ന്യൂഡല്‍ഹി: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ജനസമ്മതി കുറഞ്ഞു വരുന്നതായി എ.ബി.പി-ന്യൂസ് ലോക്‌നിതി-സി.ജി.എസ് സര്‍വേ.
ജനസമ്മതിക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍ എന്‍.ഡി.എ തന്നെ കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന് 293-309 സീറ്റുകള്‍ ലഭിക്കും. 2014ല്‍ നേടിയതിനേക്കാളും 30 ഓളം സീറ്റിന്റെ കുറവാണിത്. 2014ല്‍ 336 സീറ്റുകള്‍ നേടിയ എന്‍.ഡി.എക്ക് 30 സീറ്റുകള്‍ കുറയുമ്പോള്‍ ബി.ജെ.പിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കില്ല. 2014ല്‍ 282 സീറ്റിലാണ് ബി.ജെ.പി തനിച്ച് ജയിച്ചത്.
അതേ സമയം പ്രതിപക്ഷമായ യു.പി.എയുടെ ജനസമ്മതിയുംവോട്ടും വര്‍ധിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. 2017 മെയില്‍ നടത്തിയ സര്‍വേയില്‍ എന്‍.ഡി.എക്ക് 331 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ബി.ജെ.പിക്കുണ്ടായ തിരിച്ചടി ഫലത്തില്‍ നേട്ടമാവുന്നത് യു.പി.എക്കാണ്. സര്‍വേ ഫല പ്രകാരം യു.പി.എ 127 സീറ്റുകളും മറ്റുള്ളവര്‍ 115 സീറ്റുകളും നേടും. 2017 മെയില്‍ 19 ശതമാനം വോട്ടു വിഹിതം ലഭിക്കുമെന്ന് സര്‍വേ പ്രവചിച്ചിരുന്ന കോണ്‍ഗ്രസിന് പുതിയ സര്‍വേ പ്രകാരം 25 ശതമാനം വോട്ടുകളാണ് ലഭിക്കുക. കഴിഞ്ഞ എട്ടു മാസത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ജനസമ്മതിയില്‍ കാര്യമായ ഇടിവുണ്ടായതായും സര്‍വേ വ്യക്തമാക്കുന്നു.
2017 മെയില്‍ 44 ശതമാനം പേരും മോദി പ്രധാനമന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട സ്ഥാനത്ത് പുതിയ സര്‍വേയില്‍ 37 ശതമാനം പേര്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചത്. അതായത് എട്ടു മാസത്തിനിടയില്‍ ഏഴു ശതമാനം ഇടിവാണ് മോദിയുടെ പ്രശസ്തിയില്‍ സംഭവിച്ചത്. അതേ സമയം സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യനെന്ന് വ്യക്തമാക്കുന്നു.
മെയിലെ സര്‍വേയില്‍ നിന്നും എട്ട് ശതമാനത്തിന്റെ വര്‍ധനവാണിത്. ബി.ജെ.പി സര്‍ക്കാറില്‍ പൂര്‍ണമായ അവിശ്വാസം പ്രകടിപ്പിച്ചവരുടെ ശതമാനത്തിലും ഇത്തവണ വര്‍ധനവാണുണ്ടായിരിക്കുന്നത്. 17 ശതമാനം പേരാണ് പൂര്‍ണ വിയോജിപ്പ് രേഖപ്പെടുത്തിയത്. 23 ശതമാനം ഒരു പരിധി വരെ അസംതൃപ്തിയും രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മോദിയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നവരുടെ എണ്ണത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. എല്ലാ മേഖലയിലും മോദി സര്‍ക്കാറിനെതിരായ അസംതൃപ്തി വര്‍ധിക്കുന്നതായും സര്‍വേ ഫലം സൂചിപ്പിക്കുന്നു.
ജനുവരി ഏഴ് മുതല്‍ 20 വരെ 19 സംസ്ഥാനങ്ങളിലെ 175 ലോക്‌സഭാ മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്. 2017 മെയില്‍ 64 ശതമാനം പേര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്ന സ്ഥാനത്ത് പുതിയ സര്‍വേയില്‍ 51 ശതമാനം പേര്‍ മാത്രമാണ് സമാന അഭിപ്രായം നടത്തിയത്. അതേ സമയം 41 ശതമാനം സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയും പ്രകടിപ്പിച്ചു.