റിയാദ്: അടുത്ത യുഎസ് പ്രസിഡണ്ടായി ആരു വേണമെന്ന് അറബ് ലോകത്ത് നടത്തിയ സര്‍വേയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വന്‍ മുന്‍തൂക്കം. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരും ബൈഡന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ട്രംപിന് കിട്ടിയത് 12 ശതമാനം പിന്തുണ മാത്രം. അറബ് ന്യൂസ്-യുഗോവ് അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍.
ആഫ്രിക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലാണ് അറബ് ന്യൂസ് സര്‍വേ നടത്തിയത്. ഒബാമ ഭരണകൂടം അധികാരത്തില്‍ ഇരുന്ന വേളയില്‍ നടപ്പാക്കിയ മധ്യേഷ്യന്‍ നയങ്ങളില്‍ 53 ശതമാനം പേരാണ് തൃപ്തി പ്രകടിപ്പിച്ചത്. ട്രംപിന്റെ പല തീരുമാനങ്ങളെയും കടുത്ത രീതിയിലാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചത്.
ഇസ്രയേലിലെ യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനത്തെ 89 ശതമാനം പേരാണ് എതിര്‍ത്തത്. അറബ്-ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ട് എന്ന് 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.