X

കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചവരെ ജഡ്ജി കോടതിയില്‍

മുംബൈ: കെട്ടികിടന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെവരെ കോടതിയിലിരുന്ന് ജഡ്ജി ചരിത്രം സൃഷ്ടിച്ചു. ബോംബെ ഹൈക്കോടതി ജസ്റ്റീസ് എസ്. ജെ കതാവ്‌ലയാണ് ഇന്നലെ പുലര്‍ച്ചെ 3.30 വരെ കോടതി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. ഇന്നലെ മുതല്‍ കോടതി വേനലവധിയ്ക്ക് പിരിഞ്ഞിരുന്നു. ഇതിനാലാണ് കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജി പുലര്‍ച്ചെ വരെ കോടതിയില്‍ ജോലിയില്‍ മുഴുകിയത്. കഴിഞ്ഞ ഒരാഴ്ചയായി കേസുകള്‍ തീര്‍പ്പാക്കാന്‍ ഇദ്ദേഹം അര്‍ധരാത്രിവരെ ജോലിചെയ്യുകയായിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30 വരെ കോടതി നടപടികളിലേക്ക് നീങ്ങിയത്. ഇത്രയും നേരം കോടതിയിലിരിക്കുക മാത്രമല്ല 135 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഈ കേസുകളില്‍ 70തോളം എണ്ണം അതീവ പ്രധാന്യമുള്ളവയാണ്. സ്വത്ത് തര്‍ക്കം, ബൗദ്ധിക സ്വത്തവകാശം, വാണിജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് തീര്‍പ്പാക്കിയത് ഇതിനിടയില്‍ 20 മിനിറ്റ് മാത്രമാണ് ജഡ്ജി ഇടവെളയെടുത്തത്. എല്ലാ കേസുകളും തീര്‍പ്പാക്കിയ ശേഷമേ കോടതി നടപടികള്‍ അവസാനിപ്പിക്കുകയുള്ളു എന്ന് കതാവ്‌ല കക്ഷികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. 2009ലാണ് കതാവ്‌ല ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി പ്രവേശിച്ചത്. 2001 ജൂലൈയില്‍ സ്ഥിരം ജഡ്ജിയായി.

chandrika: