മാഡ്രിഡ്: ചെല്‍സിക്കെതിരായ അതിനിര്‍ണായക യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മെസിയും സംഘവും ലണ്ടനിലെത്തി. ലാലീഗയില്‍ ഇന്നലെ ഐബറിനെതിരെ നേടിയ രണ്ട് ഗോളിന്റെ ആശ്വാസ ജയത്തോടെയാണ് ബാര്‍സ ലണ്ടനിലെത്തിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മത്സരം.
കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും സമനില വഴങ്ങിയ ശേഷമാണ് ഐബറിനെതിരെ കാറ്റാലന്‍സ് മികച്ച വിജയം നേടിയത്. ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യംവെക്കുന്ന ബാര്‍സക്ക് നിര്‍ണായക പോരാട്ടമാണ് നാളെ നടക്കുന്നത്. ലിയോ മെസി, ലൂയിസ് സുരാവസ്, ഫിലിപ്പോ കുട്ടീന്യോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ബാര്‍സയുടെ പ്രതീക്ഷകളാണ്. മൂന്ന് പേരും നല്ല ഫോമില്‍ കളിക്കുമ്പോല്‍ ചെല്‍സി ക്യാമ്പില്‍ ആശങ്കകളുണ്ട്.
ഐബറിനെതിരായ മത്സരത്തില്‍ ലിയോ മെസിയുടെ സുന്ദരമായ പാസില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. മികച്ച ഫിനിഷിങിലൂടെ ലൂയിസ് സുവാരസ് ആദ്യ ഗോള്‍ നേടിയത്. മല്‍സരാവസാനത്തില്‍ ജോര്‍ദി ആല്‍ബ രണ്ടാം ഗോള്‍ നേടി. മല്‍സരത്തിന്റെ അറുുപത്തിയാറാം മിനുട്ടില്‍ ഐബറിന് അവരുടെ മധ്യനിരക്കാരന്‍ ഫാബിയാന്‍ ഒര്‍ലാനയെ നഷ്ടമായിരുന്നു. തുടര്‍ച്ചയായി രണ്ട് കാര്‍ഡ് കണ്ട് ഒര്‍ലാന ചുവപ്പുമായി പുറത്തായപ്പോള്‍ മെസിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിതെറിക്കുന്നതും കണ്ടു. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ പത്ത് പോയന്റിന്റെ വ്യക്തമായ ലീഡാണ് ബാര്‍സ ലാലീഗയില്‍ നേടിയിരിക്കുന്നത്.