മുജീബ് കെ താനൂര്‍
ക്രിസ്തുമസ് കാലങ്ങളില്‍ ഹിന്ദുഭവനങ്ങളില്‍ നക്ഷത്രങ്ങള്‍ തൂക്കരുതെന്നും പകരം മകര നക്ഷത്രം തൂക്കണമെന്നും സംഘപരിവാര്‍ ആഹ്വാനമുണ്ടായിരുന്നു.
അന്ന് മകര നക്ഷത്രം തൂക്കാന്‍ നടന്നവന്മാര്‍ ഇന്ന് പള്ളികളിലും അള്‍ത്താരകളിലും അപ്പവും വീഞ്ഞും കിട്ടുമോന്നറിയാന്‍ നടക്കുന്നു.കുരിശ് പിഴുതെറിയാന്‍ നടന്നവര്‍ കുരിശും ചുമന്ന് മലയാറ്റൂര്‍ മല കയറുന്നു. പള്ളീലച്ചന്മാര്‍ക്ക് കേക്ക് മുറിച്ച് വായില്‍ വച്ചുകൊടുക്കുന്നു. കോഴികളെ സംരക്ഷിക്കാം എന്ന സൂത്രശാലിയായ കുറുക്കന്റെ ന്യായം എന്നൊക്കെ ഇതിനെ പലരും ചൂണ്ടികാണിച്ചു വരുന്നു.
ഇതൊക്കെ കാണുമ്പോള്‍ പഴയ ഒരു സംഭവം ഓര്‍മ്മയില്‍ വരികയാണ്. 1986-ല്‍ മാര്‍പാപ്പ കേരളത്തില്‍ വന്നതുമയുള്ള കോലാഹലങ്ങളെ കുറിച്ചാണത്. 1986 ഫെബ്രുവരി 8 ന് ജോണ്‍ പോള്‍ മാര്‍പ്പാപ്പ രണ്ടാമന്‍ തിരുവനന്തപുരം സന്ദര്‍ശിക്കാനിരിക്കുകയാണ്. സന്ദര്‍ശനത്തിനു മുമ്പ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളുടെ വേദി പരിശോധിക്കുന്ന പതിവ് ഇന്നുമുണ്ട്. രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കിട്ടുന്ന പ്രത്യേക പരിരക്ഷ കൂടിയാണിത്. ശംഖുംമുഖം കടല്‍ തീരമായിരുന്നു നിശ്ചയിക്കപ്പെട്ട വേദി. പോപ്പിന്റെ സന്ദര്‍ശനത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്തു കൊണ്ടിരുന്ന വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് വീണു കിട്ടിയ അവസരമായിരുന്നു ശംഖുംമുഖം വേദി. മാര്‍പ്പാപ്പ പങ്കെടുക്കുന്ന വേദികളെ ഒരിക്കലും പൊളിച്ചുമാറ്റാതെ സംരക്ഷിക്കപ്പെടുമെന്നും കാലാന്തരത്തില്‍ അത് ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമായി പരിണമിക്കപ്പെടുമെന്നുമുള്ള കുപ്രചാരണങ്ങളുടെ ഘോഷയാത്ര ആയിരുന്നു പിന്നീട് കേരളം കണ്ടത്. കൃത്യമായ ആസൂത്രണത്തോടെ നടന്ന പ്രതിഷേധ സമരങ്ങള്‍. മാര്‍പ്പാപ്പയെ കരിങ്കൊടി കാണിക്കും എന്നുവരെയെത്തി സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി.
മാര്‍പ്പാപ്പയെ കേരളത്തില്‍ കൊണ്ടു വരാന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് പ്രതിഷേധക്കാര്‍ ചാര്‍ത്തിക്കൊടുത്തത് പോപ്പിന്റെ ചെരുപ്പു നക്കി എന്ന പദപ്രയോഗമായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധ കോലാഹലങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളുടെ പേര് കുമ്മനം രാജശേഖരന്‍ എന്നാണ്. അന്ന് കേരള രാഷ്ട്രീയത്തില്‍ പൂജ്യമായിരുന്ന ബി.ജെ.പി ക്ക് ചെറിയൊരു വിഭാഗം ആള്‍ക്കാര്‍ക്കിടയില്‍ വേരു പിടിക്കാന്‍ പോപ്പിന്റെ ഈ സന്ദര്‍ശനം ചിലര്‍ ഉപയോഗപ്പെടുത്തി. കാലം മാറി. അന്നത്തെ പ്രതിഷേധക്കാരുടെ അതെ സര്‍ക്കാര്‍ 2021 ല്‍രാജ്യം ഭരിക്കുന്നു. ഈ സര്‍ക്കാരിനു വേണ്ടി പ്രധാനമന്ത്രി നേരിട്ട് മാര്‍പ്പാപ്പയെ ക്ഷണിക്കുന്നു. കുമ്മനം ജി അടക്കമുള്ളവര്‍ക്ക് രോമാഞ്ചം മൂലം ഇരിക്കപ്പൊറുതി ഇല്ലാതെയുമാകുന്നു.
1986 ല്‍ പോപ്പ് സന്ദര്ശന വിവാദത്തില്‍ പ്രശ്‌നത്തില്‍ സി പി എം ഹിന്ദു വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നവരുടെ ഭാഗത്തായിരുന്നുവെന്നതാണ് സവിശേഷത. രാഷ്ട്രീയ എതിരാളിയായ കരുണാകരനെ ഒന്ന് തൊഴിക്കാന്‍ കിട്ടിയ ആ അവസരം സിപിഎം പാഴാക്കിയിരുന്നില്ല. ശരീഅത്ത് സംബന്ധിച്ച നിലപാടുകളില്‍ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ച സിപിഎം മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെയും 1987 ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗ്ഗീയതയെ ആളി കത്തിക്കാന്‍ ഉപയോഗിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 23 നു കത്തോലിക്കാ സഭ യുടെ ആഭിമുഖ്യത്തിലുള്ള പത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. രാജ്യത്തെ 79 ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് ആയിരുന്നു വാര്‍ത്ത. ക്രൈസ്തവ മത സംഘടനകള്‍ ഇതേപോലെ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യത്ത് ആദ്യമാണെന്നായിരുന്നു വാര്‍ത്തയില്‍. വൈദികനായ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ ഒരു സ്റ്റേറ്റ്‌മെന്റും വര്‍ത്തയോടൊപ്പമുണ്ട്. ‘രാജ്യത്ത് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യമനുസരിച്ച് ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നു. അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കൃത്യമായ നടപടി എടുക്കാത്ത ഭരണകൂടങ്ങളാണ് നിലവിലുള്ളത്. അക്രമങ്ങള്‍ സുപ്രീംകോടതിയുടെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ എത്തിക്കാനുള്ള പ്രാര്‍ത്ഥന സംഘമാണിത്. 2022 ല്‍ എട്ടു സംസ്ഥാനങ്ങളിലായി 597 അക്രമ സംഭവങ്ങള്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയുണ്ടായി. 1198 ക്രിസ്തീയ പള്ളികള്‍ക്കും പള്ളിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും എതിരെ ആക്രമണം നടന്നു. 800ഓളം പള്ളികളാണ് ആര്‍എസ്എസ് തകര്‍ത്തത്. ഇത് സംബന്ധമായി ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ പീറ്റര്‍ മേക്കാഡോ നല്‍കിയ പരാതിയില്‍ സുപ്രീംകോടതി 8 സംസ്ഥാനങ്ങളിലെ അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. അങ്ങനെ പോകുന്നു വാര്‍ത്തയില്‍. ഈയിടെയായി സഭയുടെ അധിനതയിലുള്ളതും സഭയുടെ വകയിലുള്ളതുമായ ചര്‍ചുകളിലും ഭൂമികളിലും ഇടവകകളിലും എന്‍ഫോഴ്സ്മെന്റ് റൈഡ് നടക്കുകയുണ്ടായി. റെയ്ഡില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായും വഞ്ചന കുറ്റത്തിനും മറ്റും പുരോഹിതന്മാര്‍ക്കെതിരെ കേസെടുക്കുന്നു. എന്നാല്‍
ഒരു പുരോഹിതന്റെ പുതിയ കമന്റ് ഇപ്പോള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയാവുന്നു. ബിജെപി ഭരണം കൊണ്ട് ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന വാദം തങ്ങള്‍ക്കില്ലെന്ന് പുരോഹിതന്‍ വ്യക്തമാക്കുന്നു. മോദിയെ കുറിച്ച് സ്തുതികീര്‍ത്തനം വേറെയും.
ഇപ്പോള്‍ മോദിയെ വാഴ്ത്തുന്ന പുതിയ ചില പുരോഹിത വൃന്ദം ചില കാര്യങ്ങള്‍ ഓര്‍ക്കാതെ പോകുന്നു. രണ്ടാഴ്ച മുമ്പാണ് ജബല്‍പൂര്‍, റാഞ്ചി , നാഗ്പൂര്‍ അടക്കം പത്തിടങ്ങളില്‍ ക്രിസ്ത്യന്‍ ചര്ച്ചുകളിലും സ്ഥാപനങ്ങളിലും ഇ ഡി റൈഡും അതോടനുബന്ധിച്ചുള്ള കേസുകളും ഉണ്ടായത്. ഒറീസ്സയില്‍ വെച്ച് ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നതാരാ ? അന്നത്തെ കൊലക്കു പിന്നില്‍ ഭജ്രംഗ് ദള്‍ ആയിരുന്നു. ആ ഭജ്രംഗ് ദളിന്റെ അന്നത്തെ ജില്ലാ അധ്യക്ഷന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭയിലുണ്ട്.
മദര്‍ തെരേസക്ക് നല്‍കിയ ഭാരതരത്‌ന പിന്‍വലിക്കണമെന്ന് പറഞ്ഞതാരാ ?ചര്‍ച്ചുകള്‍ അടിച്ചു തകര്‍ത്തതാരാ ?കന്യാസ്ത്രീകളെ അക്രമിച്ചതാരാ ?യേശുവിന്റെയും കന്യാമറിയത്തിന്റെയും രൂപങ്ങള്‍ തച്ചുടച്ചതാരാ ? ഇതിനെല്ലാം ഒരുത്തരമേയുള്ളു. കണ്ണടച്ച് ഇരുട്ടാക്കിയാല്‍ ഇരുട്ടാകുമോ. ഇരുട്ടില്‍ ചെന്ന് കയറി അവിടെ വെളിച്ചമാണെന്നു പറഞ്ഞാല്‍ പ്രകാശം വിതറാനാകുമോ? മറുപടി പറയേണ്ടത് അഭിവന്ദ്യരായ പുരോഹിതരാണ്. കേരളത്തില്‍ ഏറെനാളായി നടന്നു കൊണ്ടിരിക്കുന്ന ഒരുശ്രമമാണ് ക്രിസ്തീയ വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി മാറ്റുക എന്നത്. ഈ ജോലി ചെയ്യുന്നത് ബിജെപി ആണെങ്കിലും അതില്‍ മറ്റൊരു കൂട്ടര്‍ക്ക് മനസ്സില്‍ ആഹ്ലാദത്തിന്റെ ലഡു പൊട്ടുന്നവരുമുണ്ട്. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച മികച്ച വിജയം ന്യുനപക്ഷ ഏകീകരണമായിരുന്നുവെന്നു കണ്ടെത്തിയ ഒരു വിഭാഗമാണവര്‍.