ബെംഗളൂരു: ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ (40) ചിക്കമംഗളൂരുവില്‍ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഗൗരി കലുവെയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെ ബൈക്കിലെത്തിയ സംഘം അന്‍വറിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അന്‍വറിനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് എന്നാണ് പൊലീസിന്റെ നിഗമനം.
പ്രദേശത്തെ ഒരു പള്ളിയുമായി ബന്ധപ്പെട്ട് അന്‍വറും ചില ആളുകളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ നേരത്തേ അന്‍വറിന് വധഭീഷണിയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ അന്‍വര്‍ സ്വയരക്ഷയ്ക്കായി തോക്ക് കരുതിയിരുന്നതായി പോലീസ് പറഞ്ഞു. മുമ്പ് രണ്ടു തവണ അന്‍വറിനു നേരെ ആക്രമണം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി ചിക്കമംഗളൂരു എസ്.പി. കെ. അണ്ണാമലൈ പറഞ്ഞു.
അന്‍വറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു. എം.പി ശോഭ കരന്തലാജെ, സി.ടി രവി എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് ന്ടത്തി. നൂറുകണക്കിന് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തു. ബി.ജെ.പി. പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണെന്ന് പ്രതിഷേധത്തില്‍ പ്രസംഗിച്ച ശോഭ കരന്തലാജെ ആരോപിച്ചു.ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ മുഹമ്മദ് അന്‍വര്‍ മൈനോരിറ്റി സെല്‍ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.