ഗര്‍ഭിണിയായിരിക്കെ മുന്‍ കാമുകിയെ ക്രൂരമായി മര്‍ദിച്ചെന്ന ഗുരുതരമായ ആരോപണങ്ങളില്‍ ആന്റണിക്കെതിരെ നടപടിയുമായി ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ താരത്തെ ബ്രസീല്‍ ടീമില്‍നിന്നു പുറത്താക്കി. വാര്‍ത്താകുറിപ്പിലൂടെയാണ് സി.ബി.എഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ആന്റണിയുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇരയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു താരത്തെ ദേശീയ ടീമില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
സാവോ പോളോയിലും ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുമാണ് മുന്‍ കാമുകി ആന്റണിക്കെതിരെ പരാതി നല്‍കിയത്. ഗുരുതരമായ ആരോപണങ്ങളാണു താരത്തിനെതിരെയുള്ളത്. മാഞ്ചസ്റ്ററിലെ ഹോട്ടലില്‍ വച്ചും യാത്രയ്ക്കിടയിലും ഉള്‍പ്പെടെ നിരവധി തവണ ശാരീരികമായി ആക്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. മാഞ്ചസ്റ്ററിലെ മുറിയില്‍ വച്ച് ആന്റണി തലകൊണ്ട് ഇടിക്കുകയും മര്‍ദിക്കുകയും ചെയ്തു. തലയില്‍ മുറിവുണ്ടാക്കി. ഗ്ലാസ് കൊണ്ട് നടത്തിയ ആക്രമണത്തില്‍ വിരല്‍ മുറിഞ്ഞു. കൊലപ്പെടുത്തുമെന്ന് ആന്റണി നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇവര്‍ പരാതിയില്‍ വെല്‍പ്പെടുത്തി.
ജൂണില്‍ പുറത്തുവന്ന പരാതിയുടെ വിശദാശംങ്ങള്‍ ഇപ്പോള്‍ ഒരു ബ്രസീല്‍ മാധ്യമം പുറത്തുവിട്ടതോടെയാണ് ദേശീയ ഫുട്ബോള്‍ അസോസിയേഷന്‍ കടുത്ത നടപടിയിലേക്കു നീങ്ങിയത്. അതേസമയം, ആരോപണങ്ങള്‍ ആന്റണി തള്ളിയിട്ടുണ്ട്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് താരം നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയുമെന്നും ആന്റണി പറഞ്ഞു.
ടീമില്‍നിന്നു പുറത്തായതോടെ ഈ മാസം നടക്കാനിരിക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആന്റണിക്കു കളിക്കാനാകില്ല. ഒന്‍പതിന് ബൊളീവിയയ്ക്കും 13ന് പെറുവിനും എതിരെയാണ് ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങള്‍. നിലവില്‍ ആന്റണി മാഞ്ചസ്റ്ററില്‍ മങ്ങിയ ഫോമിലാണ് കളിക്കുന്നത്.