Connect with us

india

ഭവാനിപൂര്‍ നല്‍കുന്ന ശുഭപ്രതീക്ഷകള്‍-എഡിറ്റോറിയല്‍

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നു.

Published

on

ജനാധിപത്യ സമൂഹത്തെ ഉത്തേജിപ്പിക്കുന്ന വിജയമാണ് ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേത്. റെക്കോര്‍ഡ് വോട്ടുകളോടെ മമത നേടിയ അത്യുജ്വല വിജയം ഇന്ത്യന്‍ ജനതക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നുണ്ട്. പശ്ചിമബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല അതിന്റെ അലകള്‍. നിരാശയിലേക്ക് വഴുതിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ വെട്ടമായി മാറുകയാണ് മമത എന്ന ഒറ്റയാള്‍ സിംഹം. ബംഗാളിലേക്ക് നോക്കി മനപ്പായസമുണ്ടിരുന്ന സംഘപരിവാരത്തിന്റെ മനക്കോട്ടകള്‍ വീണ്ടും തകര്‍ന്നിരിക്കുന്നു. മമതാ ബാനര്‍ജി എന്ന പെണ്‍പോരാളി കൂടുതല്‍ കരുത്തോടെ വിജയത്തിലേക്ക് നടന്നടുക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഭവാനിപൂരില്‍ മമതയെ തറപറ്റിക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. സര്‍വ്വ സന്നാഹങ്ങളും അണിനിരത്തിയാണ് ബി.ജെ.പി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്രമന്ത്രിമാര്‍ തമ്പടിച്ച് ഓടി നടന്നിട്ടും ഭവാനിപൂരിന്റെ മനസ്സ് കവരാന്‍ സംഘപരിവാരത്തിന് കഴിഞ്ഞില്ല. അധികാര സംവിധാനങ്ങള്‍ അത്രയും ദുരുപയോഗം ചെയ്ത് പണം വാരിയെറിഞ്ഞായിരുന്നു ബി.ജെ.പി പ്രചാരണങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ ഭൂരിപക്ഷം കുറച്ചെങ്കിലും മമതയെ കണ്ണീരു കുടുപ്പിക്കണമെന്ന് സംഘപരിവാരം ഏറെ കൊതിച്ചിരുന്നു. വര്‍ഗീയ വികാരം പരമാവധി ഇളക്കിവിടുകയെന്ന തന്ത്രമാണ് ബി.ജെ.പി പ്രയോഗിച്ചത്. പക്ഷെ, ഭവാനുപൂരില്‍ അത് അല്‍പം പോലും ഏശിയില്ല. ദീദിക്ക് റെക്കോര്‍ഡ് വിജയം സമ്മാനിച്ചണ് ബംഗാള്‍ ജനത ബി.ജെ.പിക്ക് മറുപടി നല്‍കിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നു. ഭവാനിപൂരില്‍ തൃണമൂലിന്റെ സോബന്‍ദേബ് ചതോപാധ്യായ രാജിവെച്ചാണ് മമതക്ക് മത്സരിക്കാന്‍ അവസമൊരുക്കിയത്. ചതോപധ്യായയുടെ ഭൂരിപക്ഷം 29,000 വോട്ടായിരുന്നെങ്കില്‍ മമത എത്തിയതോടെ തൃണമൂലിന് വീണ്ടും കരുത്തുകൂടി. 58,389 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുഖ്യമന്ത്രിക്കുള്ളത്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മമതയുടെ സ്വന്തം റെക്കോര്‍ഡുകള്‍ ഭവാനിപൂരില്‍ തിരുത്തിക്കുറിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകള്‍ മാത്രമാണ്. വര്‍ഗീതയുടെ കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്തു തോല്‍പ്പിച്ച മമതയുടെ വിജയങ്ങള്‍ക്ക് എക്കാലവും പത്തരമാറ്റ് തിളക്കമുണ്ട്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്രം കുറിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇരച്ചെത്തിയ ബി.ജെ.പിയെ ബംഗാളിലെ വോട്ടര്‍മാര്‍ തുരത്തിയോടിച്ചു. ഇരുന്നൂറിലേറെ സീറ്റുകള്‍ നേടിയാണ് ബംഗാളില്‍ തൃണമൂല്‍ അധികാരത്തിലെത്തിയത്. ആ പടയോട്ടത്തില്‍ സൈന്യാധിപയായ മമത നന്ദിഗ്രാമില്‍ ഇടറിവീണു. തോല്‍വി നേരിട്ടെങ്കിലും ദീദി തന്നെ വീണ്ടും മുഖ്യമന്ത്രിയായി. അതുകൊണ്ട് ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു.

മമതയുടെ തളര്‍ച്ച കാണാന്‍ കാത്തിരുന്നപ്പോഴെല്ലാം ബി.ജെ.പിക്ക് നിരാശ മാത്രമാണ് ബാക്കിയായത്. വെള്ളസാരി ഉടുത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ആള്‍രൂപമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ദീദി തിരിച്ചുകയറിയത് ചരിത്രത്തില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയാണ്. കേവലമൊരു രാഷ്ട്രീയക്കാരി മാത്രമല്ല അവര്‍. കവയിത്രിയായും ചിത്രകാരിയായും വ്യക്തിമുദ്ര പതിപ്പിച്ചു. മമതക്ക് ഏറ്റവും കൂടുതല്‍ കലഹിക്കേണ്ടിവന്നത് ബി.ജെ.പിയോട് മാത്രമാണ്. ബംഗാളില്‍ സി.പി.എമ്മിനെ തല്ലത്തകര്‍ത്ത അവര്‍ ബി.ജെ.പിയുടെ കുതന്ത്രങ്ങള്‍ക്കുമുന്നില്‍ ഒരിക്കല്‍ പോലും മുട്ടുമടക്കിയില്ല. പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം എത്തിയപ്പോള്‍ അതിനെതിരെ മമത ഉറച്ച സ്വരത്തില്‍ സംസാരിച്ചു. ബംഗാളില്‍ സി.എ.എ നടപ്പാക്കില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു. പല സംസ്ഥാന സര്‍ക്കാരുകളും ഒളിച്ചുകളി നടത്തിയപ്പോള്‍ മമതയുടെ ശബ്ദം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതായി. ഒരുപക്ഷെ, പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് അവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. തന്റെ ശവത്തില്‍ ചവിട്ടി മാത്രമേ നിങ്ങള്‍ക്ക് പൗരത്വ നിയമം ബംഗാളില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്ന് മമത വ്യക്തമാക്കി. ഭൂരിപക്ഷമുള്ളതുകൊണ്ട് മാത്രം രാജ്യത്ത് എന്തും ചെയ്യാമെന്ന തോന്നല്‍ വേണ്ടെന്നും സമൂഹത്തെ ഭീകരവത്കരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അവര്‍ മോദിയെ ഓര്‍മപ്പെടുത്തി. ആഭ്യന്തര മന്ത്രി സ്ഥാനം ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയാകരുതെന്നും രാജ്യത്തിന്റെ മുഴുവന്‍ മന്ത്രിയാണ് താനെന്ന ബോധം ഉണ്ടായിരിക്കണമെന്നും അമിത്ഷായെ ഉപദേശിക്കുമ്പോള്‍ ദീദിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച ഏറുകയാണ്. ബംഗാളില്‍ 35 വര്‍ഷം ഭരണം നടത്തിയ സി.പി.എം കോര്‍പ്പറേറ്റുകളുടെ പിന്നാലെ പോയപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയവുമായി രംഗത്തെത്തിയ ദീദിയെ ജനങ്ങള്‍ ഉറച്ചുവിശ്വസിച്ചു. രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ മമതക്കിപ്പോള്‍ മുഖ്യ എതിരാളി ബി.ജെ.പി മാത്രമാണ്. പ്രധാനമന്ത്രി മോദി പങ്കെടുത്ത ചടങ്ങില്‍ ചിലര്‍ ജയ് ശ്രീറാം വിളിച്ചപ്പോള്‍ പ്രതിഷേധിച്ച് പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോന്നും അവര്‍ സംഘപരിവാരത്തെ ഞെട്ടിച്ചു.

ശക്തമായ നേതൃത്വത്തിനു കീഴില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫാസിസ്റ്റ് ഭീഷണികളില്‍നിന്ന് രാജ്യത്തെ അനായാസം രക്ഷിക്കാനാവുമെന്നാണ് ഭവാനിപൂര്‍ നല്‍കുന്ന പാഠം. വര്‍ഗീയ ശക്തികളില്‍നിന്ന് രാജ്യം കടുത്ത വെല്ലുവിളി നേരിടുമ്പോഴും സ്വന്തം രാഷ്ട്രീയ നേട്ടങ്ങളില്‍ മാത്രം കണ്ണുവെച്ച സി.പി.എമ്മിന്റെ വികൃതമുഖവും ഇവിടെ അനാവാരണം ചെയ്യപ്പെടുന്നുണ്ട്. ഭവാനിപൂരില്‍ മമതയുടെ വിജയം മതേതര, ജനാധപത്യ ശക്തികളുടെ മുഴുവന്‍ ആവശ്യമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ മമതയെ സഹായിച്ചപ്പോള്‍ സി.പി.എം ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് സി.പി.എം സ്വന്തം സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി. സി.പി.എമ്മിന്റെ ധിക്കാരത്തെ വോട്ടര്‍മാര്‍ പുച്ഛിച്ചു തള്ളുകയും ചെയ്തു.

ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ജനരോഷം കൂടി പ്രതിഫലിക്കുന്നുണ്ട്. ഭവാനിപൂരിന് പുറമെ വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ജങ്കിപൂരിലും ഷംഷേര്‍ഗഞ്ചിലും ബി.ജെ.പി തറപറ്റി. മോദി ഭരണകൂടത്തിനു കീഴില്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയില്‍ ജനക്ഷേമത്തിന് സ്ഥാനമില്ല. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുന്നു. വിലക്കയറ്റത്തില്‍ സാധാരണക്കാര്‍ പൊറുതിമുട്ടുകയാണ്. എല്ലാം കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ അടിയറവെച്ചിരിക്കുന്നു. പൗരത്വ നിയമത്തെക്കുറിച്ച് മാത്രമാണ് മോദി ഭരണകൂടത്തിന് സംസാരിക്കാനുള്ളത്. ഈ പശ്ചാത്തലത്തില്‍ മമതയുടെ ചരിത്രവിജയം കേന്ദ്ര സര്‍ക്കാരിന് ലഭിച്ച ചുട്ട മറുപടി കൂടിയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ്‌ പിടിയില്‍

പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.

Published

on

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവത്തിൽ 37കാരൻ അറസ്റ്റിൽ. സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.

രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായ കന്യാകുമാരി സ്വദേശിനിയാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ സർവകലാശാല കാമ്പസിലെ ലാബിന് സമീപം വെച്ച് പീഡിപ്പിക്കപ്പെട്ടത്.

പുരുഷ സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ ഇവരുടെ അടുത്ത് വന്ന് പ്രകോപനമല്ലാതെ ഇരുവരെയും മർദിച്ചു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ പെൺകുട്ടിയ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പീഡന വിവരം കോളജിൽ അറിയിച്ച പെൺകുട്ടി കോട്ടൂർപുരം പൊലീസിൽ പരാതി നൽകുകയിരുന്നു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിരിയാണി കച്ചവടക്കാരൻ പിടിയിലായത്.

അന്വേഷണവുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ പൂർണ സഹകരണം പൊലീസിനുണ്ടാകുമെന്ന് രജിസ്ട്രാർ ജെ പ്രകാശ് പറഞ്ഞു. സർവകലാശാലയിലെ ആഭ്യന്തര പരാതി സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

സാന്റാക്ലോസ് വസ്ത്രം അഴിപ്പിച്ചു, തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് ഹിന്ദുത്വവാദികള്‍; വീഡിയോ

ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്

Published

on

ഭോപാൽ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്.

ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല? -എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ.

തുടർന്ന് സാന്‍റാക്ലോസ് വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഇത് മാർക്കറ്റിങ്ങിനുവേണ്ടിയാണെന്നും ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറഞ്ഞു. പക്ഷേ അക്രമി സംഘം സമ്മതിച്ചില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Continue Reading

india

‘പുഷ്‍പ 2’ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും

അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക

Published

on

പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

Continue Reading

Trending