Connect with us

Education

ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ഉത്തരവിറക്കി മധ്യപ്രദേശ്

സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത ആര്‍.എസ്.എസിനെ ബഹുമാനിക്കാനാണ് ഈ നീക്കത്തിലൂടെ നിര്‍ദേശിച്ചിരിക്കുന്നതെന്നും എന്നാല്‍ ഈ എഴുത്തുകാര്‍ക്കൊന്നും തന്നെ വിദ്യാഭ്യാസവുമായി ഒരു ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര പ്രതികരിച്ചു.

Published

on

ആര്‍.എസ്.എസ് നേതാക്കള്‍ എഴുതിയ 88 പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തെ സ്വകാര്യ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വീരേന്ദ്ര ശുക്ല, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉള്‍പ്പെടുത്തിയത്.
ആര്‍.എസ്.എസ് എഴുത്തുകാരായ ദിനനാഥ് ബത്ര, സുരേഷ് സോണി, ഡോ.അതുല്‍ കോത്താരി, ദേവേന്ദ്ര റാവു ദേശ്മുഖ്, എന്നിവരുടെ പുസ്തകങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇവരെല്ലാവരും തന്നെ ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ സംഘടനയായ വിദ്യാ ഭാരതിയുമായി ബന്ധമുള്ളവരാണ്. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 88 പുസ്തകങ്ങള്‍ ഉടന്‍ തന്നെ വാങ്ങാനും ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പുസ്തങ്ങളില്‍ ചിലതിന് 11,000 രൂപയോളം വില വരും. എന്നാല്‍ ധനസമാഹരണത്തിലൂടെ ഈ പണം കണ്ടെത്താനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ദിനനാഥ് ബത്രയുടെ മാത്രമായി 14 പുസ്തകങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബ് വിപ്ലവ കവിയായ അവതാര്‍ പാഷിന്റെ ‘സബ്‌സെ ഖതര്‍നാക്’ എന്ന കവിത പ്ലസ് വണ്‍ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ഇയാള്‍ വിദ്യാ ഭാരതി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. എന്നാല്‍ കോളേജ് പാഠ്യ പദ്ധതിയെ കാവി വല്‍ക്കരിക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത ആര്‍.എസ്.എസിനെ ബഹുമാനിക്കാനാണ് ഈ നീക്കത്തിലൂടെ നിര്‍ദേശിച്ചിരിക്കുന്നതെന്നും എന്നാല്‍ ഈ എഴുത്തുകാര്‍ക്കൊന്നും തന്നെ വിദ്യാഭ്യാസവുമായി ഒരു ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര പ്രതികരിച്ചു. അതിനാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇവയെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിക്കാനാണ് ഈ തീരുമാനമെന്നും സുരേഷ് സോണിക്ക് പുറമേ സ്വാമി വിവേകാന്ദന്‍, വേദ് പ്രതാപ് വൈദിക് എന്നിവരുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബി.ജെ.പി വക്താവ് പങ്കജ് ചതുര്‍വേദി ഇതിനോട് പ്രതികരിച്ചത്.
ആര്‍.എസ്.എസ് ദേശീയ വാദികളുടെ ഒരു സാമൂഹിക സംഘടനയായതിനാല്‍ അവരുടെ ലേഖനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് പങ്കജ് ചതുര്‍വേദിയുടെ ഭാഷ്യം.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

കെ-മാറ്റ് 2025 അവസാന തീയതി നീട്ടി

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

Published

on

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.

മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.

Continue Reading

Education

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

Published

on

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.

പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.

Continue Reading

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

Trending