രഞ്ജിത് മാമ്പിള്ളി
ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന് പറഞ്ഞാൽ ആരുടെയൊ കട്ടിലിനടിയിൽ ഇരിക്കുന്ന കെട്ട് കണക്ക് നോട്ടാണെന്ന് ഒരു ധാരണ എല്ലാവർക്കും ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് ബ്ലാക് മണിയുടെ ഒരു ചെറിയ ശതമാനമേ ഉള്ളു. ഭൂരിപക്ഷം ബ്ലാക് മണിയും നിങ്ങളുടെ കണ്മുന്നിൽ തന്നെ കിടപ്പുണ്ട്. നിങ്ങളുടെ വീട് !!! (ഫ്ലാറ്റ്/വില്ല ആണെങ്കിൽ ഉറപ്പിച്ചൊ)
രഞ്ജിത് മാമ്പിള്ളി
നിങ്ങൾ സ്ഥലം വാങ്ങിക്കുകയൊ വിൽക്കുകയൊ ചെയ്തപ്പോൾ വിൽപ്പന നികുതി കുറയ്‌ക്കാൻ സ്ഥലത്തിനു മുടക്കിയ കാശ് കാണിച്ചിരുന്നൊ ?. എന്നാൽ നിങ്ങളും ബ്ലാക് മാർക്കെറ്റിൽ കാശിറക്കിയവനൊ, കാശു വാരിയവനൊ ആണ്. വീട് പണിക്ക് സാധനം വാങ്ങുമ്പൊൾ ബില്ലടിക്കാതെ സാധനം വാങ്ങിയിട്ടുണ്ടൊ ?. നിങ്ങളും ബ്ലാക് മണിയിലേയ്‌ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്.
അപ്പൊ ഹരിശ്ചന്ദ്രൻറെ വേഷം കെട്ടുമ്പോൾ ഒരു സ്വയം വിലയിരുത്തൽ നല്ലതാണ്. !
ഇൻഡ്യയിൽ ബ്ലാക് മണി കിടന്ന് കളിക്കുന്ന മൂന്ന് ബിസ്സിനസ്സുകളാണ്. ഒന്ന് റിയൽ എസ്‌റ്റേറ്റ്, രണ്ട് സ്വർണ്ണം, മൂന്ന് സിനിമ വ്യവസായം. ബ്ലാക് മണി വെളുപ്പിച്ചെടുക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഇത് മൂന്നുമാണ്. നിർഭാഗ്യവശാൽ കണ്‌സ്യൂമർ മാർക്കെറ്റ് മൊത്തം ഈ ബിസ്സിനസ്സുകളെ ആശ്രയിച്ചാണിരിക്കുന്നത്.
ഒരു റിയൽ എസ്‌റ്റേറ്റ് ക്രയവിക്രയം അനലൈസ് ചെയ്താൽ ഈ പ്രശ്നത്തിൻറെ വ്യാപ്തി മനസ്സിലാവും. ഏതോ ഒരു ബ്രോക്കർ കാണിച്ചു തന്ന സ്ഥലം നിങ്ങൾ വാങ്ങുന്നു. സ്‌റ്റാമ്പ് ഡ്യുട്ടി ലാഭിക്കാനായി ഗവണ്മെൻറ് നിഷ്കർഷിക്കുന്ന റേറ്റാണ് ആധാരത്തിൽ കാണിക്കുക. ബാക്കി ബ്ലാക് മണി. പൈസ അടിച്ച ബ്രോക്കറും, വിൽപ്പന നടത്തിയ ഉടമയും കാശും കൊണ്ട് ഓടുന്നത് സ്വർണ്ണക്കടയിലേയ്‌ക്കാണ്. നാലഞ്ച് ലക്ഷത്തിനു ബിസ്‌കറ്റ് വാങ്ങുന്നു ഏതെങ്കിലും ബാങ്കിൻറെ ലോക്കറിൽ സൂക്ഷിക്കുന്നു. അഞ്ചും പത്തും ലക്ഷവും അതു പോലെ കെട്ടി കട്ടിലിനടിയിൽ വെയ്‌ക്കുന്ന പരിപാടി ഒക്കെ പണ്ടായിരുന്നു.
ഉണ്ടാകാൻ പോകുന്ന പ്രശ്നം റിയൽ എസ്‌റ്റേറ്റ് വില പകുതിയായി ഇടിയും. ബ്ലാക് മണി ഇറക്കാൻ സാധിക്കാത്തതിനാൽ ഇവരൊക്കെ മുടക്കിയ കാശിനു സ്‌റ്റാമ്പ് ഡ്യുട്ടി എടുക്കണ്ടി വരും. അതായത് വില കൂട്ടി വാങ്ങാനൊ, വിൽക്കാനൊ ആളില്ലാതായി വരും. അതിനർത്ഥം ഇന്ന് ബാംഗ്ലൂരിലും, ബോംബെയിലും, മദ്രാസ്സിലും, കൊച്ചീലുമൊക്കെ കോടി കണക്കിന് രൂപ മുടക്കി വാങ്ങിയ അപ്പാർട്ട്‌മെൻറുകൾക്ക് വില താനെ കുറയും. ചുരുക്കി പറഞ്ഞാൽ കള്ള പ്പണം അപ്രത്യക്ഷമാകുന്നതോടെ കള്ളപ്പണം മുടക്കി വാങ്ങിയ വീടിൻറെ മൂല്യമാണ് ആദ്യം ഇടിയാൻ പോകുന്നത്. റിയൽ എസ്‌റ്റേറ്റ് ബിസ്സിനസ്സുകൾ നടക്കാതാകുമ്പോൾ സ്വർണ്ണത്തിനു വിലയും കുറയും. (ഇതിൻറെ പ്രതിഫലനം ഇൻറർനാഷണൽ മാർക്കെറ്റിലും വ്യാപിക്കും). സേഫ് ഡെപ്പോസിറ്റിലിരിക്കുന്ന സ്വർണ്ണ ബിസ്കറ്റുകൾക്കും വില കുറയുമെന്നും ചുരുക്കം.
ബ്ലാക് മാർക്കെറ്റ് അപ്രത്യക്ഷമാകുന്നതോടെ, (മൊത്തമായി അപ്രത്യക്ഷമാകും എന്ന് വിശ്വസിക്കുന്നില്ല), അവിശ്യ സാധനങ്ങളുടെ വില കൂടും. അരിയും പച്ചക്കറിക്കും എല്ലാം വില കൂടും.
ചുരുക്കി പറഞ്ഞാൽ കുറച്ചു കാലത്തേയ്‌ക്കെങ്കിലും മധ്യവർഗ്ഗത്തിൻറെ വയറ്റത്തടിക്കുന്ന പരിപാടിയായി പോയി.. വലിയ കള്ളപ്പണക്കാർ, അതായത് വിക്കിലീക്സിൽ പേരു വന്നാൽ നാലു പേർ അറിയുന്ന തരം കള്ളപ്പണക്കാർ കാശു സൂക്ഷിക്കുന്നത് കട്ടിലിനടിയിലല്ല. അതൊക്കെ ഡോളറുകളിലേയ്‌ക്ക് മാറ്റി കാൻമാനിലും, സെൻറ് കീറ്റ്സിലും ഒക്കെ എത്തിച്ചിട്ടുണ്ടാവും. അവരെ ഒന്നും ഈ തീരുമാനം കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
എന്നിരുന്നാലും ലോങ് റണ്ണിൽ ഈ തീരുമാനം ഗുണം ചെയ്യും. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന് പണം മുടക്കി സ്ഥലം വാങ്ങി വീട് പണിയാൻ സാധിക്കുന്നില്ലെങ്കിൽ ആ ഇക്കണോമി സസ്റ്റൈനബിൾ അല്ല. ആ അവസ്ഥ മാറും. ഒരു ചെറിയ ടൈം പിരീഡിലേയ്‌ക്ക് വളരെ അധികം പേർക്ക് ചില അസൌകര്യങ്ങൾ നേരിടണ്ടി വരും. അതെത്ര കാലം നിൽ നിൽക്കുമെന്ന് പറയാൻ പറ്റില്ല. ഈ ലോങ് റണ് എന്നത് എന്നു തുടങ്ങുമെന്നും പറയാൻ സാധിക്കില്ല. അതിനൊരു പ്ലാൻ ഈ തീരുമാനത്തിനു പുറകിലുള്ളവർക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.