കോഴിക്കോട്: വ്യാജ പത്ത് രൂപാനാണയങ്ങള്‍ വ്യാപകമാകുമ്പോള്‍ ഇന്ത്യനേത് ചൈനയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 1000,500 രൂപാനോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് ധാരാളമായി ഇവ ജനങ്ങളിലേക്കൊഴുകുന്നത്. ഇതിന് മുന്‍പ് പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നഗരത്തില്‍ ഈ മാസം 8 മുതല്‍ 10 രൂപാ നാണയം എന്ന പേരില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും യഥാര്‍ത്ഥമല്ല.അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ വ്യാജ നാണങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും വ്യാജനാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ജനങ്ങളെ വലക്കുന്നത്.
ജനങ്ങള്‍ക്കും പൊലീസിനും കച്ചവടക്കാര്‍ക്കും തിരിച്ചറിയാത്ത വിധത്തിലാണ് ഇപ്പോഴത്തെ വ്യാജന്മാരുടെ നിര്‍മാണം. ഇവയുടെ വിനിമയം സുഖമമായി നടക്കുന്നുമുണ്ട്. വ്യാജനെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് പല കച്ചവടക്കാരുടെയും അഭിപ്രായം. റിസര്‍വ് ബാങ്ക് ഇറക്കുന്ന നാണയത്തിന്റെ സവിശേഷതയെക്കുറിച്ച് പല ജനങ്ങള്‍ക്കും അറിവില്ലാത്തതാണ് മുഖ്യകാരണം. അതിനിടയില്‍ അസാധു പ്രഖ്യാപനത്തിന് ശേഷം ചില്ലറമാറുന്നതിനായി ബാങ്കില്‍ എത്തിയ ചിലര്‍ക്ക് അക്കം രേഖപ്പെടുത്താത്ത നാണയങ്ങള്‍ ലഭിച്ചതും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്കിടയാക്കി. ഇനി റിസര്‍വ് ബാങ്ക് തന്നെയാണോവ്യാജ നാണയങ്ങള്‍ക്ക് പുറകില്‍ എന്ന് സംശയമുണര്‍ത്തുന്നവരും ഉണ്ട്.
നാണയം വ്യാജനാണോ എന്നറിയാന്‍ ഗൂഗില്‍ സെര്‍ച്ച് ചെയ്ത ചില ആധുനിക ഫ്രീക്കന്‍മാര്‍ ഗൂഗിളില്‍ കണ്ട ചിത്രവും വ്യാജനായിരുന്നു എന്നാണ് പരാതി. കാരണം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ യഥാര്‍ത്ഥ നാണത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം പുതിയ വ്യാജന്റെ ചിത്രവും അപ്‌ഡേറ്റ് ചെയ്തതാണ് വ്യാജ നിര്‍മാതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നത്. സമാനമായ രീതിയില്‍ വ്യാജനാണയങ്ങള്‍ പെരുകുന്നു എന്ന വാര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും നഗരത്തില്‍ ഇവ കാണപ്പെടുന്ന വിവരം ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
‘ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ കൊഞ്ഞ പറയുന്നത്’, ഈ അവസരത്തില്‍ ഒന്നും നോക്കാന്‍ സമയമില്ല ആവശ്യങ്ങള്‍ നടക്കട്ടെ എന്നാണ് ചിലര്‍ പ്രതികരിച്ചത്.ഉ ത്തരേന്ത്യയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത കാഴ്ച നഗരത്തിലും സജീവമാകുന്നുണ്ടെങ്കിലും തിരിച്ചറിയാനുള്ള പ്രയാസം ജനങ്ങളെയും നാട്ടുകാരെയും വലക്കുന്നു. ജനങ്ങള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസിന് അന്വേഷണം നടത്താനും കഴിയുന്നില്ല.
യഥാര്‍ത്ഥ നാണയം തിരിച്ചറിയാം
റിസര്‍വ്വ് ബാങ്ക് പുറത്ത് വിടുന്ന യഥാര്‍ത്ഥ 10 രൂപാനാണയത്തിന് 27 മില്ലീമീറ്റര്‍ വ്യാസമുണ്ടാകും. നാണയത്തിന്റെ അകത്തും പുറത്തുമായി രണ്ട് വൃത്തങ്ങളുടെ സംയോജനമാണ്. പുറത്ത് കാണുന്ന സ്വര്‍ണനിറത്തിലുള്ള വൃത്തം കോപ്പര്‍, അലുമിനിയം, നിക്കല്‍ എന്നീ ലോഹങ്ങളുടെ മിശ്രിതം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അകത്തെ വൃത്തം അലുമിനിയം, നിക്കല്‍ എന്നിവയുടെ മിശ്രണവുമാണ്. നാണയത്തിന്റെ ഇടത് മുഖത്ത് കേന്ദ്രഭാഗത്ത്(നടുവില്‍)അശോകസ്തഭം ഉണ്ടാകും. അശോക സ്തഭത്തിന്‍ താഴെ സത്യമേവ ജയതേ എന്ന ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കും.
പുറത്തെ വൃത്തത്തില്‍ ഇരുവശങ്ങളിലുമായി ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്‍ഡ്യ,താഴെ ഭാഗത്ത ്അക്കത്തില്‍ നാണയം ഇറങ്ങിയ വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. വലത് മുഖത്തായി രണ്ട് വൃത്തത്തിലും ഉള്‍പ്പെടുന്ന വിധത്തില്‍ 10 എന്ന് അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും. അതോടൊപ്പം രൂപയുടെ മുദ്രനടുഭാഗത്തായി കാണാം. മുദ്രയുടെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചെറിയ രേഖകളുടെ എണ്ണ പത്തായിരിക്കും.
ഇത്തരം സവിശേഷതകള്‍ വെച്ചുകൊണ്ട് പലവിധത്തില്‍ റിസര്‍വ് ബാങ്ക് നാണയം പുറത്തിറക്കുന്നുണ്ടെങ്കിലും നാണയത്തിന്റെ ഭാരം, വ്യാസം, ഉപയോഗിക്കുന്ന ലോഹസങ്കരങ്ങള്‍, അശോക സ്തഭം എന്നിവക്ക് മാറ്റമുണ്ടാകില്ല. എന്നാല്‍ ഒറിജലിനെ വെല്ലുന്ന വ്യാജനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.