മുംബൈ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര അടുത്ത മാസം ഏഴിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്നതോടെ പദയാത്രയുടെ ഭാഗമാവാന്‍ എന്‍.സി.പിയും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും തയാറെടുക്കുന്നു. മഹാ വിഘാസ് അഗാഡിയുടെ ഭാഗമായിരുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയും 2024 ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദയാത്രക്കൊപ്പം ചേരുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പൊതു ഐക്യം സംസ്ഥാനത്ത് രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടികള്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ തീരുമാനമെടുത്തത്.
ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് നടത്തുന്ന പദയാത്രയാണ്. ഇത് സമൂഹത്തിലെ സൗഹാര്‍ദ്ദം നിലനിര്‍ത്താനായുള്ളതാണ്. മികച്ച നീക്കമാണത്. തങ്ങള്‍ വ്യത്യസ്ഥ പാര്‍ട്ടിയാണെങ്കിലും പാര്‍ട്ടിയുടെ ചില നേതാക്കന്‍മാര്‍ ഈ പദയാത്രക്കൊപ്പം എവിടെയൊക്കെ സാധ്യമാണോ അവിടെയാക്കെ ചേരുമെന്ന് എന്‍. സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു.
ശിവസേനയിലെ പിളര്‍പ്പിന് ശേഷം നഷ്ടപ്പെട്ടത് തിരിച്ചെടുക്കുക എന്നത് പാര്‍ട്ടിക്കു മുന്നിലെ വെല്ലുവിളിയാണ്. രാഹുലിന്റെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര അടുത്ത മാസം ഏഴിന് മഹാരാഷ്ട്രയില്‍ എത്തുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഇതില്‍ ഭാഗവാക്കാകുമെന്ന് ശിവസേന നേതാക്കള്‍ അറിയിച്ചു. 382 കിലോ മീറ്ററാണ് പദയാത്ര മഹാരാഷ്ട്രയിലൂടെ കടന്നു പോവുക. ശരത് പവാറിന്റെ മകളും ഭാരാമതി എം.പിയുമായ സുപ്രിയ സുലേ, ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ എന്നിവര്‍ പദയാത്രയുടെ ഭാഗമാകുമെന്ന് ഇതിനോടെകം വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് ജോഡോ യാത്രക്ക് വലിയ ലക്ഷ്യമാണുള്ളതെന്നും മതസൗഹാര്‍ദ്ദവും സാമൂഹിക സൗഹാര്‍ദ്ദവും പുനസ്ഥാപിക്കാനുള്ള യാത്രയില്‍ പവാറിനോടും പങ്കെടുക്കാനായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബാലാ സാഹെബ് തോറാത്, അശോക് ചവാന്‍ എന്നിവര്‍ അറിയിച്ചു. ഉദ്ദവും പവാറും യാത്രയിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല