിന്റെ കരട് ഇതിനകം തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭൂപടത്തിലും ഏതെങ്കിലും വീടോ നിര്‍മ്മിതിയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും രേഖപ്പെടുത്തി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള വിവരശേഖരണത്തെക്കുറിച്ച് സര്‍ക്കുലര്‍ പുറത്തിറങ്ങി. മലയോര മേഖലയിലെ ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തെ സംബന്ധിച്ച വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും രംഗത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഏതൊക്കെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കും. എല്ലാ വീടുകളെയും നിര്‍മ്മിതികളെയും ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയതെങ്കിലും, ഏതെങ്കിലും നിര്‍മ്മിതി ഇനിയും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം. 2023 ജനുവരി 7 നുള്ളില്‍ ഈ വിവരങ്ങള്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ഫീല്‍ഡ് തല പരിശോധന നടത്തി വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പ്രത്യേക ജനകീയ കമ്മിറ്റിയും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കും.

ബഫര്‍ സോണ്‍: മലയോര ജനത കുടിയിറങ്ങേണ്ടി വരുമോ? | buffer zone in kerala  explained

ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാര്‍ഡ് മെമ്പര്‍, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍/ വില്ലേജ് ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥന്‍, എന്നിവരടങ്ങുന്നതാണ് വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന സമിതി. സമിതി രൂപീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ് ചുമതല. സമിതി വിലയിരുത്തല്‍ നടത്തി സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ കെഎസ്ആര്‍ഇസി വികസിപ്പിച്ച മൊബൈല്‍ ആപ്പില്‍ ജിയോടാഗ് ചെയ്ത് അപ്ലോഡ് ചെയ്യും. സാങ്കേതിക പരിജ്ഞാനമുള്ള എഞ്ചിനീയറിംഗ് കോളേജ്/ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍, കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഇതിന് ഉപയോഗിക്കാം. വിലയിരുത്തല്‍ നടത്തുമ്പോള്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകുന്നില്ലെങ്കില്‍, സൗകര്യം ലഭ്യമാകുന്നിടത്ത് വെച്ച് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്. വനംവകുപ്പും കെഎസ്ആര്‍ഇസിയും ആപ്പ് സംബന്ധിച്ച് സാങ്കേതികമായ പരിശീലനം നല്‍കും.

ഫീല്‍ഡ് തല വാലിഡേഷന്‍ നടത്തിയ ശേഷം വിവരങ്ങള്‍ ക്രോഡീകരിച്ച് വനംവകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ലഭ്യമാക്കും. ഈ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്യും. മാപ്പ് പരിശോധിച്ച് എല്ലാ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇങ്ങനെ പരിശോധന പൂര്‍ത്തിയാക്കി, പ്രദേശിക തലത്തിലെ അന്തിമ റിപ്പോര്‍ട്ട് വനംവകുപ്പിന് തദ്ദേശ സ്വയം ഭരണ സ്ഥാപനം കൈമാറും.

വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ബഫര്‍സോണുമായി ബന്ധമുള്ള എല്ലാ വാര്‍ഡുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങുന്നത്. വാര്‍ഡിലെ ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, കമ്യൂണിറ്റി ഹാളുകള്‍, അംഗണ്‍വാടികള്‍ തുടങ്ങി ജനങ്ങള്‍ക്ക് ഏളുപ്പത്തില്‍ സമീപിക്കാനാകുന്ന പൊതുകേന്ദ്രങ്ങളില്‍ ഈ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കും. കരട് ബഫര്‍ സോണിന്റെ അതിര് ജനങ്ങളെ ബോധ്യപ്പെടുത്തുക, സര്‍വേ നമ്പര്‍ ലഭ്യമാക്കുക, ആശങ്കകള്‍ ദൂരീകരിക്കുക, അധികവിവരങ്ങള്‍ വിദഗ്ധസമിതിക്ക് ലഭിച്ചെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി ചുമതലകള്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ക്കുണ്ട്.

റിപ്പോര്‍ട്ടില്‍ വിട്ടുപോയിട്ടുള്ള നിര്‍മ്മിതികളോ വീടോ ഉള്‍പ്പെടുത്താന്‍ നിര്‍ദിഷ്ട പ്രോഫോര്‍മയില്‍ ഇമെയില്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാനും ഹെല്‍പ്പ് ഡെസ്‌കുകള്‍ സഹായമൊരുക്കും. നിയമപരമോ അല്ലാത്തതോ ആയ എല്ലാത്തരം നിര്‍മ്മിതികളും പരിഗണിക്കും.
വാര്‍ഡുകളിലേത് പോലെ തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലും ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഒരുക്കും. വിവരശേഖരണം കഴിഞ്ഞ ശേഷം ആളുകള്‍ അധികവിവരം സംബന്ധിച്ച് നല്‍കുന്ന പ്രോഫോര്‍മ വനം വന്യജീവി വകുപ്പിന് പഞ്ചായത്ത്/നഗരസഭാ സെക്രട്ടറി കൈമാറും. ലഭിച്ച ഒരു വിവരവും കൈമാറാന്‍ വിട്ടുപോയിട്ടില്ല എന്ന് ഉറപ്പാക്കാന്‍ ഒരു രജിസ്റ്ററും സൂക്ഷിക്കും. അധികവിവരം ലഭിച്ച തീയതിയും ഫീല്‍ഡ് വേരിഫിക്കേഷന്‍ നടന്ന ദിവസവും, ഇമെയില്‍ ചെയ്ത സമയവും ദിവസവുമെല്ലാം കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. സംഘടനകളും കൂട്ടായ്മകളും കൈമാറുന്ന വിവരവും സമാനമായ രീതിയില്‍ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറി കൈമാറും. ഒന്നില്‍ക്കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങളാണെങ്കില്‍, മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആ വിവരം കൈമാറും.

ബഫർ സോൺ: വിവരങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടും വിധം പ്രദർശിപ്പിക്കണമെന്ന്  നിർദേശം | Buffer Zone: Suggestion that information should be displayed in  such a way that it catches the ...

പ്രൊഫോര്‍മ്മ പ്രകാരമുള്ള പുതിയ അപേക്ഷകള്‍/ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് സര്‍വേ നമ്പര്‍ ഉള്‍ക്കൊള്ളുന്ന ഭൂപടം കിട്ടിയ ശേഷമാണ് ആരംഭിക്കുന്നത്. അതുവരെ ഹെല്പ്!ഡെസ്‌കുകള്‍ വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച് ബോധവത്കരിക്കാന്‍ ശ്രമം നടത്തും. വാര്‍ഡ് തല സമിതി രൂപീകരിച്ച് സാങ്കേതിക വളണ്ടിയേഴ്‌സിന് പരിശീലനം നല്‍കാനും ഹെല്‍പ്പ്‌ഡെസ്‌കുകള്‍ ശ്രമിക്കും. ഇതുവരെ വനംവകുപ്പ് നല്‍കിയ വിവരങ്ങള്‍ വെച്ചുകൊണ്ടുള്ള ഫീല്‍ഡ് തല സ്ഥിരീകരണവും ഹെല്‍പ്പ് ഡെസ്‌കുകള്‍ നിര്‍വഹിക്കും. കൃത്യമായി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിപുലമായ പ്രചാരണവും നടത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹായവും ഇതിനായി തേടും.

പ്രവര്‍ത്തനങ്ങളുടെ പ്രാദേശികമായ ഏകോപനം തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് നിര്‍വഹിക്കുന്നത്. ജില്ലാ തലത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കളക്ടര്‍, തദ്ദേശ സ്വയം ഭരണംറവന്യൂവനംവകുപ്പ് ജില്ലാ മേധാവിമാരും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് സമിതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംശയദൂരീകരണത്തിന് ജില്ലാ തല സംവിധാനം വനംവന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ ഏര്‍പ്പെടുത്തും. വിവരശേഖരണവും ഫീല്‍ഡ് തല വിലയിരുത്തലുമായും ബന്ധപ്പെട്ട മാന്വല്‍ കില തയ്യാറാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഓരോ വകുപ്പിനും മേല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന തുക അതാത് വകുപ്പുകള്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അനുമതിയോടെ തുക വിനിയോഗിക്കാം.

kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ പൊട്ടിത്തെറി: വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എൽ.എ; ആളപായമില്ലെന്ന് അധികൃതർ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്.

പുക ഉയർന്ന സമയത്ത് വെന്‍റിലേറ്ററിൽ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നാം വാർഡിലാണ് നിലവിൽ മൃതദേഹമുള്ളത്. മൃതദേഹം നേരിൽ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി. സിദ്ദീഖ് അറിയിച്ചു.

അതേസമയം, അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് മൂന്നു പേർ മരിച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറി നടക്കുമ്പോൾ ഈ മൂന്നു പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിലെ അപകടത്തിൽ ആളപായമില്ലെന്നും പ്രിൻസിപ്പിൽ ഡോ. സജിത് കുമാർ വ്യക്തമാക്കി.

അത്യാഹിത വിഭാഗം ബ്ലോക്കിൽ കഴിഞ്ഞിരുന്ന 34 രോഗികളെയാണ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയൽ ആശുപത്രി -6, സ്റ്റാർ കെയർ ആശുപത്രി – 2, കോഓപറേറ്റീവ് ആശുപത്രി – 1, നിർമല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ്.

അത്യാഹിത വിഭാഗമായി പഴയ ക്വാഷ്വാലിറ്റി താൽകാലികമായി ഉപയോഗിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. രോഗികളെ മെയ്ൻ ബ്ലോക്കിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി, മെഡിക്കൽ ബ്ലോക്ക്, ഐ.സി.യു എന്നിവിടങ്ങളിലേക്ക് മാറ്റും. ബീച്ച് ആശുപത്രിയിലും സൗകര്യമുണ്ടാകും. പ്രത്യേക മെഡിക്കൽ സംഘത്തെ ബീച്ച് ആശുപത്രിയിലേക്ക് അയക്കും. ശസ്ത്രക്രിയകൾക്കായി പ്രധാന കെട്ടിടത്തിലെ ഓപറേഷൻ തീയറ്ററുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വൈകിട്ട് എട്ടു മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പുക ഉയർന്നതിനെ തുടർന്ന് 200ലധികം രോഗികളെ ഒഴിപ്പിച്ചത്. അത്യാഹിത വിഭാഗത്തോട് ചേർന്ന സി.ടി സ്കാന്‍റെ സമീപത്തുള്ള യു.പി.എസ് മുറിയിൽ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാർ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാൻ തുടങ്ങിയത്.

അഗ്നിശമനസേനയും പൊലീസും ചേർന്ന് രോഗികളെ ഒഴിപ്പിക്കലിന് നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലൻസുകൾ രോഗികളെ ഒഴിപ്പിക്കാനായി ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ രോഗികളുമായെത്തിയ 108 ആംബുലൻസുകളും ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇടക്ക് കുറച്ചുനേരം വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

യു.പി.എസിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി സുപ്രണ്ടന്‍റ് അറിയിച്ചു.

 

Continue Reading

kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പാലക്കാട്ട് യുവതിക്കും മകനും ദാരുണാന്ത്യം

Published

on

പാലക്കാട്: കല്ലേക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രീജൻ (2) എന്നിവരാണ് മരിച്ചത്. കിഴക്കഞ്ചേരിക്കാവിന് സമീപമാണ് അപകടം. പാലക്കാടു ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേയ്ക്കു പോകുകയായിരുന്നു അഞ്ജുവും മകനും.

ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിനു സമീപം കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇരുവരെയും ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

Trending