ഫാറൂഖ് എടത്തറ
രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയാക്കയോട് (പെങ്ങളുടെ ഭര്‍ത്താവ്)നോട് പറഞ്ഞപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം.
ആലോചനകള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്ന്, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിരുവാണിയിലേക്കാകാം യാത്ര എന്നുറപ്പിച്ചു. കാടിന് ഒറ്റ നടുക്കുള്ള പട്യാര്‍ ബംഗ്ലാവില്‍ താമസിക്കണം. വേറിട്ട അനുഭവമാണ് അവിടത്തെ തമാസമെന്ന കേട്ടിട്ടുണ്ട്. സുഹൃത്ത് യൂസഫിന് വിളിച്ച് കാര്യങ്ങളന്വേഷിച്ചു. പിന്നീട് പാലക്കാട് ഡി.എഫ്.ഓക്ക് വിളിച്ച് ബുധനാഴ്ച പട്യാര്‍ ബംഗ്ലാവിലെ താമസം ഉറപ്പാക്കി.
സെപ്തംബര്‍ 26 ന് വൈകീട്ട് മൂന്ന് മണിയോടെ രണ്ട് കുട്ടികളടക്കം ഞങ്ങള്‍ ആറു പേര്‍ ശിരുവാണി ലക്ഷ്യമാക്കി അള്‍ട്ടോ കാറില്‍ യാത്ര തുടങ്ങി. കാഞ്ഞിരപ്പുഴ കഴിഞ്ഞപ്പോള്‍ സമയം വൈകീട്ട് നാലര. വഴിയില്‍കണ്ട ഒരാളോട് ശിരുവാണിയിലേക്കുള്ള വഴി ചോദിച്ചു. അങ്ങേര് ഞങ്ങളുടെ മുഖത്തേക്ക് സംശയത്തോടെ മാറിമാറി നോക്കി. ‘ഈ സമയത്ത് അവിടേക്ക്… ആനകളൊക്കെ..’ എന്ന് പറഞ്ഞ് നിര്‍ത്തി. എങ്കിലും അര്‍ധ മനസോടെ വഴി കൃത്യമായി പറഞ്ഞു തന്നു. സമയം അസമയമായിക്കഴിഞ്ഞു എന്ന് ഞങ്ങളും തിരിച്ചറിഞ്ഞു.
പാലക്കാട്-കോഴിക്കോട് ഹൈവേയില്‍ മണ്ണാര്‍ക്കാട്ടു നിന്ന് ഏകദേശം 10കി.മി പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടി എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ്, പാലക്കയം വഴി 18 കി.മി ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാം എത്തും. ഡാം എത്തുന്നതിനു 8 കി.മി മുന്‍പിലായി ഇഞ്ചിക്കുന്ന് എന്ന സ്ഥലത്ത് ഒരു ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക്‌പോസ്റ്റ് വരെ ആള്‍താമസമുള്ള പ്രദേശത്തുകൂടിയാണ് യാത്ര. റോഡിനിരുവശവും കൃഷിസ്ഥലങ്ങള്‍, റബ്ബര്‍ ആണ് കൂടുതലും. കൂടാതെ വാഴ, കപ്പ, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുമുണ്ട്.
അഞ്ച് മണിയോടെ ശിരുവാണി ചെക്ക്‌പോസ്റ്റിലെത്തി. കാര്യങ്ങള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതിനാല്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഫോറസ്റ്റ് ഓഫീസര്‍ ജിനേഷ് പറഞ്ഞ് തന്ന വഴി ലക്ഷ്യമാക്കി മുന്നോട്ട്… ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിന്റെ അടുത്തെത്തുമ്പോള്‍ സമയം ആറു മണി. ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. മനസില്‍ അകാരണമായൊരു ഭയം ചേക്കേറി. കാറിനുള്ളില്‍ ഭീതിയുടെ അന്തരീക്ഷം മൂടിക്കെട്ടി നിന്നു. എങ്കിലും ധൈര്യം സംഭരിച്ച് വാഹനം മുന്നോട്ടെടുത്തു.
വഴിയില്‍ വലതു ഭാഗത്തായി ഒരു കാട്ടുപോത്ത്. വാഹനം തിരിക്കാന്‍ കഴിയാത്ത ഇടുങ്ങിയ റോഡും. എങ്കിലും മുന്നോട്ടു തന്നെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. കുറെയേറെ ഓടിയിട്ടും പട്യാര്‍ ബംഗ്ലാവ് കാണുന്നില്ല. അതിര്‍ത്തിയിലെത്തിയപ്പോള്‍ ഭയം കൂടി വന്നു.
എങ്ങോട്ട് പോകണമെന്ന് ഒരു ലക്ഷ്യവുമില്ല… തിരികെ പോകുമ്പോള്‍ വഴിയില്‍ കാട്ടുപോത്തും ആനയും. ഒന്നും നോക്കിയില്ല… നേരെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമാക്കി തിരിച്ചു… പേടി ഡ്രൈവിങിനെ ബാധിച്ചപ്പോള്‍ കാറിന് സ്പീഡ് കൂടി. മെല്ലെ പോയാല്‍ മതിയെന്ന് കൂടെയുള്ളവരുടെ ഉപദേശം.
ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞപ്പോഴേക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെത്തി… അവിടുത്തെ ഭായ് സാബിനോട് കാര്യങ്ങള്‍ വിശദീകരിച്ചു.. വാച്ചര്‍ മുരുകനെ ഞങ്ങളോടൊപ്പം അയക്കാനുള്ള മഹാമനസ്‌കത അദ്ദേഹം കാട്ടി.
മുരുകനെയും കൂട്ടിയായി പിന്നെയുള്ള യാത്ര. പരിസരം പരിചയമുള്ള മുരുകന്‍ സഹയാത്രികനായെത്തിയപ്പോള്‍ കാറിനകത്തെ അന്തരീക്ഷം അയഞ്ഞു. സാര്‍ വിട്ടോ സാര്‍ എന്ന് പറഞ്ഞ് മുരുകന്‍ കഥ പറയാന്‍ തുടങ്ങി. സന്തോഷത്തോടെ വാഹനം മുന്നോട്ട് പോകുമ്പോഴതാ വഴി തടസ്സപ്പെടുത്തി ഒരു ഒറ്റയാന്‍. അപകടം മണത്ത ഞാന്‍ കാറിന്റെ ലൈറ്റ് അണച്ചു. ‘ലൈറ്റ് അണക്കല്ലേ സാര്‍… ആക്‌സിലേറ്റര്‍ കൂട്ടൂ…’ എന്ന മുരുകന്റെ സ്‌നേഹത്തോടെയുള്ള അട്ടഹാസം. മുരുകന്‍ പറഞ്ഞപോലെ ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആന വഴിയില്‍ നിന്നും മാറിയിരുന്നു. കാട്ടുപാതയിലൂടെ കാറോടിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആന മുന്നില്‍ വന്നാല്‍ ലൈറ്റ് അനക്കണമെന്ന മുന്‍ ധാരണ തിരുത്താനും ഇതുകൊണ്ടായി.
15 മുനുട്ട് കഴിഞ്ഞപ്പോഴേക്ക് പട്യാര്‍ ബംഗ്ലാവിലെത്തി. ഞങ്ങളെ കാത്ത് അവിടെ പാചകക്കാരന്‍ സാമുവല്‍ ഉണ്ടായിരുന്നു. രണ്ട് റൂമുകളുള്ള ബംഗ്ലാവ്. ഒരു റൂമില്‍ 5 പേര്‍ക്ക് താമസിക്കാം. അത്യാവശ്യ സൗകര്യമുള്ള രണ്ട് റൂമുകള്‍. കൂടാതെ കിച്ചനും കുക്കും. വൈദ്യുതിക്ക് സോളാര്‍ തന്നെ ശരണം.
രാത്രിയില്‍ ബംഗ്ലാവിനു പുറത്തിറങ്ങി. മൃഗങ്ങളുടേയും കിളികളുടേയും ശബ്ദം. ഭയങ്കര തണുപ്പ്. നല്ല ചുടുള്ള കട്ടന്‍ചായയും കേക്കും കഴിച്ചപ്പോള്‍ ശരീരം അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട പോലെ തോന്നി. ബംഗ്ലാവിന്റെ അടുത്തുള്ള ഒരു പൂച്ചെട്ടിയുടെ അടുത്ത് വോഡഫോണിന് ഇമ്മിണി റേഞ്ച് കിട്ടും.രാത്രി 10 മണിയോടെ ഉറങ്ങാന്‍ കിടന്നു.
പുലര്‍ച്ചെ അഞ്ച് മണിയോടെ എണീക്കണം, എന്നാലേ കാടിന്റെ യഥാര്‍ത്ഥ സൗന്ദര്യം കാണാന്‍ കഴിയൂ എന്ന് തലേന്ന് വാര്‍ഡന്‍ പറഞ്ഞത് കൊണ്ട് നേരത്തെ എണീറ്റു. ആ പറഞ്ഞത് ശരിയാണെന്ന് പിറ്റേന്ന് നേരിട്ടു തന്നെ ബോധ്യമായി. അതിമനോഹരമായ പ്രഭാത ദൃശ്യത്തില്‍ കാടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്ന് കാണാം. ഞാന്‍ ഇതിനു മുമ്പ് വനസവാരി നടത്തിയിട്ടുള്ള ആറളം വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്.
രാവിലെ മീന്‍ ബിരിയാണിയും കഴിച്ച് പത്തു മണിയോടെ ട്രക്കിംഗിനായി ഇറങ്ങി. ഡാം സന്ദര്‍ശനവും കാട്ടിലേക്കുള്ള സവാരിയും കൊടുംവനത്തില്‍ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ പ്രധാന വിനോദ പരിപാടികള്‍. ട്രക്കിങ്ങിന് വരുന്നവര്‍ക്ക് രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയാണ് സന്ദര്‍ശന സമയം. ഇപ്പോള്‍ സ്വകാര്യവാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്ക് കടന്നുപോകാം.
മുമ്പ് യാത്രകളിലൊക്കെ മാന്‍, കുരങ്ങന്‍ മുതലായ മൃഗങ്ങളെ മാത്രമേ കാണാന്‍ പറ്റിയിരുന്നുള്ളൂ. പക്ഷെ, ഈ യാത്രയില്‍ ഞങ്ങളെ കാത്തിരുന്നത് കാട്ടില്‍ കണ്ടുകിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വന്യമൃഗങ്ങള്‍ തന്നെയായിരുന്നു.
ശിരുവാണി ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയത് 1927ല്‍ ആണ്. പ്രകൃതിയുടെ വെല്ലുവിളി അതിജീവിച്ച് ഉണ്ടാക്കിയ, കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാമിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്‌നാട് ആണ്. ഈ അടുത്ത കാലത്തുപോലും വെള്ളവുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.
ബംഗ്ലാവില്‍ നിന്നും ഏകദേശം മൂന്ന് കി.മി കൂടി ചെന്നാല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായി. കേരളമേട് എന്നാണ് സ്ഥലത്തിന്റെ പേര്. അതിര്‍ത്തിക്കിരുവശവും ഓരോ ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക് പോസ്റ്റില്‍നിന്ന് വനംവകുപ്പ ഉദ്യോഗസ്ഥന്‍ വേലായുധന്‍ ഞങ്ങളെ കുടെ മലമുകളിലേക്ക് വന്നു.. ആന, കടുവ, മാന്‍, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ ജീവികള്‍ രാത്രികാലങ്ങളില്‍ ചെക്ക്‌പോസ്റ്റ്‌നു അടുത്ത് വരുന്നത് പതിവാണത്രേ.
തമിഴ്‌നാട് ചെക്ക്‌പോസ്ടിനു മുകളില്‍ കയറി നോക്കിയാല്‍ കോയമ്പത്തൂര്‍ പട്ടണം ഒരുവിധം നന്നായി കാണാം. കേരളമേട് നിന്ന് ഏകദേശം 30 കിലോ മീറ്റര്‍ തമിഴ്‌നാട് വനത്തിലൂടെ സഞ്ചരിച്ചാല്‍ കോയമ്പത്തൂര്‍ ടൗണിലെത്തും…
പ്രകൃതിയുടെ വന്യസൗന്ദര്യം ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ലിസ്റ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഒരിടമാണ് പട്യാര്‍ ബംഗ്ലാവ്. വൈകീട്ട് മൂന്നു മണിക്കെങ്കിലും ബംഗ്ലാവിലെത്തുന്ന വിധം വേണം യാത്ര ക്രമീകരിക്കാന്‍. അതീവഹൃദ്യമായ ഒട്ടേറെ കാഴ്ചകള്‍ ബംഗ്ലാവില്‍ നിന്നും ട്രക്കിങ്ങിനിടയിലും കാണാം. ഞങ്ങള്‍ക്ക് ലഭിച്ചതു പോലെ ഇടയ്ക്ക് മഴയുടെ അനുഗ്രഹം കൂടിയുണ്ടായാല്‍ യാത്ര കെങ്കേമമാവും.
https://goo.gl/NUhyWI