ഐ.എസ് ഭീകരരും ഇറാഖ് സൈന്യവും തമ്മില്‍ പോരാട്ടം നടക്കുന്ന മൊസൂളില്‍ ബി.ബി.സി മാധ്യമ സംഘം കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി അറബിക് സംഘമാണ് ഐ.എസ് സ്ഥാപിച്ച കാര്‍ ബോംബില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
ബി.ബി.സി സംഘത്തിനു നേരെയുള്ള കാര്‍ബോംബ് ആക്രമണം:
മൊസൂളില്‍ ഭീകരര്‍ ഒളിച്ചു കഴിഞ്ഞിരുന്ന വീടുകള്‍ ഒഴിപ്പിക്കുന്ന സൈനികരെ പിന്തുടര്‍ന്ന സൈനികര്‍ക്കു തൊട്ടുമുന്നില്‍ വെച്ച് ഭീകരര്‍ സ്ഥാപിച്ച കാര്‍ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബി.ബി.സി റിപ്പോര്‍ട്ടര്‍ ഫെറാസ് കിലാനിയും കാമറാമാന്‍ മാരക് പൊലാച്ചെവ്‌സ്‌കിയും അടക്കമുള്ളവര്‍ തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം.
നേരത്തെ മൊസൂളില്‍ സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ അര്‍വ ദാമന്‍, ക്യാമറാമാന്‍ ബ്രൈസ് ലെയ്ന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടു. ഇവര്‍ക്ക് സംരക്ഷണമൊരുക്കിയ ഇറാഖി സൈനിക വാഹനത്തില്‍ ചാവേര്‍ കാര്‍ വന്നിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പോള്‍ തന്നെ രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. കൂടുതല്‍ സഹായം എത്തുന്നതു വരെ സൈനികര്‍ക്ക് ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കേണ്ടി വന്നു.