X
    Categories: CultureMore

നെഹ്‌റുവിനെ അപമാനിക്കാന്‍ ഐ.ടി തലവന്റെ ട്വീറ്റ്; അശ്ലീല പ്രചരണം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും നവഭാരത ശില്‍പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തിരിച്ചടിക്കുന്നു. നെഹ്‌റു സ്ത്രീകളുമായി ‘അടുപ്പം പ്രകടിപ്പിക്കുന്ന’ ചിത്രങ്ങള്‍ ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സ്ത്രീകളെ ചേര്‍ത്തു പിടിക്കുന്നതും ചുംബിക്കുന്നതുമടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുക വഴി നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം, ആ സ്ത്രീകള്‍ ആരെല്ലാമെന്ന യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞതോടെ ബി.ജെ.പിക്കു തിരിച്ചടിയാവുകയാണ്. അമിത് മാല്‍വിയ ട്വീറ്റ് ചെയ്ത ചിത്രത്തിലെ വനിതകളെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യം ആള്‍ട്ട്‌ന്യൂസ് ആണ് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര്‍ ബി.ജെ.പിയുടെ തരംതാണ കളിക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു.

ഗുജറാത്തിലെ പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു മാല്‍വിയയുടെ നിലവാരമില്ലാത്ത ട്വീറ്റ്. വിവിധ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതടക്കമുള്ള ഒമ്പത് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മാല്‍വിയ, പട്ടേലിന് നെഹ്‌റുവിന്റെ ഡി.എന്‍.എയാണെന്ന് കുറിച്ചു. ബി.ജെ.പി അനുഭാവികള്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തു.

മാല്‍വിയയുടെ ട്വീറ്റിലെ ഓരോ ചിത്രവും വിശകലനം ചെയ്താണ് ആള്‍ട്ട്‌ന്യൂസ് ബി.ജെ.പിയുടെ കള്ളക്കളി പൊളിച്ചത്. നെഹ്‌റുവിനെ കവിളില്‍ ചുംബിക്കുന്ന ഒന്നാമത്തെ ചിത്രം സ്വന്തം വിജയലക്ഷ്മി പണ്ഡിറ്റിന്റേതാണ്. അമേരിക്കയില്‍ അംബാസഡറായിരുന്ന വിജയലക്ഷ്മി, നെഹ്‌റുവിനെ സ്വീകരിക്കുന്ന നിമിഷമാണ് ചിത്രത്തില്‍. സഹോദര സ്‌നേഹത്തെ പോലും മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണ് ഇതിലൂടെ ബി.ജെ.പി.

രണ്ടാമത്തെ ചിത്രം, പൊതു സ്ഥലത്തു വെച്ച് മൗണ്ട്ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയുമായി നെഹ്‌റു നര്‍മം പങ്കുവെച്ച് ചിരിക്കുന്നതാണ്. മോശമായി ഒന്നുമില്ലാത്ത, വെറും സൗഹൃദം മാത്രമുള്ള ചിത്രം ക്രോപ്പ് ചെയ്താണ് മാല്‍വിയ പ്രചരിപ്പിച്ചത്. നെഹ്‌റു സഹോദരി വിജയലക്ഷ്മിയെ ചേര്‍ത്തു പിടിക്കുന്നതാണ് മൂന്നാമത്തെ ചിത്രം.

സ്വാതന്ത്ര്യ സമര പോരാളി അമ്മു സ്വാമിനാഥന്റെയും തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വിക്രം സാരാബായ്‌യുടെയും മകള്‍ മൃണാളിനി സാരാബായ് ആണ് നെഹ്‌റു ചേര്‍ത്തു പിടിക്കുന്ന മറ്റൊരു സ്ത്രീ. നര്‍ത്തകിയായ മൃണാളിനിയെ, അവരുടെ നൃത്തത്തിനു ശേഷം അഭിനന്ദിക്കുന്ന ചിത്രമാണിത്. താനുമായി പലവിധത്തില്‍ അടുപ്പമുള്ള കലാകാരിയെ നെഹ്‌റു അഭിനന്ദിക്കുന്ന ചിത്രത്തെയാണ് മഞ്ഞക്കണ്ണിലൂടെ ബി.ജെ.പി കാണുന്നത്.

യു.എസ് പ്രസിഡണ്ട് കെന്നഡിയുടെ ഭാര്യ കെന്നഡി ഒനാസിസ് ഇന്ത്യയിലെത്തിയപ്പോള്‍ തിലകക്കുറി അണിയിച്ച് സ്വീകരിക്കുന്നതാണ് മറ്റൊരു ചിത്രം. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ അതിഥികള്‍ക്ക് തിലകം അണിയിക്കുന്നത് ഇപ്പോഴും സ്വാഭാവിക നടപടിയാണ്. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ മിസ്സിസ് സൈമണിന് സിഗരറ്റ് കത്തിച്ചു നല്‍കുന്നതാണ് മറ്റൊരു ചിത്രം. ഇന്ത്യയിലേക്കുള്ള ആദ്യ ബ്രിട്ടീഷ് വിമാനത്തില്‍ നിന്നുള്ള ചിത്രം ‘സ്വകാര്യ’ നിമിഷത്തിന്റേതല്ല. മൗണ്ട്ബാറ്റന്‍ ദമ്പതികളുടെ മകളായ ലേഡി പമേല മൗണ്ട്ബാറ്റനെ, മാതാപിതാക്കള്‍ക്കൊപ്പം നെഹ്‌റു കാണുന്നതാണ് മറ്റൊരു ചിത്രത്തില്‍. പിതൃതുല്യമായ ഈ സ്‌നേഹ പ്രകടനവും ബി.ജെ.പിയുടെ കണ്ണില്‍ അശ്ലീലം തന്നെ.

നെഹ്‌റുവിനെ പിന്നില്‍ നിന്ന് ആശ്ലേഷിച്ച് കവിളില്‍ ചുംബിക്കുന്ന ഒമ്പതാമത്തെ ചിത്രം അനന്തരവള്‍ നയന്‍താര സെഹ്ഗാളിന്റേതാണ്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനിടെയാണ് അമ്മാവനായ നെഹ്‌റുവിനെ നയന്‍താര സെഹ്ഗാള്‍ ചുംബിക്കുന്നത്. ചിത്രത്തില്‍ അവരുടെ അമ്മയും നെഹ്‌റുവിന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിനെയും കാണാം.

പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, സുഹാസിനി ഹൈദര്‍, പ്രതീക് സിന്‍ഹ തുടങ്ങി നിരവധി പേരാണ് ബി.ജെ.പി നേതാവിന്റെ അശ്ലീല ട്വീറ്റിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: