X

പത്തനംത്തിട്ടയില്‍ ഉടക്കി ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക

നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ഇതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 184 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ പട്ടികയും ഇതോടൊപ്പം പ്രഖ്യപിച്ചെങ്കിലും പത്തനംത്തിട്ടയിലെ സ്ഥാനാര്‍ത്ഥിത്വയുടെ പേരില്‍ ഉടക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അനുമതി നല്‍കിയിരുന്നെങ്കിലും പത്തനംത്തിട്ടയിലെ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രശ്‌നമാവുകയായിരുന്നു.

കേരളത്തില്‍ ആകെ 13 സീറ്റുകളിലാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥികളായ ശ്രീധരന്‍പ്പിള്ള, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്നത്തെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലില്ല.
കാസര്‍കോട് – രവീഷ് തന്ത്രി
കണ്ണൂര്‍ – സി കെ പത്മനാഭന്‍
വടകര – വി കെ സജീവന്‍
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാര്‍
ചാലക്കുടി – എ എന്‍ രാധാകൃഷ്ണന്‍
എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍
കൊല്ലം – കെ വി സാബു
ആറ്റിങ്ങല്‍ – ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം – കുമ്മനം രാജശേഖരന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും. എൽ കെ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിലാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുക. എൽ കെ അദ്വാനിക്ക് ഇത്തവണ സീറ്റുണ്ടാകില്ല എന്നാണ് സൂചന. 

chandrika: