Connect with us

Culture

ബ്രസീല്‍ ഇങ്ങനെ കളിച്ചാല്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്‍ ഇതുപോലെ കളിച്ചാല്‍ നിങ്ങള്‍ മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും – ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്‍ കളിയെ ആണെങ്കില്‍ – വേറെ നിവൃത്തിയില്ലാതെ വരും. 2-0 എന്ന സ്‌കോര്‍ലൈനോ ആറിലൊന്ന് സമയത്തേക്ക് ആറ്റിക്കുറുക്കിയ ഹൈലൈറ്റ്സിനോ സൂചന പോലും നല്‍കാന്‍ പറ്റാത്തത്ര, കണ്ടുതന്നെ അറിയേണ്ട അനുഭവമായിരുന്നു ഇന്നലത്തെ ബ്രസീല്‍ – സെര്‍ബിയ മത്സരം. ബ്രസീല്‍ ജയിച്ചു എന്നതല്ല, അവര്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും നല്ല മത്സരം കളിച്ചു എന്നതാണ് പ്രധാനം.

കൊറിയയോട് തോറ്റ് ജര്‍മനി പുറത്തായതിനു പിന്നാലെ അടുത്ത കളികാണാനിരിക്കുമ്പോള്‍, ഒരു അര്‍ജന്റീനാ ആരാധകനില്‍ സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട കുനിഷ്ട് ചിന്ത തീരേ ഇല്ലായിരുന്നു എന്ന് നുണപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലായ്പോഴുമെന്ന പോലെ, ബ്രസീല്‍ തോറ്റുകാണണമെന്ന കൊതിയുണ്ടായിരുന്നു. അതു നടന്നില്ലെങ്കില്‍, ആവേശകരമായൊരു മത്സരം കാണുകയെങ്കിലും ചെയ്യാമെന്നുണ്ടായിരുന്നു. ഏതായാലും ഉറക്കമിളച്ചത് വെറുതെയായില്ല. കണ്ണുനിറഞ്ഞു – സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്രസീലിന് ആധിപത്യമുണ്ടായിരുന്നെങ്കിലും സ്വന്തം വരുതിയിലുള്ള കാല്‍ക്കുലേറ്റഡ് ഗെയിം ആയിരുന്നില്ല അവര്‍ കളിച്ചത്. എത്ര വീരസ്യം പറഞ്ഞാലും കോസ്റ്ററിക്കക്കെതിരെ രണ്ടു ഗോളടിച്ച് ജയിച്ചത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഇഞ്ചുറി ടൈമില്‍ ആയിരുന്നല്ലോ. കോളറോവും മിത്രോവിച്ചും ല്യായിച്ചും സാവിച്ചുമൊക്കെയുള്ള സെര്‍ബിയ നിര്‍ണായക മത്സരത്തില്‍ കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കുമെന്ന് ഞാന്‍ കണക്കുകൂട്ടി. പക്ഷേ, രണ്ടു കാര്യങ്ങള്‍ യൂറോപ്യരെ ചതിച്ചു. ഒന്ന് – ഈ മത്സരം വിജയിച്ചേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു അവര്‍ എന്നത്. രണ്ട് – തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ ഗോള്‍ വഴങ്ങേണ്ടി വന്നുവെന്നത്.

4-3-3 എന്നതാണ് മൂന്നു മത്സരങ്ങളിലും ടിറ്റെ ഉപയോഗിച്ച ഫോര്‍മേഷനെങ്കിലും ഫലത്തില്‍ അത് 4-2-4 എന്ന വിചിത്രമായ ആക്രമണ സമവാക്യമാണെന്ന് ബ്രസീലിന്റെ കളി കണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ടാകും. വില്ല്യനും ജീസസിനും നെയ്മറിനുമൊപ്പം കുട്ടിന്യോ കൂടി ചേരുന്ന അറ്റാക്കിങ് ക്വാര്‍ട്ടെറ്റ് ഇന്ന് ലോകഫുട്ബോളില്‍ ലഭ്യമായ ഏറ്റവും വിനാശകാരിയാണ്. നെയ്മര്‍ നേതൃത്വം കൊടുക്കുന്ന മുന്‍നിരയ്ക്കൊപ്പമോ ഒരുപക്ഷേ, അതിനു മുകളിലോ നില്‍ക്കും ഒരുചുവട് പിന്നില്‍ കളിക്കുന്ന കുട്ടിന്യോ. നൃത്തവും കവിതയുമൊന്നുമൊന്നുമല്ല പ്രായോഗികതയാണ് അയാളുടെ മേല്‍വിലാസം. കുട്ടിന്യോയുടെ കളി മനോഹരമല്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. പക്ഷേ, ബ്രസീല്‍ ടീമിലെ പ്രധാനി – മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി – നെയ്മറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസിന്റെ നിഴലില്‍ ഒളിച്ചിരിക്കുന്ന കുട്ടിന്യോ ആണെന്ന് ഞാന്‍ പറയും. കുട്ടിന്യോക്ക് ആ റോളെടുക്കാന്‍ പാകത്തില്‍ കാസമിറോ – പൗളിഞ്ഞോ / ഫെര്‍ണാണ്ടിഞ്ഞോ സഖ്യം മിഡ്ഫീല്‍ഡ് നിയന്ത്രിക്കും.

എന്തു വില നല്‍കേണ്ടി വന്നാലും മൂന്നു പോയിന്റാണ് ലക്ഷ്യമെന്ന് സെര്‍ബിയ തുടക്കംമുതല്‍ക്കേ വ്യക്തമാക്കിയിരുന്നതിനാല്‍ കളി വെറുതെ കണ്ടിരിക്കാന്‍ തന്നെ രസമുണ്ടായിരുന്നു. എന്നാല്‍, ജര്‍മനിയെ പോലെ പ്രതിരോധം തുറന്നിട്ടുകൊണ്ടുള്ള കളിയായിരുന്നില്ല സെര്‍ബിയയുടേത്. 4-2-3-1 ല്‍ പ്രതിരോധത്തിനും ആക്രമണത്തിനും തുല്യപ്രാധാന്യമാണ് കോച്ച് ക്രിസ്താവിച്ച് നല്‍കിയിരുന്നത്. സ്വന്തം ബോക്സില്‍ നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് അവര്‍ പന്തെത്തിച്ച വേഗതയില്‍ നിന്ന് അത് വ്യക്തമാവും. ഉയരംകുറഞ്ഞ ബ്രസീല്‍ ഫുള്‍ബാക്കുകളെ പരീക്ഷിക്കുന്നതിനായി ഡീപ്പില്‍ നിന്ന് തൊടുക്കുന്ന ക്രോസുകളായിരുന്നു അവരുടെ പ്രധാന ആയുധം. പക്ഷേ അവര്‍ക്കു കൂടുതല്‍ സമയം പ്രതിരോധിക്കേണ്ടി വന്നത്, എതിരാളി ബ്രസീല്‍ ആയതുകൊണ്ടു മാത്രമാണ്.

ബ്രസീല്‍ തലങ്ങലും വിലങ്ങും ആക്രമിക്കുന്നു, സെര്‍ബിയ പ്രതിരോധിക്കുന്നു, അവസരം കിട്ടുമ്പോഴൊക്കെ മടിച്ചുനില്‍ക്കാതെ അവരും പന്തുമായി മുന്നേറുന്നു എന്നതായിരുന്നു തുടക്കം മുതല്‍ക്കുള്ള സ്ഥിതി. പാസുകള്‍ക്കും അതിവേഗ നീക്കങ്ങള്‍ക്കുമൊപ്പം കളിക്കാരുടെ ഫുട്ട്വര്‍ക്കും ബ്രസീലിന് വ്യക്തമായ മേല്‍ക്കൈ നല്‍കി. നെയ്മര്‍ സ്വാതന്ത്ര്യത്തോടെ കളിച്ചെങ്കിലും കുട്ടിന്യോ തന്നെയായിരുന്നു കളിയുടെ കാരണവര്‍. ഇടതുഭാഗത്തുനിന്ന് മധ്യത്തിലേക്ക് നീങ്ങാനും ഇരുവശങ്ങളിലേക്കും പന്ത് നല്‍കാനും തരംകിട്ടുമ്പോഴൊക്കെ ആക്രമണ ഭീഷണി മുഴക്കാനും കുട്ടിന്യോക്കായി. തുറന്ന അവസരങ്ങള്‍ ജീസസ് പാഴാക്കിയപ്പോള്‍ വില്ല്യന്റെ ചുമതല, ഗോളടിക്കുക എന്നതിനേക്കാള്‍ പന്ത് മുന്നിലേക്ക് നല്‍കുക എന്നതാണെന്നു തോന്നി. ഏതായാലും അര മണിക്കൂര്‍ വരെ സെര്‍ബിയന്‍ പ്രതിരോധം കുറ്റമറ്റ രീതിയില്‍ പ്രതിരോധിച്ചു. ബോക്സിനകത്ത് ‘മുട്ടായി ഉണ്ടാക്കാന്‍’ അവര്‍ അനുവാദം നല്‍കിയതേയില്ല. ഒരു ത്രൂപാസിലൂടെയോ വണ്‍ ടു വണ്‍ മൂവിലൂടെയോ ആയിരിക്കും ബ്രസീലിന്റെ ഗോള്‍ വരിക എന്ന് തോന്നിച്ച നിമിഷങ്ങള്‍. മറുവശത്ത് മിത്രോവിച്ച് മികച്ചൊരവസരം പാഴാക്കുകയും ചെയ്തു.

ആദ്യപകുതിയുടെ രണ്ടാം അര്‍ധമായപ്പോഴേക്കും ബ്രസീലിന്റെ കളിക്ക് വേഗത ഒരല്‍പം കുറഞ്ഞതായി തോന്നി. സെര്‍ബിയ ആകട്ടെ, അതുവരെ സമര്‍ത്ഥമായി വഴിയടച്ചതിന്റ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്‍ കൃത്യസമയത്തു തന്നെ ശൂന്യതയില്‍ നിന്നെന്ന പോലെ ഗോള്‍ വന്നു. ഏകദേശം മധ്യഭാഗത്തു നിന്ന് കുട്ടിന്യോ പന്ത് ഉയര്‍ത്തിവിടുമ്പോള്‍ ഒമ്പത് സെര്‍ബിയന്‍ കളിക്കാര്‍ അയാള്‍ക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ, ഏറെക്കുറെ സ്വതന്ത്രനായി ഓടിക്കയറിയ പൗളിഞ്ഞോക്ക് പന്ത് കിട്ടാന്‍ പാകത്തില്‍ കൃത്യമായിരുന്നു ആ ഡെലിവറി. അതുവരെ മുന്നോട്ടുകയറിയാ ഗോള്‍കീപ്പര്‍ പന്ത് കുത്തിയകറ്റുമെന്ന പ്രതീക്ഷയിലാവണം മൂന്നു പേരുണ്ടായിട്ടും സെര്‍ബിയന്‍ പ്രതിരോധം പൗളിഞ്ഞോയെ വെറുതെവിട്ടത്. പക്ഷേ, മുന്നോട്ട് സ്ട്രെച്ച് ചെയ്ത ഗോള്‍കീപ്പറുടെ കൈയില്‍ പന്ത് തട്ടുന്നതിന്റെ തൊട്ടുമുന്നത്തെ അര്‍ധ നിമിഷത്തില്‍ പന്തിന്മേല്‍ സ്പര്‍ശിക്കാന്‍ പൗളിഞ്ഞോക്ക് കഴിഞ്ഞു. നഗ്‌നപാദനായിരുന്നെങ്കില്‍ വിരല്‍ത്തുമ്പാകണം പന്തില്‍ കൊള്ളേണ്ടിയിരുന്നത്. പക്ഷേ, അത് ധാരാളമായിരുന്നു. നിസ്സഹായരായി നില്‍ക്കുന്ന സെര്‍ബ് കളിക്കാരെ പരിഹസിച്ചെന്ന പോലെ പന്ത് വലയിലെത്തി.

ഗോളടിച്ചതിനു ശേഷം ബ്രസീല്‍ എന്തുചെയ്യുന്നു എന്നറിയാനായിരുന്നു എനിക്ക് കൗതുകം. സ്വിറ്റ്സര്‍ലാന്റിനെതിരെ പുലര്‍ത്തിയ ആലസ്യത്തിന് അവര്‍ വലിയ വിലനല്‍കേണ്ടി വന്നതാണ്. പക്ഷേ, ഇത്തവണ ബ്രസീല്‍ ആ തെറ്റ് തിരുത്തിയതായി തോന്നി. ആക്രമണം നിര്‍ത്താനോ പന്തിന്മേലുള്ള ആധിപത്യം ഉപേക്ഷിക്കാനോ അവര്‍ തയ്യാറായില്ല. ആദ്യപകുതിയുടെ അവസാനം വരെ മഞ്ഞപ്പട ഭീഷണിയുയര്‍ത്തി.

ഇടവേളക്കു ശേഷമിറങ്ങിയ സെര്‍ബിയ മറ്റൊരു ടീമായിരുന്നു. തുടരെത്തുടരെ ആക്രമണങ്ങള്‍ നയിച്ച അവര്‍ ബ്രസീലിന്റെ പിന്‍നിരയില്‍ പരിഭ്രാന്തി പരത്തി. മിറാന്‍ഡ അക്രോബാറ്റിക് സ്‌കില്ലിലൂടെ അടിച്ചൊഴിവാക്കിയ ഫ്രീകിക്കിലും ഗോള്‍കീപ്പര്‍ വീണുകിടക്കെ മിത്രോവിച്ച് തൊടുത്ത ഹെഡ്ഡറിലും ഗോള്‍വീഴാതെ ബ്രസീല്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്. എന്നാല്‍, കളിയുടെ ഗതിക്കു വിപരീതമായി ഗോള്‍നേടാന്‍ ബ്രസീലിനായതോടെ സെര്‍ബിയയുടെ കഥ കഴിഞ്ഞു. നെയ്മര്‍ തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് ഹെഡ്ഡ് ചെയ്യാന്‍ പാകത്തില്‍ സെര്‍ബിയന്‍ ബോക്സില്‍ സ്പേസ് ഉണ്ടാക്കിയ മിറാന്‍ഡക്കു കൂടി ആ ഗോളില്‍ പങ്കുണ്ട്. താന്‍ നിലത്തുവീഴുന്നതിനൊപ്പം എതിര്‍താരത്തെ കൂടി മിറാന്‍ഡ വീഴ്ത്തി. അതേസമയം, നിയര്‍ പോസ്റ്റില്‍ സില്‍വക്ക് ചാടാനും ഹെഡ്ഡര്‍ തൊടുക്കാനുമുള്ള അവസരം നല്‍കിയ ഡിഫന്‍സും ഇതില്‍ പ്രതിയാണ്. നിലത്തുവീണയാള്‍ പോരാതെ മൂന്നുപേരാണ് ഈസമയത്ത് ആ പ്രദേശത്തുണ്ടായിരുന്നത്. എന്നിട്ടും സില്‍വക്ക് യാതൊരു വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.

കുഷ്യന്‍ കിട്ടിയതോടെ കളിയെ കൊന്നുകളയുക എന്നതായിരുന്നു ബ്രസീല്‍ തന്ത്രം. എതിരാളിക്ക് പന്തു നല്‍കാതെ വണ്‍ടച്ചുമായി അവര്‍ മൈതാനം ചുറ്റിയപ്പോള്‍ കളി വിരസമായി. ആ വിരസത ടിറ്റെയുടെ കണക്കുപുസ്തകത്തില്‍ ഉള്ളതു തന്നെയായിരുന്നു. പന്തു കിട്ടാതെ എന്തു ഫുട്ബോള്‍ കളിക്കാന്‍; സെര്‍ബിയക്കാര്‍ മാനസികമായും ശാരീരികയമായും തളര്‍ന്നുകഴിഞ്ഞിരുന്നു. ഇടക്കിടെ ലോങ് ബോളുകളുമായി മഞ്ഞപ്പട ആക്രമണം നടത്തുക കൂടി ചെയ്തതോടെ ജയിക്കാനുള്ള ഇനി ഗോള്‍വഴങ്ങാതിരിക്കുക എന്ന ഗതികേടിലേക്ക് സെര്‍ബിയ സ്വയം പരുവപ്പെട്ടു. അവസാന ഘട്ടങ്ങളില്‍ ഗോളടിക്കാന്‍ വേണ്ടി നെയ്മര്‍ അനാവശ്യമായ ഡ്രിബ്ലിങുകള്‍ക്ക് മുതിര്‍ന്നില്ലായിരുന്നെങ്കില്‍ വിജയമാര്‍ജിന്‍ ഉയര്‍ന്നേനെ.

ടിറ്റെയുടെ ആക്രമാത്മക തന്ത്രങ്ങളുടെ വിജയമാണ് ബ്രസീലിന്റേത്. കളിക്കാരുടെ ശൈലിക്കും സ്‌കില്‍സിനും അനുസൃതമായിക്കൂടിയാണ് ടിറ്റെ തന്ത്രങ്ങള്‍ ഒരുക്കുന്നത്. ആവശ്യസമയത്ത് കളിയുടെ വേഗം കൂട്ടാനും കുറക്കാനും പൊസിഷനുകള്‍ മാറി എതിരാളികളെ സമ്മര്‍ദത്തിലാക്കാനും ഇതുകൊണ്ട് കഴിയുന്നു. ഒരേരീതിയില്‍ തൊണ്ണൂറു മിനുട്ടും കളിച്ച ജര്‍മനി തോറ്റിടത്താണ് ആക്രമണത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന ബ്രസീല്‍ വ്യത്യാസമുണ്ടാക്കുന്നത് എന്നകാര്യം ശ്രദ്ധിക്കുക. അതേസമയം, ടിറ്റെയുടെ ഭാഗ്യം എല്ലാ പൊസിഷനുകളിലേക്കും ചേരുന്ന ലോകോത്തര കളിക്കാര്‍ ലഭ്യമാണെന്നതാണ്; മാഴ്സലോ കയറിയ ശേഷം അവിടെ വന്ന ഫിലിപ് ലൂയിസ് കളിച്ചതും നെയ്മറുമായും കുട്ടിന്യോയുമായും അയാള്‍ ലിങ്ക് ചെയ്തതും ഓര്‍ക്കുക. അര്‍ജന്റീനയുടെ പ്രതിസസന്ധി, അവര്‍ക്ക് ഉള്ള കളിക്കാരെ വെച്ച് പൊസിഷനുകള്‍ നിറക്കേണ്ടി വരുന്നു എന്നതാണ്.

രണ്ടുകാര്യങ്ങള്‍ കൂടി പറയട്ടെ; ഒന്ന് – ഇന്നലത്തെ മത്സരത്തില്‍ സെര്‍ബിയക്ക് ജയം അനിവാര്യമായതു കൊണ്ടാണ് ബ്രസീലിന് തങ്ങളുടെ ശൈലി വിജയകരമായി പരീക്ഷിക്കാനുള്ള സ്പേസ് ലഭിച്ചത്. എതിരാളികള്‍ അള്‍ട്രാ ഡിഫന്‍സീവ് ആയി കളിക്കുകയോ ഒരു ഗോള്‍ നേരത്തെ വഴങ്ങുകയോ ചെയ്യുന്ന അവസരങ്ങളില്‍ ബ്രസീല്‍ എങ്ങനെയാവും കളിക്കുക എന്നറിയാന്‍ കൗതുകമുണ്ട്. ഈ ലോകകപ്പില്‍ തന്നെ അവസരമുണ്ടാകട്ടെ എന്നാശിക്കുന്നു.
രണ്ട് – നെയ്മറിനെപ്പറ്റിയാണ്. ബ്രസീലിന്റെ ഈ ശൈലിയില്‍ അയാള്‍ ഒരു ബാധ്യതയാണ്. ടീമിന്റെ അതിവേഗ നീക്കങ്ങള്‍ അയാളുടെ കാലുകളിലെത്തുമ്പോള്‍ മന്ദഗതിയിലാകുന്നുണ്ട്. ഒരേ വേഗത്തില്‍ ഓടിക്കയറിയ സഹതാരങ്ങളെ നിരാശരാക്കുന്ന രീതിയാണത്. അനുകൂല സാഹചര്യങ്ങളില്‍ അതുകൊണ്ട് വലിയ കുഴപ്പമില്ലായിരിക്കാം. സ്‌കില്‍സും ഡ്രിബിള്‍സും അപ്രതീക്ഷിത പാസുകളുമൊക്കെയായി അയാള്‍ എതിരാളികളെ വിഷമിപ്പിക്കുന്നുണ്ട് എന്നതും ശരിയാണ്. പക്ഷേ, ആ പൊസിഷനില്‍ കുട്ടിന്യോയുമായി കുറച്ചുകൂടി വേഗതയില്‍ ലിങ്ക് ചെയ്യുന്ന ഒരു യൂട്ടിലിറ്റി പ്ലേയര്‍ ആയിരുന്നെങ്കില്‍ എതിര്‍ഗോള്‍മുഖത്ത് ഭീഷണിയൊഴിഞ്ഞ നേരമുണ്ടാകില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി- ജോമോൻ ചിത്രം “സാമ്രാജ്യം” 4K റീ റിലീസ് ടീസർ പുറത്ത്; റിലീസ് സെപ്റ്റംബർ 19 ന്

Published

on

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീമാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ റീ മാസ്റ്റർ ചെയ്ത ചിത്രത്തിൻ്റെ റീ റിലീസ് 2025 സെപ്റ്റംബർ 19 നാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽ മുടക്കിലാണ് ഒരുക്കിയത്. സ്റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം മേക്കിങ് മികവ് കൊണ്ടും വലിയ പ്രശംസ നേടി. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം കൂടിയാണ് “സാമ്രാജ്യം”.

ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പിആർഒ- ശബരി

Continue Reading

Film

‘എല്ലാവർക്കും സർവ്വശക്തനും നന്ദി’; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രവുമായി മമ്മൂട്ടി

Published

on

പിറന്നാൾ ദിനത്തിൽ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുള്ള ബ്ലാക്ക് കളർ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ ചാരി കടലിലേക്കു നോക്കി നിൽക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട് പ്രിയ താരം.

“എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ തന്നെ മമ്മൂട്ടിയുടെ പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് മമ്മൂക്കയുടെ പുതിയ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.

‘സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങിചാരേ കൺതുറന്നതോ സുവർണ്ണതാരകം’, ‘ഈ തിരിച്ചു വരവിന് ഒരു മടങ്ങി പോക്ക് ഇല്ല എന്ന് വിശ്വസിക്കുന്നു’, ‘മലയാളത്തിൽ ഒരേ ഒരു രാജാവ്, ഒടുവിൽ ആ ദിവസം വന്നെത്തി “രാജാവ് തിരിച്ചെത്തി”, ‘തീരത്ത് തിരയിലെ താരം, രാജാവിന്റെ വരവിനായി ജനങ്ങൾ കാത്തിരുന്നു ഒടുവിൽ ആ ദിവസം വന്നെത്തി രാജാവ് തിരിച്ചു വന്നു’- എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആറു മാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്.

അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. ജിതിൻ കെ ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകൾ. മോഹൻലാലുമൊത്ത് അഭിനയിക്കുന്ന ശ്രീലങ്കയിൽ ചിത്രീകരിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റിലാകും മമ്മൂട്ടി ഇനി ജോയിൻ ചെയ്യുക.

 

Continue Reading

Film

സൗബിന്‍ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി

നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി

Published

on

നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനുള്ള യാത്രാനുമതി തേടിയാണ് സൗബിന്‍ കോടതിയെ സമീപിച്ചത്.

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്.

Continue Reading

Trending