പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ റഷ്യന്‍ ലോകകപ്പ് കളിക്കുമോയെന്ന ചോദ്യത്തിന് മനസ്സുതുറന്നു. സ്പാനിഷ് ക്ലബ് ബാര്‍സോണയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിന് കഴിഞ്ഞ മാസം ആദ്യം ഫ്രഞ്ച് ലീഗിലെ മത്സരത്തിനിടെയാണ് പരിക്കേറ്റത്. കാല്‍പാദത്തിനു പൊട്ടലേറ്റതിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടു നിന്ന നെയ്മര്‍ ബ്രസീലില്‍ വച്ചു നടന്ന ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുകയായിരുന്നു. എന്നാല്‍ കളിക്കളത്തിലേക്ക് ബ്രസീല്‍ ടീമിന്റെ നായകന്‍ കൂടിയായ താരം എന്നു തിരിച്ചെത്തുമെന്നതില്‍ കൃത്യമായ വിവരം ടീം മാനേജ്‌മെന്റ് പുറത്തു വിട്ടിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് ലോകകപ്പ് നഷ്ടമാവുമെന്ന തരത്തില്‍പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒടുവില്‍ സംഭവത്തില്‍ വ്യക്തതയുമായി താരം തന്നെ രംഗത്തെത്തി.
പരിക്കില്‍ നിന്നും അതിവേഗം സുഖം പ്രാപിച്ചു വരുന്നതായും ഒരു മാസത്തിനുള്ളില്‍ കളത്തില്‍ തിരിച്ചെത്താമെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നെയ്മര്‍ പരിക്ക് മാറിയ കാര്യം വെളിപ്പെടുത്തിയത്. നേരത്തേ മെയ് ആദ്യം നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലില്‍ പി.എസ്.ജിക്കുവേണ്ടി ബൂട്ടുക്കെട്ടാന്‍ സാധ്യതയുണ്ടെന്ന് സഹതാരം തിയാഗോ സില്‍വ പറഞ്ഞിരുന്നു. എന്നാല്‍ ക്ലബിനു വേണ്ടി ഇനി ഈ സീസണില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ നെയ്മര്‍ തയ്യാറായില്ല.
നായകന്റെ പുതിയ വെളിപ്പെടുത്തല്‍ ബ്രസീല്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ലോകകപ്പിനു മുന്നോടിയായി നടത്തുന്ന സന്നാഹ മത്സരങ്ങളില്‍ അടക്കം താരത്തിനു പങ്കെടുക്കാനാവുമെന്ന് ഇതോടെ ഉറപ്പായി. ലോകകപ്പിനു ഏറ്റവും ആദ്യം യോഗ്യത ഉറപ്പിച്ച ടീമായ ബ്രസീല്‍ വന്‍ പ്രതീക്ഷകളോടെയാണ് റഷ്യയിലെത്തുന്നത്. സ്വിറ്റ്‌സര്‍ലന്റുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം.