X

ഡൽഹിയിൽ ബുർഖയും മാസ്കും ധരിച്ച വോട്ടർമാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി

ബുര്‍ഖയും മാസ്‌കും ധരിച്ച് വരുന്ന വോട്ടര്‍മാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന ആവശ്യവുമായി ഡല്‍ഹി ബി.ജെ.പി. ഇതുസംബന്ധിച്ച് ബി.ജെ.പി പ്രതിനിധികള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ബി.ജെ.പിയുടെ ഈ നീക്കം ഇതാദ്യമായല്ല.

മെയ് 25ന് വോട്ടെടുപ്പ് നടക്കുമ്പോള്‍ ബുര്‍ഖയും മാസ്‌ക്കും ധരിച്ചവരെ വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിക്കണമെന്നാണ് ആവശ്യം. ഡല്‍ഹിയിലെ 7 സീറ്റുകളിലേക്ക് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാമൂഹിക വിരുദ്ധരും ജനാധിപത്യവിരുദ്ധരും കൃത്രിം കാണിക്കുന്നതില്‍ നിന്ന് പരിശോധനാ നടപടി തടയുമെന്നും ബി.ജെ.പി വ്യക്തമാക്കി.

ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലത വോട്ടര്‍മാരുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഡല്‍ഹി ബി.ജെ.പി ഘടകം വോട്ടര്‍മാരുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

ബുര്‍ഖയോ മാസ്‌കോ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ വനിതാ ഉദ്യോഗസ്ഥര്‍ മുഖേന വിശദമായി പരിശോധിച്ചശേഷം മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂവെന്ന് ഡല്‍ഹി ബി.ജെ.പി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി എം.എല്‍.എമാരായ അജയ് മഹാവാര്‍, മോഹന്‍ സിങ് ബിഷ്ത്, സംസ്ഥാന സെക്രട്ടറി കിഷന്‍ ശര്‍മ, അഭിഭാഷകന്‍ നീരജ് ഗുപ്ത എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

പൊതുതാല്‍പ്പര്യം കണക്കിലെടുത്താണ് ഈ നടപടി ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ബുര്‍ഖ ധരിച്ച സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളില്‍. ബുര്‍ഖ ധരിച്ച ധാരാളം സ്ത്രീകള്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തുകളില്‍ എത്തുന്നുണ്ട്. അതിനാല്‍ കള്ളവോട്ട് തടയാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

webdesk13: