ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ കടന്നുപോകുന്നത്. സാമ്പത്തിക തകര്‍ച്ചയോടൊപ്പം ആഭ്യന്തര സമാധാനവും അവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡോളറിനെതിരെ പാക് രൂപയുടെ മൂല്യം 270 രൂപയായി ഇടിഞ്ഞിരിക്കുന്നു. അതോടൊപ്പം അവശ്യസാധന വിലയും കുതിച്ചുയരുകയാണ്. ശ്രീലങ്കയെപ്പോലെ പാകിസ്താനും കുത്തുപാളയെടുത്ത് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) യുടെ പിന്നാലെ ഓടിത്തുടങ്ങി. ഓരോ ദിവസവും റെക്കോര്‍ഡ് ഇടിവാണ് പാകിസ്താന്‍ രൂപയുടെ വിനിമയ നിരക്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പെട്രോള്‍ വില ലിറ്ററിന് 250 രൂപയും ഡീസല്‍ 262 ഉം കടന്നിരിക്കുകയാണ്. മണ്ണെണ്ണ വിലയ്ക്കും തീ പിടിച്ചു തുടങ്ങി.
പണം എത്ര എണ്ണി നല്‍കിയാലും ലഭിക്കാത്ത രൂപത്തില്‍ രാജ്യത്തെ പല പെട്രോള്‍ പമ്പുകളും കാലിയാണ്. ഭക്ഷ്യവസ്തു വിലയും കുതിച്ചുയരുകയാണ്. ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഇത്രയും കാലം ഊതി വീര്‍പ്പിച്ചുനിര്‍ത്തിയിരുന്ന സമ്പദ്ഘടന പെട്ടെന്ന് കാറ്റൊഴിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് പാകിസ്താന്‍ ഭരണകൂടം.
കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം കോര്‍പറേറ്റുകളുടെ കയ്യടി കേട്ട് സുഖിച്ചിരിക്കുന്ന കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനും പാകിസ്താനിലേക്ക് കണ്ണോടിക്കുന്നത് നല്ലതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം ബജറ്റ് അവതരണമെന്നാല്‍ രാഷ്ട്രീയ പ്രസംഗമായി അധ:പതിച്ചിട്ടുണ്ട്. സുന്ദരമായ വാചകങ്ങളോടൊപ്പം ചില സംഖ്യകളും വിദഗ്ധമായി ഘടിപ്പിച്ചുണ്ടാക്കിയ പ്രസംഗം ഒമ്പത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്ന ആരോപണത്തെ ഇന്ത്യന്‍ ജനത മുഖ വിലക്കെടുത്തില്ലെങ്കില്‍ അയല്‍ രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ഇന്ത്യയിലേക്ക് അതിര്‍ത്തി കടക്കാനും അധികം കാത്തിരിക്കേണ്ടിവരില്ല.
മോദി സര്‍ക്കാറിന്റെ സ്വന്തക്കാരനായ അദാനി പൊട്ടാനിരിക്കുന്ന മറ്റൊരു ബലൂണാണെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകളില്‍ കൃത്രിമം കാട്ടി രാജ്യം സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുന്നുവെന്ന് വരുത്തി തീര്‍ത്തതുകൊണ്ട് കാര്യമായില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്.
സമ്പദ്ഘടനയ്ക്ക് വമ്പന്‍ തകര്‍ച്ച സംഭവിക്കാന്‍ പാകിസ്താനും പലവിധ ന്യായങ്ങള്‍ നിരത്തുന്നുണ്ട്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം കിട്ടാതാകുമ്പോള്‍ ഭരണകൂടങ്ങള്‍ മുന്നോട്ടുവെക്കുന്ന പതിവ് ന്യായങ്ങള്‍ക്കപ്പുറം അവയ്‌ക്കൊന്നിനും വിലയില്ല. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തക തകര്‍ച്ചയോടൊപ്പം കഴിഞ്ഞവര്‍ഷം ജൂണിലുണ്ടായ പ്രളയത്തിലേക്കും പാക് സര്‍ക്കാര്‍ വിരല്‍ ചൂണ്ടുന്നു. പക്ഷേ, അതിനപ്പുറം അടിസ്ഥാനപരമായ നിരവധി ഘടകങ്ങള്‍ പാകിസ്താനെ കുത്തുപാള എടുപ്പിച്ചതിന് പിന്നില്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
അധികാരത്തിനുവേണ്ടി രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തിയ കടിപിടികളും പാരവെപ്പുകളുമാണ് അതില്‍ മുഖ്യം. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ഖാന്റെ രക്തത്തിനുവേണ്ടി ദാഹിച്ച പ്രധാനമന്ത്രിക്കസേരയില്‍നിന്ന് അദ്ദേഹത്തെ താഴെയിറക്കാന്‍ കാണിച്ച ആവേശം രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാണിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും നവാസ് ഷരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗിനെയും നിഷ്പ്രഭരാക്കി കുറഞ്ഞ കാലം കൊണ്ട് പാക് രാഷ്ട്രീയത്തില്‍ കാലുറപ്പിച്ച ഇമ്രാന്‍ഖാനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഭിന്നതകളെല്ലാം മറന്ന് കൈകോര്‍ത്ത് പുതിയ ഭരണകൂടത്തിന് രൂപം നല്‍കിയെങ്കിലും സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും ആഭ്യന്തര ക്രമസമാധാനം ഉറപ്പാക്കാനും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോഴും അടുത്ത തിരഞ്ഞെടുപ്പില്‍ നേടാനിരിക്കുന്ന ജയ പരാജയങ്ങളെക്കുറിച്ചാണ് ഇമ്രാന്‍ ഖാനും പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഉള്‍പ്പെടെയുള്ള നേതാക്കളും സംസാരിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലും തിരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ കണ്ണുനട്ട് മോദി സര്‍ക്കാര്‍ വാഗ്ദാന പെരുമഴ പെയ്യിക്കുകയാണ്. മോഹന പ്രഖ്യാപനങ്ങള്‍ ബജറ്റ് പ്രസംഗത്തോടെ അവസാനിക്കുമെന്നും അടുത്ത വര്‍ഷം വരെ അതേക്കുറിച്ച് ചോദ്യമുണ്ടാകില്ലെന്നുമുള്ള ആശ്വാസത്തിലാണ് സര്‍ക്കാറുള്ളത്. വര്‍ഗീയ പ്രചാരണങ്ങളിലൂടെയും ന്യൂനപക്ഷങ്ങളില്‍ ഭീതി വിതച്ച് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചും ജന ശ്രദ്ധ തിരിച്ച് കാലം തള്ളിനീക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെന്ന് മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.